ലാബിലെ തകർന്ന ടെസ്റ്റ് ട്യൂബിൽ നിന്നും പ്ലേഗ് ബാധിച്ച് യുവ ഗവേഷക മരിച്ചു; 200 ലധികം പേർ നിരീക്ഷണത്തിൽ, അഞ്ച് ആശുപത്രികൾ അടച്ചു
text_fieldsദാര്യ ഷിപിലോവ
മോസ്കോ: റഷ്യയിലെ സൈബീരിയൻ പ്രദേശമായ ഇർകുത്സ്കിൽ ലബോറട്ടറിയിൽ ടെസ്റ്റ് ട്യൂബ് തകർന്ന് പ്ലേഗ് ബാധിച്ച് 28 കാരിയായ ഗവേഷക ദാര്യ ഷിപിലോവ ദാരുണമായി മരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് അഞ്ച് ആശുപത്രികൾ അടച്ചുപൂട്ടുകയും ഇവർക്കൊപ്പം സമ്പർക്കത്തിൽ വന്ന ഇരുനൂറിലധികം ആളുകളെ കർശന നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ശെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവൻ അപകടത്തിലാക്കുന്ന ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ തകർന്നു വീഴുകയായിരുന്നുവെന്ന് യുവതി സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. തുടർന്ന് കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് സെപ്റ്റംബർ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഒക്ടോബർ ഒന്നിന് മരിക്കുകയായിരുന്നു.
അതീവ ഗുരുതരമായ സാഹചര്യത്തെ തുടർന്ന് ഇർകുത്സ്ക് മേഖലയിൽ പൊതുപരിപാടികൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. രോഗബാധയേറ്റ യുവതിയുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആളുകളെയും കണ്ടെത്തി കൃത്യമായ പരിശോധനകൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ ആരോഗ്യ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.
ന്യൂമോണിക് പ്ലേഗ് മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ അണുബാധക്ക് കാരണമാകാവുന്ന രോഗമാണ്. എന്നാൽ ഇർകുട്സ്കിലെ യുവതിയുടെ മരണത്തിന് ഇതുതന്നെയാണോ കാരണം എന്നതിൽ നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. രോഗബാധയുടെ സാധ്യതയും സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്.
ഇതിനിടെ സംഭവത്തിൽ ഔദ്യോഗിക വിവരങ്ങൾ തേടി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രംഗത്ത് വന്നിട്ടുണ്ട്. റഷ്യയിലുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കൃത്യസമയത്ത് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ ആരംഭിച്ചാൽ ന്യുമോണിക് പ്ലേഗ് പൂർണമായും ഭേദമാക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. രോഗബാധ സംശയിക്കുന്ന സാഹചര്യങ്ങളിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നാണ് സി.ഡി.സിയുടെ നിർദേശം. വിദേശ യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർ സുരക്ഷാ മുന്നറിയിപ്പുകൾക്കായി 'സ്റ്റെപ്പ്' പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

