Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗര്‍ഭാശയമുഖ അര്‍ബുദം രക്തപരിശോധനയിൽ കണ്ടെത്താം; പ്രതീക്ഷയുടെ പുതുവഴിയുമായി ആർ.ജി.സി.ബി.

text_fields
bookmark_border
ഗര്‍ഭാശയമുഖ അര്‍ബുദം രക്തപരിശോധനയിൽ കണ്ടെത്താം; പ്രതീക്ഷയുടെ പുതുവഴിയുമായി   ആർ.ജി.സി.ബി.
cancel

തിരുവനന്തപുരം: ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ രോഗനിർണ്ണയം സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കുന്നതിനായി ബ്രിക്-രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർ.ജി.സി.ബി) ഗവേഷകർക്ക് ഏഴു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചു. ഇതിലൂടെ ഗർഭാശയമുഖ അർബുദം പ്രാരംഭ ഘട്ടത്തിൽത്തന്നെ കണ്ടെത്താൻ സഹായിക്കും. സങ്കീർണ്ണമായ ബയോപ്സി പരിശോധനകളോ വിദഗ്ദ്ധരുടെ നേരിട്ടുള്ള മേൽനോട്ടമോ ഇല്ലാതെ തന്നെ രോഗം കണ്ടെത്താനാവുന്ന സാങ്കേതികവിദ്യയാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

രക്തത്തിലെ 'പൈ ആർ.എൻ.എ' ബയോമാർക്കറുകളെ അടിസ്ഥാനമാക്കിയാണ് ഉപകരണം പ്രവർത്തിക്കുന്നത്. 'നാനോപോർ ടെക്നോളജി' എന്ന തന്മാത്രാ പരിശോധനാ രീതി ഉപയോഗിച്ച് ഈ സൂചകങ്ങളെ കൃത്യതയോടെ വിശകലനം ചെയ്യാനാകും. സങ്കീർണ്ണമായ പരിശീലനം ആവശ്യമില്ലാത്തതും വേഗത്തിൽ പ്രവർത്തിപ്പിക്കാവുന്നതുമായ ഒരു സംവിധാനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.

അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്നിവയുടെ കൂട്ടായ്മയായ 'മഹാ മെഡ്‌ടെക് മിഷൻ' വഴിയാണ് ഈ ധനസഹായം അനുവദിച്ചിട്ടുള്ളത്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കാർക്കിനോസ് ഹെൽത്ത്‌കെയർ', തിരുവനന്തപുരത്തെ 'ഇൻഡ്സിറ്റ ബയോടെക്' എന്നീ സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി പങ്കാളികളായാണ് ആർ.ജി.സി.ബി. ഈ റിസർച്ച് പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകുന്നത്.

ഡോ. ജാക്സൺ ജെയിംസ്, ഡോ. അനി വി. ദാസ്, ഡോ. മഹേന്ദ്രൻ കെ. ആർ. എന്നീ ശാസ്ത്രജ്ഞരടങ്ങുന്ന ടീമാണ് ഈ നിർണ്ണായക ഗവേഷണത്തിന് പിന്നിൽ.

നിലവിൽ പേറ്റന്റ് നേടിയിട്ടുള്ള ഈ സാങ്കേതികവിദ്യ കോശങ്ങളിലും എലികളിലും നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. മനുഷ്യരിൽ നിന്നുള്ള രക്തസാമ്പിളുകൾ ഉപയോഗിച്ചുള്ള പഠനങ്ങളും ലാബിൽ പൂർത്തിയായിക്കഴിഞ്ഞു. സാങ്കേതികവിദ്യയെ വിപണിയിൽ ലഭ്യമാകുന്ന രീതിയിലുള്ള ഉപകരണമാക്കി മാറ്റാനുള്ള പ്രോട്ടോടൈപ്പ് നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്.

രാജ്യമെമ്പാടുനിന്നും ലഭിച്ച ആയിരത്തിലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 33 പദ്ധതികളിൽ ഒന്നാണ് ആർ.ജി.സി.ബി.യുടേതെന്ന് ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ ഈ അംഗീകാരം സ്ഥാപനത്തിന് വലിയ അഭിമാനമാണെന്നും അവർ വ്യക്തമാക്കി.

പ്രത്യേക ലാബ് സൗകര്യങ്ങളുടെ ആവശ്യമില്ലാതെ സാധാരണക്കാർക്കും ലഭ്യമാകുന്ന സാങ്കേതികവിദ്യയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ. ജാക്സൺ ജെയിംസ് അറിയിച്ചു. പൂർണ്ണമായും വികസിപ്പിച്ചു കഴിയുമ്പോൾ, സാമ്പിളായി നൽകുന്ന രക്തം സ്വയം വിശകലനം ചെയ്ത് ഉപകരണം ഫലം നൽകും.

ഇന്ത്യൻ സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന ഗർഭാശയമുഖ അർബുദം പ്രാരംഭ ഘട്ടത്തിൽത്തന്നെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. നിലവിലുള്ള പരിശോധനാ രീതികൾ സങ്കീർണ്ണവും ചെലവേറിയതുമായതിനാൽ ഗ്രാമീണ മേഖലകളിൽ ഇവയുടെ ലഭ്യത കുറവാണ്. ഈ തടസ്സങ്ങൾ മറികടക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിൽ മുറിവുകളോ വേദനയോ ഉണ്ടാക്കാത്ത രീതിയിലാണ് പുതിയ പരിശോധനാ ക്രമം വികസിപ്പിച്ചിരിക്കുന്നതെന്ന് ഡോ. അനി വി. ദാസ് പറഞ്ഞു. അടിസ്ഥാന ലാബ് സൗകര്യങ്ങൾ മാത്രമുള്ള പ്രദേശങ്ങളിൽ പോലും രോഗനിർണ്ണയം വേഗത്തിലാക്കാൻ ഇത് സഹായിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cervical Cancer Detection via Blood Test: RGCB New Discovery
Next Story