നിപ വൈറസ്; അതീവഗുരുതരാവസ്ഥയിലായിരുന്ന 43കാരൻ ആരോഗ്യവാനായി ആശുപത്രിവിട്ടു
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് അതീവഗുരുതരാവസ്ഥയിലായിരുന്ന 43കാരൻ ആരോഗ്യവാനായി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഫറോക്ക് സ്വദേശിയായ യുവാവിനെ വെള്ളിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തത്. കഴിഞ്ഞ ദിവസം എടുത്ത എം.ആർ.ഐ സ്കാനിൽ നേരത്തെ റിപ്പോർട്ട് ചെയ്ത തലച്ചോറിലെ തകരാറുകൾ കുറഞ്ഞതായി കണ്ടെത്തുകയും ഓർമ്മശക്തിയുൾപ്പെടെ സാധാരണ നിലയിലായതിനെ തുടർന്നുമാണ് ഡിസ്ചാർജ്ജ് ചെയ്തത്. പരസഹായമില്ലാതെയാണ് യുവാവ് വീട്ടിലേക്ക് മടങ്ങിയത്.
ക്ലീനിങ് സ്റ്റാഫുകൾ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് നിപ രോഗിയുടെ രോഗമുക്തിയെന്നും രോഗിയുടെ ജീവൻ രക്ഷിക്കാനായതിൽ ആരോഗ്യവകുപ്പിലെ ഓരോ ജീവനക്കാർക്കും അഭിമാനിക്കാമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇക്കുറി നിപയിൽ ഒരു ജീവൻപോലും പൊലിയാതിരിക്കാൻ കൂട്ടായ പരിശ്രമം നടത്തിയ ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.
പനിയും തൊണ്ടവേദനയും ശരീരവേദനയുമായി ജൂൺ 1ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ആദ്യമായി ചികിത്സ തേടിയത്. ഡിസ്ചാർജ് ചെയ്തെങ്കിലും ക്ഷീണം, സംസാരത്തിന് വ്യക്തതക്കുറവ്, സ്ഥലകാലബോധക്കുറവ് എന്നിവയോടെ ജൂൺ 7ന് വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 2026 ജൂൺ 8ന് രോഗിയെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ആരോഗ്യനില വഷളായതോടെ ജൂൺ 9ന് രാത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
എം.ആർ.ഐ സ്കാനിൽ മസ്തിഷ്കത്തിൽ അണുബാധ മൂലമുള്ള കേടുപാടുകൾ കണ്ട സാഹചര്യത്തിൽ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ വൈറസ് ബാധ സംശയം ഉടലെടുത്തത്തത്. തുടർന്ന്, സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗിയെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജൂൺ 11ന് പുലർച്ചെ രോഗിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെയും സൂപ്രണ്ടിൻ്റെയും നേതൃത്വത്തിൽ ചികിത്സ നിരീക്ഷിക്കുന്നതിനായി ആശുപത്രിയിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.
മോണോക്ലോണൽ ആൻ്റിബോഡി ജൂൺ 12, 14 തീയതികളിൽ രണ്ട് ഡോസ് വീതം നൽകി. റെംഡെസിവിർ, റിബാവിറിൻ, ആൻ്റിബയോട്ടിക്കുകൾ, ഉൾപ്പെടെ കൃത്യമായി നൽകി രോഗിയെ നിരീക്ഷിച്ചു. ഒന്നര മാസത്തോളം രോഗി വെന്റിലേറ്ററിൽ തുടർന്നു. കാർഡിയോളജി, ന്യൂറോളജി, പൾമണോളജി, ഗ്യാസ്ട്രോഎൻററോളജി വിഭാഗങ്ങളിലെ വിദഗ്‌ധരും രോഗിയുടെ സ്ഥിതി നിരന്തരം വിലയിരുത്തി. പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞതോടെ പ്ലേറ്റ്ലെറ്റ് ട്രാൻസ്ഫ്യൂഷൻ നൽകി. ഹീമോഗ്ലോബിൻ കുറഞ്ഞതിനാൽ പി.ആർ.ബി.സി ട്രാൻസ്ഫ്യൂഷനും രോഗിക്ക് നൽകി . തുടർന്ന് ബോധനില ക്രമേണ മെച്ചപ്പെട്ടു. സ്വയം ശ്വസിക്കാൻ തുടങ്ങി.
മൂന്നാഴ്ച കഴിഞ്ഞപ്പോൾ തൊണ്ടയിലെയും മൂക്കിലെയും സ്രവം, രക്തം, മൂത്രം എന്നിവ അഞ്ച് ദിവസത്തെ ഇടവേളകളിൽ ആവർത്തിച്ച് പരിശോധിച്ചപ്പോൾ നിപ നെഗറ്റീവായി. ജൂലൈ 4ന് രോഗിയെ ഐസൊലേഷൻ ഐ.സി.യുവിൽ നിന്ന് ട്രാൻസിറ്റ് ഐ.സി.യുവിലേക്ക് മാറ്റി. ജൂലൈ 31ന് രോഗിയെ റൂമിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ആഗസ്റ്റ് 7 വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

