2021ഓടെ കോവിഡ് അവസാനിക്കുമെന്ന് കരുതുന്നത് അപക്വം -ലോകാരോഗ്യ സംഘടന
text_fieldsജനീവ: കോവിഡ് മഹാമാരി 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാർഥ്യബോധമില്ലാത്തതുമായ നിഗമനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ, വാക്സിനുകളുടെ വരവ് ആശുപത്രി പ്രവേശനങ്ങളും മരണവും കുറക്കുമെന്ന് ഡബ്ല്യു.എച്ച്.ഒയുടെ എമർജൻസി പ്രോഗ്രാം ഡയറക്ടർ ഡോ. മൈക്കേൽ റയാൻ പറഞ്ഞു.
ഫലപ്രദമായ പല വാക്സിനുകളും വൈറസിന്‍റെ അതിവേഗ വ്യാപനത്തെ തടയാൻ കഴിയുന്നതാണ്. എന്നാൽ, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് മറ്റ് ഉറപ്പുകളൊന്നും നൽകാനാകില്ല. നിലവിലെ സാഹചര്യത്തിൽ വൈറസ് നിയന്ത്രണത്തിലാണ് -അദ്ദേഹം പറഞ്ഞു.
വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭിക്കുന്നതിന് മുമ്പ് തന്നെ ചില സമ്പന്ന രാഷ്ട്രങ്ങളിൽ ആരോഗ്യമുള്ള യുവാക്കൾക്ക് വാക്സിൻ ലഭ്യമാക്കുന്നുണ്ട്. ഇത് ഖേദകരമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം പറഞ്ഞു.
ഇത് രാജ്യങ്ങൾ തമ്മിലുള്ള ഒരു മത്സരമല്ല, വൈറസിനെതിരെയുള്ള മത്സരമാണ്. സ്വന്തം ജനങ്ങളെ അപകട നിഴലിൽ നിർത്താൻ ഞങ്ങൾ പറയുന്നില്ല. എന്നാൽ, വൈറസിനെ കീഴടക്കാനുള്ള ആഗോള ശ്രമത്തിന്‍റെ ഭാഗമാകാൻ ആവശ്യപ്പെടുകയാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

