വയനാട്ടിൽ ഒരു ഷിഗല്ല കേസ് കൂടി; സ്കൂളിൽ നിന്ന് രോഗം പകർന്നവരുടെ എണ്ണം 17 ആയി
text_fieldsകൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയസ് സ്കൂളിലെ വിദ്യാർഥികളിൽ ഒരാൾക്കു കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ജില്ലയിൽ ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 17 ആയി ഉയർന്നു. സ്കൂൾ തുറന്നതിനു പിന്നാലെയായിരുന്നു വിദ്യാർഥികളിൽ വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളും കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പരിശോധനയിൽ സ്കൂൾ കിണറ്റിലെ വെള്ളത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജില്ലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ. മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അതിന് ശേഷമാണ് വയനാട്ടിലെ പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ വർഷം പകർച്ച വ്യാധികൾ കൂടുതലാണ്. ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. മഴക്കാല പൂർവ ശുചീകരണവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാരണം തടസ്സപ്പെട്ടു. രോഗ പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് വിപുല യോഗം ചേർന്നിരുന്നു. യോഗത്തിലെ അഭിപ്രായ പ്രകാരം പകർച്ച വ്യാധികൾ നിയന്ത്രണത്തിന് ഹൈപ്പവർ കമ്മിറ്റിയെ നിയോഗിച്ചു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൺസൾട്ടന്റായ ഡോ. എസ്.എസ്. ലാലിനെ ചുമതലപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററായും ഡോ. ശ്രീജിത് എൻ. കുമാർ കൺവീനറായും പ്രവർത്തിക്കും. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരും ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയിൽ നിന്നുള്ള വിദഗ്ധരും കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയം ഭരണവകുപ്പിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കലണ്ടർ തയ്യാറാക്കും. ഹൈപ്പവർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

