പ്ലീഹക്ക് പകരം കരൾ മുറിച്ചുമാറ്റി, രോഗി മരിച്ചു; ഡോക്ടർക്കെതിരെ നരഹത്യക്കുറ്റം
text_fieldsഫ്ലോറിഡ: ശസ്ത്രക്രിയക്കിടെ തെറ്റായ അവയവം നീക്കം ചെയ്തതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നരഹത്യക്കുറ്റം ചുമത്തി. ഫ്ലോറിഡയിലാണ് സംഭവം. മിറാമർ ബീച്ചിലെ അസൻഷൻ സേക്രഡ് ഹാർട്ട് എമറാൾഡ് കോസ്റ്റ് ആശുപത്രിയിൽ 2024ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ശസ്ത്രക്രിയ തെറ്റായിപ്പോയി എന്നും ഇത് മരണത്തിന് കാരണമായെന്നും ഗ്രാൻഡ് ജൂറി കണ്ടെത്തി. ഡോ. തോമസ് ഷാക്നോവ്സ്കിക്കെതിരെയാണ് നരഹത്യക്കുറ്റം ചുമത്തിയത്.
അലബാമയിലെ മസിൽ ഷോൾസിൽനിന്നുള്ള 70 വയസുകാരൻ ബിൽ ബ്രയാൻ എന്ന രോഗിയാണ് രക്തംവാർന്ന് ശസ്ത്രക്രിയാ ടേബിളിൽ കിടന്ന് മരിച്ചതെന്ന് ഫോക്സ് റിപ്പോർട്ട് ചെയ്യുന്നു. സ്പ്ലീൻ അഥവാ പ്ലീഹ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയനാകാൻ എത്തിയതായിരുന്നു ബ്രയാൻ. ചെറിയ ശസ്ത്രക്രിയ മാത്രമായിരുന്നു അത്. എന്നാൽ ശസ്ത്രക്രിയക്കിടെ പ്ലീഹക്ക് പകരം രോഗിയുടെ കരൾ നീക്കം ചെയ്തെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് രക്തസ്രാവമുണ്ടാവുകയും രോഗി മരിക്കുകയും ചെയ്തു. ഇത് ഡോക്ടറുടെ അശ്രദ്ധമൂലം സംഭവിച്ചതാണെന്ന് തെളിഞ്ഞുവെന്നും മരണകാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് വ്യക്തമായതായും പ്രോസിക്യൂട്ടർ പറഞ്ഞു.
ബ്രയാന്റെ മരണശേഷം 2024ൽതന്നെ ഷാക്നോവ്സ്കിയുടെ മെഡിക്കൽ ലൈസൻസ് മെഡിക്കൽ ലൈസൻസിങ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. ആവർത്തിക്കുന്ന ശസ്ത്രക്രിയാ പിഴവുകളും രോഗികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും കണക്കിലെടുത്താണ് നടപടികൾ കൈക്കൊണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പും ഷാക്നോവ്സ്കിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. 2023ൽ അഡ്രിനൽ ഗ്രന്ഥിക്ക് പകരം രോഗിയുടെ പാൻക്രിയാസിന്റെ ഒരു ഭാഗം നീക്കം ചെയ്തെന്ന ആരോപണവും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. ഇതിന് വിചിത്രമായ മറുപടികളാണ് ഡോക്ടർ നൽകുന്നതെന്ന് അന്വേഷണസംഘം പറയുന്നു. ആവർത്തിച്ചുള്ള തെറ്റുകളും വ്യക്തമല്ലാത്ത വിശദീകരണങ്ങളും രോഗികൾക്ക് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഷാക്നോവ്സ്കി നിലവിൽ വാൾട്ടൺ കൗണ്ടി ജയിലിലാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ 15 വർഷം വരെ തടവ് ലഭിക്കുമെന്ന് സ്റ്റേറ്റ് അറ്റോർണി ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

