ഖത്തർ; പുതുമയോടെ ആരോഗ്യ വെബ്സൈറ്റ്
text_fieldsദോഹ: ആരോഗ്യമേഖലയുടെ മാറ്റങ്ങൾക്കും മികവിനുമൊപ്പം ന്യൂജൻ ലുക്കിൽ പുതിയ വെബ്സൈറ്റ് അവതരിപ്പിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങി ഖത്തറിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സമീപകാലത്തെ മാറ്റങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് വെബ്സൈറ്റിന്റെ പുതിയ ഡിസൈൻ.
ഖത്തറിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മാറ്റങ്ങൾ ശ്രദ്ധേയമാണെന്നും സമാനതകളില്ലാത്ത പരിവർത്തന പരിപാടികളിലൂടെ രാജ്യത്തിന്റെ വികസനത്തിന് പിന്തുണ നൽകുന്നതിൽ ആരോഗ്യ പരിപാലന മേഖല അതിന്റെ പങ്കുവഹിച്ചിട്ടുണ്ടെന്നും പബ്ലിക് ഹെൽത്ത് കമ്യൂണിക്കേഷൻ മന്ത്രിയുടെ ഉപദേഷ്ടാവും ഹെൽത്ത് കെയർ കമ്യൂണിക്കേഷൻസ് സുപ്രീം കമ്മിറ്റി ചെയർമാനുമായ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു.
‘നിങ്ങൾക്കൊപ്പം നിങ്ങൾക്കായ്’ എന്ന തലക്കെട്ടിൽ നടത്തുന്ന വിപുലമായ ബോധവത്കരണ കാമ്പയിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.
പൊതുജനാരോഗ്യ പരിരക്ഷ സംവിധാനത്തിന്റെ ഗുണമേന്മയും പുരോഗതിയും ഉയർത്തിക്കാട്ടുക, സമീപ വർഷങ്ങളിലെ പുരോഗതിയുടെ പ്രധാന വശങ്ങൾ തിരിച്ചറിയുക, പ്രവർത്തനശേഷി വിപുലീകരണം, പുതിയ സ്പെഷലിസ്റ്റ് സേവനങ്ങൾ അറിയുക, ഗുണനിലവാരവും അക്രഡിറ്റേഷനും, പരിചരണത്തിലെ അന്താരാഷ്ട്ര നിലവാരം എന്നിവയെ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയുടെ വളർച്ചയും വികസനവും ലോകത്തിലെ ഏറ്റവുംകുറഞ്ഞ കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റിയെന്നും ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ആതിഥേയത്വം വിജയകരമാക്കുന്നതിൽ ആരോഗ്യമേഖല സുപ്രധാന പങ്കാണ് വഹിച്ചതെന്നും ചരിത്രത്തിലെ ഏറ്റവും മഹത്തായ ലോകകപ്പായി ഖത്തർ ലോകകപ്പ് വാഴ്ത്തപ്പെട്ടുവെന്നും അൽഖാതിർ വിശദീകരിച്ചു.
പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിജയകരമായ പരിവർത്തനയാത്ര തുടരുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും രോഗികളുടെ പരിചരണത്തിലേക്കുള്ള പ്രവേശനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രാഥമിക, ദ്വിതീയ, തൃതീയ സേവനങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിനും രോഗികളുടെ ചികിത്സ അനുഭവം വർധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലന സംഘങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.www.moph.gov.qa/english/medicenter/campaigns/withu4u എന്നാണ് പുതിയ വെബ്സൈറ്റ് അഡ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

