ഒടുവിലവർ ജീവിതത്തിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങിയെത്തുന്നു
text_fieldsഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിലെ രോഗികൾക്കുള്ള പരിശീലന പദ്ധതിയിൽ നിന്ന്
ദോഹ: ജീവിതം നിലച്ചുവെന്നുറപ്പിച്ച്, ഭാഗ്യത്തിന്റെയും ചികിത്സയുടെയും പിന്തുണയോടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നവർക്ക് പുതുസ്വപ്നങ്ങൾക്ക് കൈത്താങ്ങാവുന്ന സംവിധാനമാണ് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ക്യൂ.ആർ.ഐ) റിട്ടേൺ ടു വർക് പദ്ധതി.
ഹമദ് മെഡിക്കൽകോർപറേഷനു കീഴിലെ ക്യൂ.ആർ.ഐയുടെ പദ്ധതികളിലൂടെ അങ്ങനെ തൊഴിലെടുക്കാനും പഠനത്തിലേക്കും തിരികെയെത്തിയവർ നൂറിലേറെയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. 124 പേരാണ് ക്യു.ആർ.ഐയുടെ ഡെയ്ലി റിഹാബിലിറ്റേഷൻ യൂനിറ്റിന്റെ ഭാഗമായ റിട്ടേൺ ടു വർക്ക് പ്രോഗ്രാമിലൂടെ പൂർവ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
2021ലാണ് റിട്ടേൺ ടു വർക്ക് പ്രോഗ്രാമിന് രൂപം നൽകിയത്. ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ കീഴിൽ ഫിസിക്കൽ തെറപ്പി, വൊക്കേഷണൽ തെറപ്പി, സൈക്കോളജിക്കൽ തെറപ്പി എന്നിവ ഉൾപ്പെടുന്നതാണ് റിട്ടേൺ ടു വർക്ക് പ്രോഗ്രാമെന്ന് ക്യൂ.ആർ.ഐ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ വിഭാഗം കൺസൾട്ടന്റും ആക്ടിങ് ചെയർപേഴ്സണുമായ ഡോ. ഫാതിമ അൽ കുവാരി പറഞ്ഞു.
പരിക്കുകൾ, അപകടങ്ങൾ, മസ്തിഷ്കാഘാതം എന്നിവ സംഭവിച്ച്, ഗുരുതരാവസ്ഥയിലാവുന്നവർ എന്നിവർ ചികിത്സ തേടി സുഖം പ്രാപിച്ച ശേഷമാണ് റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിചരണത്തിലൂടെ ആരോഗ്യ നില മെച്ചപ്പെടുത്തി പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
പ്രോഗ്രാമിന് കീഴിലെ സമഗ്രമായ പുനരധിവാസ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ ശേഷം പൂർവ ജോലികളിലേക്ക് മടങ്ങാൻ കഴിയുന്നു. അല്ലെങ്കിൽ അവരുടെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ബദൽ ജോലികൾ കണ്ടെത്തുന്നതിനും റീഹാബ് സഹായിക്കുന്നതായി ഡോ. ഫാതിമ അൽ കുവാരി ചൂണ്ടിക്കാട്ടി.
ചികിത്സയും പുനരധിവാസവും വിജയകരമായി പൂർത്തിയാക്കി പഠനത്തിലേക്ക് മടങ്ങിയ ചില വിദ്യാർഥികളും ഈ പ്രോഗ്രാമിലുൾപ്പെട്ടതായി അവർ സൂചിപ്പിച്ചു. അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹവിദ്യാർഥികളെ പരിഗണനയുള്ളവരായി സജ്ജമാക്കുന്നതിനുമായി സ്കൂളുകളുമായും സർവകലാശാലകളുമായും ബന്ധപ്പെട്ടിരുന്നുവെന്നും അൽ കുവാരി വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് റിട്ടേൺ ടു വർക്ക് പ്രോഗ്രാം നടക്കുകയെന്ന് ഫിസിക്കൽ തെറപ്പിസ്റ്റ് ഇസ്ലാം ബക്രി പറഞ്ഞു.
വൊക്കേഷനൽ റിഹാബിലിറ്റേഷൻ പ്രോഗ്രാമാണ് ആദ്യഘട്ടം. തൊഴിലധിഷ്ഠിത കഴിവുകളിൽ രോഗികളെ പരിശീലിപ്പിക്കുന്നതാണിത്. രണ്ടാം ഘട്ടത്തിൽ ട്രാൻസിഷനൽ വർക്ക് പ്രോഗ്രാമാണ്. ആദ്യഘട്ടം പൂർത്തിയാക്കി ട്രാൻസിഷനൽ വർക്ക് പ്രോഗ്രാമിന് യോഗ്യരായ എല്ലാ രോഗികളും യൂനിറ്റിൽ പുനരധിവാസം തുടരും.
പിന്നീട് ഡേകെയർ റിഹാബിലിറ്റേഷൻ ടീം ജോലിസ്ഥലം സന്ദർശിക്കുകയും തൊഴിൽ അന്തരീക്ഷം വിലയിരുത്തുകയും ആവശ്യമായ തൊഴിൽ വൈദഗ്ധ്യം തിരിച്ചറിയും ചെയ്യുന്നു. ഇതിനെ അടിസ്ഥാനമാക്കി രോഗിയുടെ പുനരധിവാസ പദ്ധതി പുതുക്കുന്നതോടൊപ്പം ആവശ്യമായ ശിപാർശകളും ജോലിസ്ഥലത്തെ സൗകര്യങ്ങളും നൽകുകയും ചെയ്യുന്നു -ഇസ്ലാം ബക്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

