ഒമിക്രോൺ ആഗോള ഭീഷണി, ലോകം മുൻകരുതലെടുക്കണം -ലോകാരോഗ്യ സംഘടന
text_fieldsലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം
ജനീവ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ആഗോള ഭീഷണിയാകുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം ചിലയിടങ്ങളിൽ ഏറെ പ്രത്യാഘാതമുണ്ടാക്കും. രാജ്യങ്ങൾ മുൻകരുതലെടുക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചു.
ഒമിക്രോൺ ബാധിച്ച് മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിൻ നൽകുന്ന രോഗപ്രതിരോധ ശേഷിയും നേരത്തെ കോവിഡ് വന്നുപോയത് വഴി ലഭിച്ച രോഗപ്രതിരോധ ശേഷിയും ഒമിക്രോണിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
മുമ്പുണ്ടാകാത്ത തരത്തിലുള്ള ജനിതക വകഭേദമാണ് ഒമിക്രോണിൽ വൈറസിന്‍റെ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്നത്. വൈറസ് വ്യാപിച്ചാൽ ആഗോളതലത്തിൽ വലിയ ഭീഷണിയാകും. മുൻഗണനാ ഗ്രൂപ്പുകൾക്കുള്ള വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാൻ ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് നിർദേശം നൽകി.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദമായ ഒമിക്രോൺ യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കൂടി റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഒമിക്രോൺ ബാധിച്ചവർക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നാണ് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സി വ്യക്തമാക്കിയത്. ഒരാഴ്ചയിലേറെയായി തന്‍റെ കീഴിൽ ചികിത്സയിലുള്ള, ഒമിക്രോൺ ബാധിച്ച രോഗികൾക്ക് സാധാരണ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒമിക്രോൺ വൈറസ് വകഭേദത്തെ ആദ്യമായി കണ്ടെത്തിയതിന്‍റെ പേരിൽ തങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്കയും അഭ്യർഥിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിൽ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് വിവേചനമാണെന്നും വിലക്ക് പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൾ റാമഫോസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

