എസ്.എം.എ രോഗികൾക്ക് ആശ്വാസം; റിസ്ഡിപ്ലാം സൗജന്യ മരുന്ന് എല്ലാ ജില്ലകളിലും
text_fieldsതിരുവനന്തപുരം: എസ്.എം.എ ബാധിതർക്കുള്ള റിസ്ഡിപ്ലാം സൗജന്യ മരുന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളജുകൾ വഴി ലഭ്യമാക്കാൻ സർക്കാർ തീരുമാനം. ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. റിസ്ഡിപ്ലാം മരുന്നിന്റെ വികേന്ദ്രീകൃത വിതരണത്തിലൂടെ ചികിത്സയുടെ ലഭ്യതയും തുടർച്ചയും ഉറപ്പാക്കുന്നതിനൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന പുതിയ ആരോഗ്യപരിചരണ മാതൃകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുരളീധരൻ പറഞ്ഞു.
നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ എസ്.എം.എ ക്ലിനിക്കുകൾ വഴി മാത്രമാണ് സൗജന്യ മരുന്ന് വിതരണം ചെയ്യുന്നത്. ഇതിനായി ദൂരയാത്ര ചെയ്യേണ്ടിവരുന്നത് രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടും സാമ്പത്തികബാധ്യതയും സൃഷ്ടിക്കുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് എല്ലാ മെഡിക്കൽ കോളജുകളിലെയും പീഡിയാട്രിക് വിഭാഗം വഴി മരുന്ന് ലഭ്യമാക്കാൻ തീരുമാനിച്ചത്. നിലവിൽ 12 വയസ്സുവരെയുള്ളവർക്കാണ് സൗജന്യ മരുന്ന് ലഭിക്കുന്നത്.

