കോവിഡ് കേസുകൾ ഉയരുന്നു; ആന്‍റിജൻ ടെസ്റ്റിന് അംഗീകാരം നൽകി തായ്‍വാൻ
text_fieldsതായ്‌പെയ്: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിനിടെ രോഗനിർണയത്തിന് ആന്‍റിജൻ ടെസ്റ്റ് അംഗീകരിച്ച് തായ്‍വാൻ. ആന്‍റിജനിൽ പോസിറ്റീവായാൽ കോവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുമെന്ന് തായ്‍വാൻ രോഗനിർണയ ഏജൻസി അറിയിച്ചു.
ലോകത്ത് കോവിഡ് പടർന്നതിന് ശേഷം കുറവ് കേസുകൾ രേഖപ്പെടുത്തിയ രാജ്യമായിരുന്നു തായ്‍വാൻ. 2020ൽ കോവിഡിന്‍റെ ആദ്യ 200 ദിവസങ്ങളിൽ ഒരു കേസ് പോലും ഈ ദ്വീപ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. 2021ഓടെയാണ് തായ്‍വാനിൽ കോവിഡ് കേസുകൾ വർധിച്ചത്.
ബുധനാഴ്ച 81,852 കേസുകളും 104 മരണവും തായ്‍വാനിൽ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,640,271 പേർക്ക് കോവിഡ് ബാധിച്ചു.
കോവിഡിനോടനുബന്ധിച്ച് വലിയ നിയന്ത്രണങ്ങൾ തായ്‍വാൻ ഏർപ്പെടുത്തുന്നതും ആദ്യമാണ്. കേസുകൾ കൂടിയതിന് ശേഷം 2,479 കമ്പനികൾ ഉത്പാദനം കുറയ്ക്കുകയും തൊഴിലാളികളെ ശമ്പളരഹിത അവധിയിൽ വിടുകയും ചെയ്തു. ഏപ്രിലിൽ തൊഴിലില്ലായ്‍മ നിരക്ക് 3.62 ശതമാനമായിരുന്നെന്ന് സ്ഥിതിവിവരക്കണക്ക് അതോറിറ്റി പറയുന്നു. 4,29,000 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്.