എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ; ഇടുപ്പെല്ല് മാറ്റി സ്ഥാപിച്ചു
text_fields1 ജോസഫ് ഫയൽ ചിത്രത്തിൽ 2 ജോസഫ് അസ്റ്റാബുലർ പുനർ നിർമ്മാണ ശസ്ത്രക്രിയക്ക് ശേഷം 3 ജോസഫ് ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം
കൊച്ചി: അസ്ഥിരോഗ വിഭാഗത്തിൽ അപൂർവമായ ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ച് എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം. അസ്ഥിരോഗ വിഭാഗം മേധാവി പ്രഫ.ഡോ.ജോർജ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഒൻപതു വർഷം മുൻപ് റോഡ് അപകടത്തിൽ ഇടുപ്പെല്ല് പൂർണമായും ഒടിഞ്ഞ് ഇടുപ്പെല്ലിന്റെ കുഴ തെന്നിമാറിയ പറവൂർ ചെട്ടിക്കാട് സ്വദേശി ജോസഫി(53) നെയാണ് ഇടുപ്പെല്ല് അസറ്റാബുലർ പുനർനിർമാണ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായിരുന്ന ജോസഫ് കഴിഞ്ഞ ഒൻപത് വർഷമായി തൊഴിൽ ചെയ്യാനാകാതെ ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് പരസഹായം ഇല്ലാതെ നടക്കാനും ജോലി ചെയ്യാനും സാധിക്കുന്നുണ്ട്. ഇതേ അവസ്ഥ അനുഭവിക്കുന്നവർക്ക് എറണാകുളം മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം പ്രയോജനപ്രദമാകട്ടെ എന്ന് ജോസഫ് പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ സൗജന്യമായാണ് മെഡിക്കൽ കോളജിൽ നടത്തിയത്. അസ്ഥിരോഗ വിഭാഗം യൂനിറ്റ് ഒന്നിലെ ഡോ. മനീഷ് സ്റ്റീഫൻ, ഡോ. അഹമ്മദ് ഷഹീൽ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ പ്രഫ. ഡോ. അനിൽ കുമാർ, ഡോ. രാജേഷ് ദിനേശ്, ഡോ. അൻസാർ ഷാ, നഴ്സിംഗ് ഓഫീസർമാരായ ടി.ആർ. അജിത, സിവി പി. വർക്കി എന്നിവരും ഈ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

