Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ചില ശീലങ്ങൾ...

text_fields
bookmark_border
മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ചില ശീലങ്ങൾ...
cancel

മുടി കൊഴിച്ചിൽ പലരിലും കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. മുടി കട്ടയായി കൊഴിയുകയോ അല്ലെങ്കിൽ കട്ടി കുറഞ്ഞു വരികയോ ചെയ്യുമ്പോൾ അത് ആത്മവിശ്വാസത്തെയും ബാധിക്കാം. ഹാർവാർഡിൽ പരിശീലനം നേടിയ പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. നീര നാഥൻ തന്റെ സ്വന്തം ജീവിതത്തിലുണ്ടായ ഒരു അനുഭവത്തിലൂടെ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് തനിക്ക് 50 ശതമാനത്തോളം മുടി നഷ്ടപ്പെടുകയും ക്രോണിക് ടെലജൻ എഫ്ലുവിയം, ആൻഡ്രോജെനെറ്റിക് അലോപെസിയ എന്നീ അവസ്ഥകൾ സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ മുടി വീണ്ടെടുക്കാൻ സഹായിച്ച ചില പ്രധാനപ്പെട്ട ശീലങ്ങളെക്കുറിച്ചും ദിനചര്യകളെക്കുറിച്ചും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുടി സംരക്ഷണത്തിൽ ഏറ്റവും പ്രധാനം സ്ഥിരതയാണെന്ന് ഡോക്ടർ ഊന്നിപ്പറയുന്നു. ഒറ്റ രാത്രികൊണ്ട് ഫലം കാണില്ലെങ്കിലും തെരഞ്ഞെടുത്ത ശീലങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് പ്രധാനം.

ആന്റി-ഡാൻഡ്രഫ് ഷാംപൂവിന്റെ ഉപയോഗമാണ് അവർ എടുത്തുപറഞ്ഞ ഒരു പ്രധാന ശീലം. തലയിലെ താരനും മുടി കൊഴിച്ചിലും കുറക്കാൻ ആഴ്ചയിൽ രണ്ടുതവണ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നത് ശീലമാക്കാൻ അവർ നിർദ്ദേശിക്കുന്നു. കൂടാതെ മുടിയുടെ അറ്റം പൊട്ടിപ്പോകുന്നത് തടയാനും ബലം നൽകാനും ആഴ്ചയിൽ ഒരിക്കൽ ഹെയർ മാസ്ക് ഉപയോഗിക്കുന്നതും നല്ലതാണ്. ഷാംപൂ ചെയ്ത ശേഷം മുടിയുടെ നടുഭാഗം മുതൽ അറ്റം വരെ ഇത് പുരട്ടാം.

മുടി വളർച്ചയെ സഹായിക്കുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ച ഓവർ-ദി-കൗണ്ടർ ഉൽപ്പന്നമായി അവർ ചൂണ്ടിക്കാണിക്കുന്നത് മിനോക്സിഡിൽ ആണ്. രാത്രികാലങ്ങളിൽ 5 ശതമാനം മിനോക്സിഡിൽ ഫോം നേരിട്ട് തലയോട്ടിയിൽ പുരട്ടാറുണ്ടെന്ന് അവർ പറയുന്നു. ലിക്വിഡിനെ അപേക്ഷിച്ച് ഫോം കൃത്യമായ അളവിൽ തലയോട്ടിയിൽ തേച്ചുപിടിക്കാൻ എളുപ്പമാണെന്നും അവർ അഭിപ്രായപ്പെടുന്നു. എങ്കിലും എല്ലാവർക്കും മിനോക്സിഡിൽ അനുയോജ്യമാകണമെന്നില്ല. മുടി കൊഴിച്ചിലിന്റെ യഥാർത്ഥ കാരണം കണ്ടെത്തി മാത്രമേ ഇത് ഉപയോഗിക്കാവൂ.

ഇതിനുപുറമേ എൽ.ഇ.ഡി അല്ലെങ്കിൽ ലോ-ലെവൽ ലേസർ തെറാപ്പിയും അവർ തന്റെ ദിനചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്. എൽ.ഇ.ഡി/ലേസർ ഹെൽമെറ്റോ കോമ്പോ ആഴ്ചയിൽ പലതവണ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്നും ഒപ്പം പെപ്റ്റൈഡുകൾ അടങ്ങിയ സിറമുകളും മൈക്രോനീഡ്‌ലിങ്ങും പരീക്ഷിച്ചിട്ടുണ്ടെന്നും ഡോ. നീര വ്യക്തമാക്കുന്നു.

മുടി സംരക്ഷണത്തിൽ ആഹാരക്രമത്തിനും വലിയ പങ്കുണ്ട്. ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും, വിറ്റാമിൻ ഡി, ഇരുമ്പ് എന്നിവയുടെ കുറവുകൾ പരിശോധിക്കുന്നതും പ്രധാനമാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു. ശരീരത്തിൽ ഇത്തരം പോഷകങ്ങളുടെ കുറവുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. അതുപോലെ ചൂടുള്ള സ്റ്റൈലിങ് ടൂളുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഹീറ്റ് പ്രൊട്ടക്ടറുകൾ ഉപയോഗിക്കാൻ ഒരിക്കലും മറക്കരുതെന്നും അവർ പറയുന്നു.

ഏറ്റവും പ്രധാനം സ്ഥിരതയാണെന്നാണ് ഡോ. നീര നാഥന്റെ പ്രധാന ഉപദേശം. എന്ത് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും അവ മാറി മാറി ഉപയോഗിക്കാതെ ചുരുങ്ങിയത് മൂന്നു മുതൽ ആറു മാസമെങ്കിലും ഒരേ രീതി പിന്തുടരുക. തനിക്ക് തന്നെ ഫലം കണ്ടുതുടരാൻ ഒരു വർഷത്തോളം സമയമെടുത്തുവെന്നും അവർ കൂട്ടിച്ചേർത്തു. മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അധ്യാപകിയുമാണ് ഡോ. നീര നാഥൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Some habits that help prevent hair loss
Next Story