ഇറക്കുമതി മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ കാലാവധി നിർബന്ധം; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവധി തീരാറായ മരുന്നുകൾ രാജ്യത്തെത്തുന്നത് തടയാനും വിതരണശൃംഖലയിലെ മരുന്ന് പാഴാകുന്നത് കുറക്കാനുമാണ് നടപടി. എന്നാൽ, ബയോളജിക്കൽ മരുന്നുകൾക്കും റേഡിയോഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ 60 ശതമാനം ശേഷിക്കുന്നുണ്ടെങ്കിൽ ഇറക്കുമതിക്ക് അനുമതി ലഭ്യമാവും.
1945ലെ ഡ്രഗ്സ് ചട്ടങ്ങളിലെ 31ാം ചട്ടമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. ഡ്രഗ്സ് പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ, 2026 പ്രകാരമുള്ള വിജ്ഞാപനം ഒക്ടോബർ 28ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നത്. ഇറക്കുമതി ചെയ്യുന്ന സമയത്ത് ഒരു വർഷത്തിൽ താഴെ ഉപയോഗകാലാവധി ശേഷിക്കുന്ന മരുന്നുകൾക്ക് ലൈസൻസിങ് അതോറിറ്റി അനുമതി നൽകില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
നേരത്തേ ഇറക്കുമതി മരുന്നുകൾക്ക് ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ 60 ശതമാനത്തിലധികം ശേഷിക്കണമെന്ന നിബന്ധനയായിരുന്നു ഉണ്ടായിരുന്നത്. ഇത് മാറ്റിയാണ് സാധാരണ മരുന്നുകൾക്ക് കുറഞ്ഞത് 12 മാസത്തെ ശേഷിക്കുന്ന കാലാവധി നിർബന്ധമാക്കിയത്. പ്രത്യേക സ്വഭാവവും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും കണക്കിലെടുത്താണ് ബയോളജിക്കൽ മരുന്നുകൾക്കും റേഡിയോഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും 60 ശതമാനം എന്ന വ്യവസ്ഥ നിലനിർത്തിയത്. ജൂൺ 22നാണ് ഭേദഗതിയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ട മേഖലകളിൽനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചത്. ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ശേഷിക്കുന്ന ഉപയോഗകാലാവധിയുമായി ബന്ധപ്പെട്ട നിബന്ധന മാത്രമാണ് ഭേദഗതി ചെയ്യുന്നത്. മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇറക്കുമതി ചെയ്തശേഷം മരുന്നുകൾ രാജ്യത്തിനകത്ത് വിതരണം ചെയ്യാനും ഉപയോഗിക്കാനും മതിയായ സമയം ലഭ്യമാക്കുകയാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യം. കാലാവധി അടുത്ത മരുന്നുകൾ സംഭരണത്തിൽ കെട്ടിക്കിടന്ന് പാഴാകുന്നത് കുറക്കാനും വിതരണശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

