അർബുദ രോഗീപരിചാരകർക്ക് പിന്തുണയൊരുക്കി പതിനാറുകാരി
text_fieldsആവനി
ഇന്നു പലരെയും കാർന്നു തിന്നുന്ന അവസ്ഥയാണ് കാൻസർ. അർബുദ പരിചരണ രംഗത്ത് പല നൂതന ചികിത്സാ രീതികളും കടന്നുവരുന്നുണ്ടെങ്കിലും പരിഗണന കിട്ടാതെ അകന്നു നിൽക്കുന്ന ഒരു വിഭാഗം കൂടിയുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാർ അല്ലെങ്കിൽ പരിചരിക്കുന്നവർ.
ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു ആപ് നിർമിച്ചിരിക്കുകയാണ് പതിനാറുകാരി ആവനി രാധേശ്യാം. ബംഗളൂരു സ്വദേശിയായ ഈ 11ാം ക്ലാസുകാരി അർബുദ രോഗികളെ പരിചരിക്കുന്നവർക്ക് വൈകാരികവും, വൈദ്യശാസ്ത്രപരവുമായ പിന്തുണ ഉറപ്പാക്കാൻ രൂപവത്കരിച്ച ആപ്ലിക്കേഷനാണ് ഓങ്കോ കെയർ ഗിവർ.
കാൻസർ രോഗികളായ മുത്തശ്ശിയെയും അമ്മായിയെയും മാതാപിതാക്കൾ പരിചരിക്കുന്നത് കണ്ടാണ് ഇതെത്രത്തോളം മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന കാര്യമാണെന്ന് ആവനി മനസ്സിലാക്കിയത്. ഉയർന്ന തോതിലുള്ള ഉത്കണ്ഠ, വിഷാദം, രോഗികളെ എങ്ങനെ പരിചരിക്കണമെന്ന ആശയക്കുഴപ്പം തുടങ്ങി നിരവധി മാനസിക സംഘർഷങ്ങളിലൂടെയാണ് ഇക്കൂട്ടർ കടന്നു പോകുന്നത്.
ഇതിനിടയിലും രോഗികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുകയും ചെയ്യുന്നു. പല കൂട്ടിരിപ്പുകാരും ഒറ്റപ്പെടലും അമിതഭാരവും അനുഭവിക്കുന്നതായി ആവനി താൻ നടത്തിയ സർവേയിൽനിന്നും മനസ്സിലാക്കി. രോഗികൾക്ക് ആവശ്യമുള്ളതുപോലെതന്നെ പിന്തുണ കൂട്ടിരിപ്പുകാർക്കും ആവശ്യമാണ്.
കാൻസർ ബാധിക്കുന്നത് രണ്ടു ജീവിതങ്ങളെയാണ്, രോഗിയുടെയും പരിചരിക്കുന്നവരുടെയും. എന്നാൽ, ഒരാൾക്ക് മാത്രമേ സഹായം ലഭിക്കുന്നുള്ളൂ എന്നാണ് ആവനി പറയുന്നത്.
ഈ പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാർഗമായിട്ടാണ് ആവനി ഓങ്കോ കെയർ ഗിവർ ആപ് രൂപകൽപന ചെയ്തത്. പരിചാരകർക്ക് മാനസിക പിന്തുണ നൽകാൻ മനഃശാസ്ത്രജ്ഞർ, ചികിത്സയെ പറ്റിയുള്ള വിവരങ്ങൾക്കായി കാൻസർ രോഗ പരിചരണ വിദഗ്ധൻ, പോഷകാഹാര വിദഗ്ധരുടെ നിർദേശ പ്രകാരമുള്ള കാൻസർ-നിർദിഷ്ട ഭക്ഷണ പദ്ധതികൾ, പിയർ-സപ്പോർട്ട് ചാറ്റ് ഗ്രൂപ് തുടങ്ങി നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് ആപ്.
ഇതിനു പുറമെ, ഓൺലൈൻ യോഗ, ധ്യാന ക്ലാസുകൾ, അടിയന്തര സഹായങ്ങൾ, സംശയ നിവാരണത്തിനായി ഓങ്കോളജിസ്റ്റുകളുടെ നിർദേശങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. പിന്നാക്കാവസ്ഥയിലുള്ള ഉപയോക്താക്കൾക്ക് പൂർണമായും സൗജന്യമാണ് സേവനങ്ങൾ.
2024 ഒക്ടോബറിൽ പുറത്തിറക്കിയ ഓങ്കോ കെയർഗിവർ ഒമ്പത് പ്രാദേശിക ഭാഷകളിൽകൂടി ലഭ്യമാക്കാനിരിക്കെയാണ് ആവനി. "ഈ ആപ് ഒരു ജീവൻ രക്ഷാമാർഗമാകാൻ ഉദ്ദേശിച്ചുള്ളതാണ്. കാൻസർ പോരാട്ടത്തിലെ വാഴ്ത്തപ്പെടാത്ത ഹീറോസാണ് പരിചാരകർ. അവർ ഇനി പിന്നിലല്ല" ആവനി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.