ഒറ്റ സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്! പഠന റിപ്പോർട്ട് പുറത്ത്
text_fieldsപ്രതീകാത്മക ചിത്രം
പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിൽ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുരുഷന്മാരുടെ ആയുസിൽ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്!
നേരത്തെ ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസിന്റെ 11 മിനിറ്റ് നഷ്ടപ്പെടുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ കൂടുതൽ വിശാലമായ പഠനത്തിലാണ് ഒരു സിഗരറ്റ് ശരാശരി 20 മിനിറ്റ് കൊല്ലുന്നുവെന്ന് കണ്ടെത്തിയത്. യു.കെയുടെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വകുപ്പാണ് പഠനത്തിന് നേതൃത്വം നൽകിയത്. പുകവലി ഉപേക്ഷിക്കുന്നവർക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
പുതുവർഷത്തിൽ പുകവലി ഉപേക്ഷിക്കുന്നവർക്ക് ആയുസിൽ എത്രദിവസം കൂട്ടാനാകുമെന്ന കണക്കും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ ജനുവരി ഒന്നിന് ഇത് നിർത്തിയാൽ എട്ടാം തീയതിയോടെ ഇയാൾക്ക് ആയുസിൽ ഒരു ദിവസം കൂടുതൽ കിട്ടുന്നു. ഫെബ്രവരി 20ഓടെ ഒരാഴ്ച കൂടുതൽ കിട്ടും. ആഗസ്റ്റ് അഞ്ചോടെ ഇത് ഒരു മാസമാകും. വർഷാവസാനത്തോടെ ജീവിതത്തിൽ പുതുതായി 50 ദിനങ്ങൾ അധികമായി കിട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മധ്യവയസ്കർ മുതൽ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതു പ്രായക്കാർക്കും പുകവലി നിർത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി പൂർണമായും ഉപേക്ഷിക്കണമെന്നും അകാല വാർധക്യവും മരണവും ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

