ക്ഷാമം പരിഹരിക്കൽ; കുവൈത്തിൽ മരുന്ന് ഫാക്ടറി നിർമിക്കാൻ സർക്കാർ നീക്കം
text_fieldsകുവൈത്ത് സിറ്റി: മരുന്നുക്ഷാമം പരിഹരിക്കൽ, വിതരണം കാര്യക്ഷമമാക്കൽ എന്നിവയുടെ ഭാഗമായി കുവൈത്ത് മരുന്നുനിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ട്.
കുവൈത്ത് ഫ്ലോർ മിൽസ് കമ്പനിക്ക് സമാനമായി ഷെയർ ഹോൾഡിങ് കമ്പനിയായി പ്രാദേശിക ഫാർമസ്യൂട്ടിക്കൽ ഫാക്ടറി നിർമിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി മുതിർന്ന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിനും ഉടൻ ആരംഭിക്കുന്നതിനുമായി ആരോഗ്യ, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം നടന്നുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി ആരംഭിക്കുന്നതിനും അതിനായി ഭൂമി ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെയും സർക്കാർ പിന്തുണയ്ക്കുന്നതായി റിപ്പോർട്ടിലുണ്ട്. ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ സമാന മറ്റ് പ്രോജക്ടുകൾക്കും ഗുണകരമാകും.
പ്രാദേശികമായ ഫാർമസ്യൂട്ടിക്കൽ ആവശ്യം നിറവേറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. മരുന്നുകളുടെ സ്ഥിരത കൈവരിക്കുക, പ്രാദേശിക ഉൽപാദനത്തിലൂടെ പ്രധാന മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കുക എന്നിവയും ലക്ഷ്യമാണ്. മരുന്നുകളുടെ ഉൽപാദനം, വിതരണം എന്നിവ വഴി വ്യാപകമായി ഉപയോഗിക്കുന്നതും ക്ഷാമം നേരിടുന്നതുമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഉൽപാദനത്തിലൂടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉപയോഗത്തിൽനിന്ന് സ്വന്തം മരുന്നുകളിലേക്ക് മാറാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

