Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷിഗല്ല ആശങ്കയല്ല, വേണ്ടത് ജാഗ്രത

text_fields
bookmark_border
സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ എ​ത്തും
ഷിഗല്ല ആശങ്കയല്ല, വേണ്ടത് ജാഗ്രത
cancel

സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് യു.പി. സ്കൂളിലെ കുട്ടികൾ ഛർദിയും വയറിളക്കവുമായി കൂട്ടത്തോടെ ചികിത്സക്കെത്തിയ സംഭവത്തിൽ ആശങ്ക. ആശുപത്രിയിൽ എത്തിയ രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെയാണിത്. മാനന്തവാടി ഗവ. മെഡിക്കൽ കോളജിലേക്ക് തുടക്കത്തിൽ അഞ്ച് കുട്ടികളുടെ രക്തം, ഉമിനീർ എന്നിവയാണ് പരിശോധനക്ക് അയച്ചിരുന്നത്.

ഇതിൽ രണ്ട് കുട്ടികൾക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ അഞ്ചുദിവസം മുമ്പ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി അവിടെനിന്ന് ഡിസ്ചാർജായി പോയിരുന്നു. ഡിസ്ചാർജ് ആകും മുമ്പാണ് ഇവരുടെ സാമ്പിൾ പരിശോധനക്ക് അയച്ചത്. അതിനാൽ ഈ കുട്ടിയെ കണ്ടെത്തി തുടർന്ന് നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. സിന്ധു പറഞ്ഞു.

പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗനിരീക്ഷണവും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളും ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തണം.

നിലവിൽ 59 കുട്ടികൾ ചികിൽസയിൽ

നിലവിൽ 59 കുട്ടികളാണ് ചികിത്സയിലുള്ളത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ 21 കുട്ടികളുണ്ട്. സുൽത്താൻ ബത്തേരിയിലെ വിനായക ആശുപത്രിയിൽ10, അസംപ്ഷൻ 11, അമ്പലവയൽ മാർട്ടിൻ 10, മറീന അഞ്ച്, സുൽത്താൻ ബത്തേരി വിക്ടറി- രണ്ട് എന്നിങ്ങനെയാണ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം. തിങ്കളാഴ്ച അഞ്ച് കുട്ടികളാണ് പുതിയതായി ചികിത്സ തേടിയത്. അതേസമയം, തിങ്കളാഴ്ച 49 കുട്ടികൾ ആശുപത്രി വിടുകയുണ്ടായി. ഇതിൽ 24 പേർ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഡിസ്ചാർജ്ജായത്. രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ സുൽത്താൻ ബത്തേരിയിൽ ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം ആരോഗ്യമന്ത്രി കെ. മുരളീധരൻ എത്തും.

ശുചിത്വം പാലിക്കാം, രോഗമകറ്റാം

ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റ് വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുള്ള ഒന്നായതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം.

ലക്ഷണങ്ങൾ

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം:

  • കടുത്ത പനിയോടുകൂടിയ വയറിളക്കം.
  • മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക.
  • കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടുത്തവും.
  • ഓക്കാനം, ഛർദ്ദി.
  • കടുത്ത ക്ഷീണം, ശരീരവേദന.
  • എപ്പോഴും മലവിസർജ്ജനം നടത്താനുള്ള അമിതമായ തോന്നൽ.

പകരുന്ന വിധം

  • രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.
  • രോഗിയുടെ വിസർജ്യത്തിൽ നിന്നുള്ള ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിൽ എത്തുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
  • വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം.
  • തുറസ്സായ സ്ഥലങ്ങളിലെ വിസർജ്ജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.

പ്രതിരോധ മാർഗങ്ങൾ

  • ആഹാരം പാകം ചെയ്യുന്നതിന് മുൻപും ഭക്ഷണം കഴിക്കുന്നതിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
  • ഭക്ഷണം എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായും ഒഴിവാക്കുക.
  • പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികൾക്ക് പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രദ്ധിക്കുക.
  • രോഗലക്ഷണങ്ങളുള്ള ആളുകളുടെ വ്യക്തിഗത സാധനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായ രീതിയിൽ മാത്രം സംസ്കരിക്കുക.
  • വ്യക്തിശുചിത്വവും ഭക്ഷണ- കുടിവെള്ള ശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക.
  • കുട്ടികളിലും വയോജനങ്ങളിലും നിർജലീകരണം പ്രധാന അപകടസാധ്യതയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shigella is not a concern, but caution is needed
Next Story