മധുരം കഴിക്കുന്നതല്ല പ്രശ്നം, ഈ ശീലങ്ങളാണ് പല്ലിന് അപകടം
text_fieldsഉത്സവകാലത്ത് മധുരപലഹാരങ്ങളും ചോക്ലേറ്റുകളും പലഹാരങ്ങളുമെല്ലാം ഒഴിവാക്കുക എളുപ്പമല്ല. എന്നാൽ, എത്രത്തോളം മധുരം കഴിക്കുന്നു എന്നതിനൊപ്പം എപ്പോഴാണ് കഴിക്കുന്നത് എന്നതും പല്ലിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്. ദിവസം മുഴുവൻ ഇടക്കിടെ മധുരം കഴിക്കുന്ന ശീലം പല്ലിൽ പോടുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ആഘോഷങ്ങളുടെ രുചി ആസ്വദിക്കുമ്പോഴും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ചില ഭക്ഷണശീലങ്ങൾ പിന്തുടരണമെന്ന് ദന്തരോഗ വിദഗ്‌ധർ പറയുന്നു.
വായിലുള്ള ബാക്ടീരിയകൾ പഞ്ചസാര ഉപയോഗിച്ച് ആസിഡ് ഉൽപാദിപ്പിക്കുകയും ഇത് കാലക്രമേണ പല്ലിന്റെ പുറംപാളിയായ ഇനാമലിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഉത്സവകാലത്ത് മധുരം കൂടുതലായി കഴിക്കുന്നത് പല്ലിൽ പോടുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. എന്നാൽ, മധുരം പൂർണമായി ഒഴിവാക്കാതെ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടസാധ്യത കുറക്കാനാകും.
ദിവസം മുഴുവൻ ഇടവിട്ട് മധുരം കഴിക്കുന്നതിന് പകരം പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോൾ വായിൽ ഉമിനീർ ഉൽപാദനം കൂടും. ഇത് ആസിഡിന്റെ പ്രവർത്തനം കുറക്കാനും ഭക്ഷണാവശിഷ്ടങ്ങൾ നീക്കാനും സഹായിക്കും. കാരമൽ ചേർത്ത മധുരപലഹാരങ്ങൾ, ചിക്കി, ചില ഉണക്കിയ പഴ വിഭവങ്ങൾ എന്നിവ പല്ലിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇവയിലെ പഞ്ചസാര കൂടുതൽ നേരം പല്ലുകളിൽ തങ്ങിനിൽക്കുകയും ചെയ്യും. ഇത്തരം പലഹാരങ്ങൾ പൂർണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും കഴിക്കുന്നതിന്റെ അളവും ആവർത്തനവും കുറക്കണം. പല്ലിൽനിന്ന് എളുപ്പം നീങ്ങുന്ന മധുരപലഹാരങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
മധുരം കഴിച്ചശേഷം വെള്ളം കുടിക്കുന്നത് വായിലെ പഞ്ചസാരയുടെ അംശം കുറക്കാനും ഉപകരിക്കും. പ്രധാന ഭക്ഷണത്തിനുശേഷം ചീസ്, പഞ്ചസാര ചേർക്കാത്ത തൈര്, നട്സ്, നാരുകളുള്ള പച്ചക്കറികൾ തുടങ്ങിയവ കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ചീസിലെ കാൽസ്യം പല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം ഉമിനീർ ഉൽപാദനത്തെയും ഉത്തേജിപ്പിക്കും. നട്സിൽ പോഷകങ്ങൾ ധാരാളമുണ്ട് കൂടാതെ സാധാരണ മധുരപലഹാരങ്ങളെപ്പോലെ പഞ്ചസാരയും കൂടുതലില്ല. ഇവയോടൊപ്പം തന്നെ കൃത്യമായി പല്ലു വൃത്തിയാക്കുന്നതും പ്രധാനമാണ്.
ദിവസത്തിൽ രണ്ടുതവണ, ഓരോ തവണയും രണ്ടു മിനിറ്റ് വീതം പല്ലുതേക്കണം. തിരക്കേറിയ ദിവസങ്ങളിലും ഈ ശീലം തുടരേണ്ടത് പ്രധാനമാണ്. പല്ലുകൾക്കിടയിലെ ഭക്ഷണാവശിഷ്ടങ്ങൾ നീക്കാൻ ഫ്ലോസിങ്ങും ശീലമാക്കാം.

