ജില്ലയിൽ പിടിമുറുക്കി കോവിഡ് രോഗികൾ 400 കടന്നു; കൂട്ടിന് ഡെങ്കിയും എലിപ്പനിയും
text_fieldsആലപ്പുഴ: ജില്ലയിൽ പിടിമുറുക്കി കോവിഡ്. രോഗികളുടെ എണ്ണം 400 കടന്നു. വാഴാഴ്ച മാത്രം 10 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. മേയ് ആദ്യവാരം തുടങ്ങിയ കേവിഡ് വ്യാപനത്തിൽ രണ്ട് മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് രോഗങ്ങൾ പിടിപെട്ട് ചികിത്സതേടിയ ചമ്പക്കുളം സ്വദേശിയായ 67കാരിയും 78 വയസ്സുള്ള കുത്തിയത്തോട് സ്വദേശിനിയുമാണ് മരിച്ചത്. ഇതിനൊപ്പം എലിപ്പനി സംശയത്തിൽ ചികിത്സതേടിയ 45 വയസ്സുകാരൻ ചേർത്തല പള്ളിത്തോട് സ്വദേശി ബുധനാഴ്ചയാണ് മരിച്ചത്. ജില്ലയിൽ വൈറൽപനി ബാധിതരുടെ എണ്ണവും കൂടിയിട്ടുണ്ട്. നാലുദിവസത്തിനിടെ 1700 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ബുധനാഴ്ച മാത്രം സർക്കാർ ആശുപത്രിയിൽ 518 പേരാണ് ചികിത്സതേടിയത്. എലിപ്പനി ബാധിച്ച് രണ്ടുപേരും ഡെങ്കിപ്പനി സംശയിച്ച് ഏഴുപേരുമെത്തി. വയറിളക്കരോഗം പിടിപെട്ട് 105 പേരും ചികിത്സതേടി. ചൊവ്വാഴ്ച 413 പേർ പനി ബാധിച്ച് എത്തി. മൂന്നുപേർക്ക് ഡെങ്കിയും അഞ്ചുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. അന്ന് 114 പേരാണ് വയറിളക്കം ബാധിച്ച് ചികിത്സക്കെത്തിയത്. തിങ്കളാഴ്ച പനി ബാധിച്ച് 491 പേർ എത്തിയപ്പോൾ ഒമ്പതുപേർക്ക് ഡെങ്കിയും രണ്ടുപേർക്ക് എലിപ്പനിയും ബാധിച്ചു. അതേദിവസം 88 പേരാണ് വയറിളക്കരോഗത്തിന് ചികിത്സക്കെത്തിയത്. ഇത് സർക്കാർ ആശുപത്രിയിലെ കണക്ക് മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളുടെയും കണക്കെടുത്താൽ ഇതിന്റെ ഇരട്ടിയോളം വരും.
മഴ ശക്തിപ്രാപിച്ചതോടെ ആശുപത്രികളിൽ പനി ബാധിതരുടെ തിരക്ക് ഏറെയാണ്. ഒ.പിയിൽ നീണ്ട ക്യൂവും അനുഭവപ്പെടുന്നുണ്ട്. ഇതിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനി മാറിയാലും വിട്ടുമാറാത്ത ചുമ, ക്ഷീണം എന്നിവ പലരെയും അലട്ടുന്നുണ്ട്. സ്കൂൾ തുറന്നതിന് പിന്നാലെ കുട്ടികൾക്കിടയിലും പനി വ്യാപകമാണ്. കാലവർഷവും വെള്ളപ്പൊക്കവുമടക്കമുള്ള സാഹചര്യത്തിൽ സ്വയംചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാന ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.
ആശുപത്രികളിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി. മാസ്ക് ധരിക്കാതെ എത്തുന്നവരെ തിരിച്ചയക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുള്ളവർ ഡോക്ടറെ കണ്ട് ചികിത്സ തേടണം. രോഗലക്ഷണമുള്ളവർ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

