ഒമിക്രോൺ കേസുകൾ ഉയരുന്നു; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്
text_fieldsന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച രാവിലെ വരെ 15 സംസ്ഥാനങ്ങളിലായി 213 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 90 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
കേസുകളുടെ എണ്ണത്തിൽ ഡൽഹിയും മഹാരാഷ്ട്രയുമാണ് മുന്നിൽ. ഡൽഹിയിൽ 57 പേർക്കും മഹാരാഷ്ട്രയിൽ 54 പേർക്കും അസുഖം സ്ഥിരീകരിച്ചു. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്ക് ആളുകൾ ഒത്തുകൂടുന്നത് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി വിലക്കി. മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുതെന്ന് കടകൾക്കും സ്ഥാപനങ്ങൾക്കും മറ്റും അതോറിറ്റി നിർദേശം നൽകി. ഒമിക്രോൺ കേസുകൾ ഉയരുകയാണെങ്കിൽ സ്കൂളുകൾ അടക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി പ്രഫ. വർഷ ഏക്നാഥ് പറഞ്ഞു. മൂന്നാം ഡോസ് നൽകുന്ന സമയം, സ്വഭാവം തുടങ്ങിയവ ശാസ്ത്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് നിതി ആയോഗ് അംഗം (ആരോഗ്യം) വി.കെ. പോൾ പറഞ്ഞു. ഡെൽറ്റ വകഭേദത്തേക്കാൾ മൂന്ന് മടങ്ങ് വ്യാപനശേഷിയാണ് ഒമിക്രോണിനെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതിനിടെ, കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്നാണ് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എൻ.ടി.എ.ജി.ഐ.) വിലയിരുത്തൽ. ഒമിക്രോൺ ഭീതിയിൽ കുട്ടികൾക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.
പ്രാദേശിക വ്യാപനം നടന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകള്‍ ഒന്നര മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 89 രാജ്യങ്ങളിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

