ബാക്ടീരിയക്കെതിരായ ചികിത്സയിൽ തിരിച്ചടി; ഗുജറാത്തിൽ 82 ശതമാനം ബാക്ടീരിയകളും മരുന്നിനെ പ്രതിരോധിക്കുന്നതായി പുതിയ പഠനം
text_fieldsഅഹമദാബാദ്: ബാക്ടീരിയക്കെതിരായ ചികിത്സയിൽ തിരിച്ചടി; ഗുജറാത്തിൽ പരിശോധിച്ച സാമ്പിളുകളിൽ 82 ശതമാനം ബാക്ടീരിയകളും മരുന്നിനെ പ്രതിരോധിക്കുന്നതായി പുതിയ പഠനം. പല മാരക രോഗങ്ങൾക്കും മരുന്ന് നൽകാൻ കഴിയാത്ത പ്രതിസന്ധിയിലേക്കാണ് ഇത് ഡോക്ടർമാരെ തള്ളിവിടുന്നത്.
ഗുജറാത്തിലെ ബയോ ടെക്നോളജി റിസർച്ച് സെന്റർ പരിശോധിച്ചതിൽ 70,000 ഇത്തരം ഒറ്റപ്പെട്ട അതിസൂക്ഷ്മ ഘടകങ്ങളെ കണ്ടെത്തി. ജനുവരി മുതൽ നവംബർ വരെ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും നിന്ന് ലഭിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.
ക്ലെബ്സിയെല്ലാ ന്യൂമോണിയേ, ഇ-കൊളൈ എന്നീ ബാക്ടീരിയകളാണ് ആകെയുള്ള ആന്റി മൈക്രോബിയൽ പ്രതിരോധത്തിനും കാരണമെന്നാണ് കണ്ടെത്തൽ. രക്ത സാമ്പിളുകളിലാണ് ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ കണ്ടെത്തിയത്. തുടർന്ന് മൂത്രം, പാൽ, പഴുപ്പ്, അഴുക്കുവെള്ളം എന്നിവയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി.
ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കണക്കുകൾ പുറത്തുവിട്ടത്. ലേകാരോഗ്യ സംഘടനയുടെ പദ്ധതിയാണിത്.
കൃത്യമായ പരിശോധന ഇല്ലാതെ പനിക്കും ചെറുരോഗങ്ങൾകും മറ്റും അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണെന്ന് വിദഗ്ധർ പറയുന്നു. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം പ്രതിരോധ ബാക്ടീരിയകളുടെ പരിണാമത്തിനും കാരണമാകുന്നതായി വിദ്ഗധർ മുന്നറിയിപ്പു തരുന്നു.
മനുഷ്യരെപ്പോലെ വളർത്തു ജീവികൾക്കും അമിതമായി ആന്റി ബയോട്ടിക്കുകൾ നൽകുന്നത് സമാനമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും ഇവർ പറയുന്നു.
ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ആക്ഷൻ പ്ലാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പുറത്തിറക്കി. ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ശസ്ത്രക്രിയകൾക്കും കാൻസർ ചികിൽസയിലും ഉൾപ്പെടെ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗവും അനാവശ്യ ഉപയോഗവും ഇതിന് ആക്കം കൂട്ടിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

