Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ പ്ലേഗ് ലാബ് ടെക്നീഷ്യന്റെ മരണം: ആശങ്ക, വിശദീകരണം തേടി ലോകാരോഗ്യ സംഘടന

text_fields
bookmark_border
റഷ്യൻ പ്ലേഗ് ലാബ് ടെക്നീഷ്യന്റെ മരണം: ആശങ്ക, വിശദീകരണം തേടി ലോകാരോഗ്യ സംഘടന
cancel

മോസ്കോ: റഷ്യയിലെ ഇർകുത്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി ജീവനക്കാരി കടുത്ത ന്യൂമോണിയ ബാധിച്ച് മരിച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വിശദീകരണം തേടി. പ്ലേഗ് ലബോറട്ടറി ജീവനക്കാരിയുടെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ ഇതിൽ കൂടുതൽ വിശദീകരണം തേടിയത്.

ലാബ് ടെക്നീഷ്യനായ 28-കാരി ഡാരിയ ഷിപിലോവയാണ് ഈ മാസം രണ്ടിന് മരിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്ന് സെപ്റ്റംബർ 29-ഓടെ ആശുപത്രിയിലാവുകയും ഒക്ടോബർ 2-ന് മരിക്കുകയും ചെയ്തു.

മാധ്യമ വാർത്തകൾ വന്നത് മുതൽ കേസ് നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇർകുത്സ്ക് ഒബ്ലാസ്റ്റിൽ അടുത്തിടെ പ്ലേഗ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റഷ്യൻ ആരോഗ്യ അധികൃതർ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയും പ്രതിരോധ-നിയന്ത്രണ നടപടികൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്നും, സമ്പർക്കം പുലർത്തിയവരിൽ രോഗാണുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് റഷ്യ അറിയിച്ചത്. വിഷയത്തിൽ റഷ്യയിൽ നിന്ന് കൂടുതൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലബോറട്ടറിയിൽ നിന്നുള്ള സമ്പർക്കത്തിലൂടെ ഇവർക്ക് ന്യൂമോണിക് പ്ലേഗ് ബാധിച്ചിരിക്കാമെന്നാണ് ആശങ്ക. എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ റഷ്യൻ അധികൃതർ രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പ്ലേഗ്, മറ്റ് അപകടകാരികളായ രോഗാണുക്കൾ എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന സൈബീരിയ ആൻഡ് ഫാർ ഈസ്റ്റിലെ ഇർകുത്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അവർ ജോലി ചെയ്തിരുന്നത്.

യുവതിയുമായി സമ്പർക്കമുണ്ടായിരുന്ന ഡസൻ കണക്കിന് ആളുകളെ അധികൃതർ നിരീക്ഷണത്തിലാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ഇരുന്നൂറോളം പേർ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില ആശുപത്രികളും വാർഡുകളും താൽക്കാലികമായി അടച്ചു. പകർച്ചവ്യാധി സാഹചര്യം നിയന്ത്രണവിധേയമാണെന്നും സമ്പർക്കപ്പട്ടികയിലെ പലരെയും പരിശോധനകൾക്ക് ശേഷം വിട്ടയച്ചതായും അധികൃതർ അറിയിച്ചു.

മരണകാരണം പ്ലേഗ് തന്നെയോ?

ലബോറട്ടറിയിൽ വച്ച് അബദ്ധത്തിൽ രോഗാണുബാധയേറ്റതാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പ്ലേഗിന് കാരണമാകുന്ന യെർസിനിയ പെസ്റ്റിസ് (Yersinia pestis) എന്ന ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് സെപ്റ്റംബർ 25-ഓടെ പൊട്ടിയതായും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റഷ്യയുടെ വിശദീകരണം

മരണകാരണം വ്യക്തമല്ലെന്നാണ് റഷ്യയുടെ വിശദീകരണം. രോഗകാരികളായ സൂക്ഷ്മാണുക്കൾ ഉൾപ്പെട്ട ലബോറട്ടറി അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക

സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ പെട്ടെന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയത്തിൽ റഷ്യ കൂടുതൽ വിവരങ്ങൾ നൽകണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്ക ഈ സാഹചര്യത്തെ വളരെ ഗൗരവമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Russian lab death- WHO seeks report
Next Story