തിരുവനന്തപുരം: കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ച് ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അന്തിമഘട്ടത്തിലാണ്. ബാക്കിയുള്ളവർ എത്രയും വേഗത്തിൽ വാക്സിൻ സ്വീകരിക്കണം. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്സിനേഷനായിരിക്കും പ്രധാന്യം നൽകുകയെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി.