Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നഴ്സിങ്: പരിചരണം മികവാർജിക്കണം; ചിരി മായാതിരിക്കണം
cancel
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനഴ്സിങ്: പരിചരണം...

നഴ്സിങ്: പരിചരണം മികവാർജിക്കണം; ചിരി മായാതിരിക്കണം

text_fields
bookmark_border

നഴ്സുമാരാണ് ആതുരശുശ്രൂഷ രംഗത്ത് രോഗിയുമായി ഏറ്റവും കൂടുതൽ ഇടപഴകേണ്ടി വരുന്ന വിഭാ​ഗം. നഴ്സുമാരുടെ ആദ്യകാല ചരിത്രത്തെ കുറിച്ച് വ്യക്തയില്ലെങ്കിലും ആദ്യ മാതാവ് തന്നെയാകും ആദ്യ നഴ്സും. ക്രൈസ്തവരും മുസ് ലിംകളും ആദ്യകാലം മുതൽ തന്നെ ആതുരശുശ്രൂഷയിൽ സജീവമായിരുന്നു. കാലാകാലങ്ങളായി വന്ന ഓരോ നാഗരികതയിലും ഇത്തരം ആതുരശുശ്രൂഷ പ്രവർത്തകർ സേവനം ചെയ്തതായി കാണാം.

റുഫൈദ ബിൻത് സഅദുൽ അസ്ലമിയ്യ എന്ന മുസ്ലിം വനിതയാണ് ഇസ്ലാമിക-പൗരസ്ത്യ ലോകത്തെ ആദ്യത്തെ നഴ്സ് ആയി അറിയപ്പെടുന്നത്. ബദർ, ഉഹുദ്, ഖൻദഖ്, ഖൈബർ തുടങ്ങിയ യുദ്ധ വേളകളിൽ പ്രവാചകനോടൊപ്പം അവരും പങ്കെടുത്തതായി ചരിത്ര രേഖകളിൽ കാണാം. മുറിവേറ്റവരും മരിക്കുന്നവരുമായ സൈനികരെ പരിചരിക്കുക, പരിക്കേറ്റവരും രോഗികളുമായ യോദ്ധാക്കളെ ശുശ്രൂഷിക്കുക എന്നിവയായിരുന്നു അവരുടെ പ്രധാന ജോലി. ഇതിനുവേണ്ടി ചലിക്കുന്ന കൂടാരങ്ങളുള്ള ഫീൽഡ് ആശുപത്രി തന്നെ അവർ മദീന പള്ളിക്ക് സമീപത്ത് സ്ഥാപിച്ചിരുന്നു. ഒരു കൂട്ടം നഴ്സുമാരെയും അവർ നയിച്ചിരുന്നു. ഫീൽഡ് ആശുപത്രിയിൽ സമാധാന കാലത്തും രോഗികളെയും വികലാംഗരെയും പരിചരിച്ചു കൊണ്ട് അവർ തന്റെ സേവനം തുടർന്നുപോന്നു. നഴ്സിങ്ങിനും മെഡിക്കൽ പരിചരണത്തിനുമായി അവർ നൈതിക നിയമങ്ങൾ കൊണ്ടുവരികയുമുണ്ടായി. അക്കാലത്ത് തന്നെ അവരുടെ നേതൃത്വത്തിൽ അറേബ്യയിലെ ആദ്യത്തെ ആതുരശുശ്രൂഷ വിദ്യാലയവും സ്ഥാപിതമായി.

ആധുനിക നഴ്സിങ് ആരംഭിക്കുന്നതിനുമുമ്പ് യൂറോപ്പിൽ കത്തോലിക്കാ കന്യാസ്ത്രീകളും സൈന്യവും നഴ്സിങ് പോലുള്ള സേവനങ്ങൾ നൽകിയിരുന്നു.

1850 ൽ നടന്ന ക്രീമീയൻ യുദ്ധ പോരാളികളെ ശുശ്രൂഷിക്കാൻ സന്നദ്ധയായി മുന്നോട്ടുവന്ന ഫ്ലോറൻസ് നൈറ്റിങേൽ എന്ന 'വിളക്കേന്തിയ വനിത' ആണ് ആധുനിക നഴ്സിങ് ശില്പിയായി അറിയപ്പെടുന്നത്. അവരുടെ ജന്മദിനമായ 'മെയ് 12' ആണ് അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്.

സമൂഹത്തെ പരിചരിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും പേരാണ് നഴ്സിങ്. ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്സുമാർ മുഖ്യമായ പങ്കാണ് വഹിക്കുന്നത്. രോഗികൾക്ക് പരിചരണം നൽകുന്നതിനു പുറമേ അവർ ആശുപത്രികളിലും മറ്റ് ആരോഗ്യ സംവിധാനങ്ങളിലും നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്. എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ലഭിക്കാൻ വിദഗ്ധരായ നഴ്സുമാർ തന്നെ വേണം.

ഇന്ത്യയിൽ ആരോഗ്യ സംരക്ഷണ സംവിധാനം സമൂലമായ മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ജനസംഖ്യയിലെ മാറ്റം, മെഡിക്കൽ സാങ്കേതികവിദ്യയുടെ പുരോഗതി, ലാഭം നേടുക എന്ന മാനസികാവസ്ഥ, കുടിയേറ്റം, വിദ്യാഭ്യാസ-സേവന വിടവ്, സാമ്പത്തികമാന്ദ്യം തുടങ്ങിയവയാണ് അത്തരം മാറ്റത്തിന് കാരണമായിട്ടുള്ളത്.

നിലവിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്സുമാർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത് രോഗികൾക്ക് നിലവാരമുള്ള പരിചരണം ലഭ്യമാകുന്നതിന് തടസമാകുന്നു. ഈ വെല്ലുവിളികൾ മൂലം പലപ്പോഴും നഴ്സുമാർ തൊഴിൽ ഉപേക്ഷിക്കാനും കാരണമാകുന്നു. നഴ്സിങ് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾ കുറയുന്നത് പലയിടത്തും നഴ്സുമാരുടെ കുറവുണ്ടാകുന്നു. പ്രതിഫലം, മെച്ചപ്പെട്ട ഭൗതിക അന്തരീക്ഷം, അംഗീകാരം എന്നിവ കൂടുതലായി ലഭിക്കുന്ന വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാർ ആകൃഷ്ടരാകാനും അവിടങ്ങളിൽ ചേക്കേറാനുമുള്ള കാരണവും മറ്റൊന്നല്ല.

ജോലിസ്ഥലത്ത് നഴ്സുമാർ പല വെല്ലുവിളികളും നേരിടുന്നു:

മാനസിക അതിക്രമങ്ങൾ

ജോലിഭാരവും ഉത്തരവാദിത്തങ്ങളും അധികൃതരുടെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നുള്ള ഹൃദ്യമല്ലാത്ത പ്രതികരണങ്ങളും നഴ്സുമാരെ മാനസികാസ്വാസ്ഥ്യങ്ങളിലേക്ക് നയിക്കുന്നു. സേവന മികവിന്റെ കാര്യത്തിൽ മലയാളി നഴ്സുമാർ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ്. സേവന രംഗത്ത് സ്വയം സമർപ്പിതരായി മുന്നോട്ടുവന്ന അവരിൽ പലർക്കും പ്രത്യേകിച്ച്, ഈ കോവിഡ് കാലത്ത് വിവാഹം പോലും നീട്ടി വെക്കേണ്ട സാഹചര്യം ഉണ്ടായത് നമ്മൾ കണ്ടു. എന്നാൽ അവർക്ക് ലഭിക്കേണ്ട അംഗീകാരം കേരളത്തിൽ പലപ്പോഴും കിട്ടാറില്ല. പലയിടങ്ങളിൽ നിന്നും അപമാനം ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. മാത്രവുമല്ല, നഴ്സ് ആണ് എന്ന ഒരൊറ്റ കാരണം കൊണ്ട് വിവാഹം പോലും ദുഷ്കരമായി തീരുന്ന സാഹചര്യമാണ് പലയിടങ്ങളിലുമുള്ളത്. നഴ്സ് എന്നത് ഒരു ചീത്തപ്പേരായി ഗണിക്കുന്നവരും ഉണ്ട്. ഇവയെല്ലാം ആത്യന്തികമായി രോഗി പരിചരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കുന്നു.

ഉദ്യോഗസ്ഥരുടെ കുറവ്

മാനുഷിക വിഭവശേഷിയിലെ കുറവ് അമിത ജോലി ഭാരത്തിനും അസമത്വത്തിനും കാരണമാകുന്നു. ഉയർന്ന നഴ്സ്- രോഗി അനുപാതത്തിൽ പ്രവർത്തിക്കാൻ നഴ്സുമാർ നിർബന്ധിതരാകുമ്പോൾ രോഗി പരിചരണം വേണ്ട വിധം നടക്കാതെ വരുന്നു. നഴ്സ് - രോഗി അനുപാതം കൃത്യമാകേണ്ടത് ആരോഗ്യസംരക്ഷണ രം​​ഗത്ത് അത്യാവശ്യമാണ്.

ആരോഗ്യ അപകടങ്ങൾ

ജോലി നിർവഹണത്തിനിടയിൽ നഴ്സുമാർ ജൈവശാസ്ത്രപരവും ശാരീരികവും രാസപരവുമായ അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. തൊഴിൽ സുരക്ഷ, ആരോഗ്യ പരിശീലനം തുടങ്ങിയ മാർഗങ്ങളിലൂടെ ഇത്തരം അപകടങ്ങളെ ഒരു പരിധി വരെ തടയാനാവും.

ദൈർഘ്യമേറിയ ജോലിസമയം

ആരോഗ്യപരിപാലന യൂണിറ്റിലെ അപര്യാപ്തമായ ഉദ്യോഗസ്ഥ വിന്യാസം പലപ്പോഴും നീണ്ട ജോലി സമയത്തിന് കാരണമാകുന്നു. ഇത് നഴ്സുമാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ക്ഷീണിച്ച മനസും ശരീരവുമായി കാര്യക്ഷമമായ നഴ്സിങ് പരിചരണം നൽകുന്നത് ഒരു നഴ്സിന് അസാധ്യമാണ്.

ടീം വർക്കിന്റെ അഭാവം

ആശുപത്രിയിൽ സംഭവിക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങൾക്കും കാരണക്കാർ നാഴ്സുമാരെന്ന ധാരണയും നിലനിൽക്കുന്നു. പരിചരണത്തിലെ അപര്യാപ്തത, ഫലപ്രദമല്ലാത്ത വൈദ്യസേവനം, ഡോക്ടർമാരുടെ ലഭ്യതക്കുറവ് തുടങ്ങി തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വരുന്ന എല്ലാ കാര്യങ്ങൾക്കും നഴ്സുമാർ ഉത്തരവാദികളാവേണ്ടിവരുന്നു.

അംഗീകാരമില്ലായ്മ

മിക്ക ആതുരാലയങ്ങളിലും നഴ്സുമാരുടെ സേവനങ്ങളെ മൂല്യനിർണയം നടത്താനുള്ള സംവിധാനങ്ങളില്ല. അതിനാൽ അവരുടെ സേവനങ്ങൾ അംഗീകരിക്കപ്പെടാറില്ല.

നഴ്സിങ് അല്ലാത്ത ജോലി

മിക്ക ആരോഗ്യസംരക്ഷണ മേഖലയിലും നഴ്സുമാർ അവരുടേതല്ലാത്ത ജോലി കൂടി ഏറ്റെടുക്കേണ്ടിവരുന്നു. ഇതോടെ അവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് സമയം തികയാതെ വരുന്നു. മറ്റുജോലിയിൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ അതിന്റെ കുറ്റപ്പെടുത്തലും അവർ തന്നെ വഹിക്കേണ്ടിവരുന്നു.

കള്ളനാണയങ്ങൾ

നിലവാരം കൂടിയതും കുറഞ്ഞതുമായ പലതരം വിദ്യാഭ്യാസ യോഗ്യതകളുള്ള നഴ്സുമാരാണ് നിലവിലുള്ളത്. വിദ്യാഭ്യാസ യോഗ്യതകൾ ഒന്നുമില്ലാതെ പരിമിതമായ പരിചയം മാത്രം കൈമുതലാക്കിയ 'നഴ്സു'മാരും ഇക്കൂട്ടത്തിലുണ്ട്. ഒരു വെള്ള കോട്ട് ധരിച്ചാൽ നഴ്സ് ആയി എന്നാണ് സമൂഹത്തിന്റെ പൊതുധാരണ. നഴ്സിങ് പഠന നിലവാരവും യോഗ്യതയും ഏകീകരിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഗുണനിലവാര തകർച്ചയിലേക്ക് നയിക്കുന്നു.

തൃപ്തികരമല്ലാത്ത ജീവിതസാഹചര്യങ്ങൾ

മിക്ക ആതുരാലയങ്ങളിലും, പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ നഴ്സുമാർക്ക് ലഭ്യമാകുന്ന വേതനം വളരെ തുച്ഛമാണ്. സർക്കാർ സ്ഥാപനങ്ങളിലും താൽക്കാലിക-ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനം പലപ്പോഴും സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ആതുരാലയങ്ങളിൽ ഒരുക്കപ്പെടുന്ന താമസസൗകര്യങ്ങളും വളരെ അപര്യാപ്തമാണ്. ജോലി സമയത്തിലെ ദൈർഘ്യം കാരണം പല നഴ്സുമാരുടെയും കുടുംബജീവിതം താളം തെറ്റുന്നു. മെച്ചപ്പെട്ട കുടുംബജീവിതം നയിക്കണമെന്ന് തോന്നുമ്പോൾ ചിലർ നഴ്സിങ് ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നു.

പരിഹാരമാർഗങ്ങൾ

അനുകൂല ഔദ്യോഗിക അന്തരീക്ഷം

നഴ്സുമാരുടെ സുരക്ഷക്കും സംരക്ഷണത്തിനും പ്രാധാന്യം നൽകണം. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഒരുക്കണം. നൈതിക മൂല്യങ്ങൾ നഴ്സുമാർക്ക് വകവെച്ചു കൊടുക്കുന്ന ഒരു തൊഴിലുടമ-തൊഴിലാളി സൗഹൃദ അന്തരീക്ഷം തൊഴിലിടങ്ങളിൽ സൃഷ്ടിക്കപ്പെടണം. പരസ്പര ബന്ധങ്ങളിലെ ഊഷ്മളതയും അർഹമായ ആനുകൂല്യങ്ങളും അവർക്ക് ലഭ്യമാക്കണം.

ഉപകരണങ്ങൾ

ഉപകരണങ്ങളുടെയും ഉപഭോഗ വസ്തുക്കളുടെയും ഗുണനിലവാരവും ലഭ്യതയും ഉറപ്പുവരുത്തുന്നത് തൊഴിൽ ദാതാവിന്റെ ഉത്തരവാദിത്വവും ആരോഗ്യ സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യവുമാണ്.

കൂട്ടായ പ്രവർത്തനം

ടീം വർക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് രോഗി പരിചരണമേഖലയിലുള്ളവരെല്ലാം മനസിലാക്കണം. ഒരു മികച്ച ടീമിന് മാത്രമേ സംതൃപ്തവും മികച്ചതുമായ രോഗി പരിചരണം സാധ്യമാക്കിയെടുക്കാൻ കഴിയൂ.

റിക്രൂട്ട്മെന്റ്/ നിലനിർത്തൽ നയം

മനുഷ്യ വിഭവശേഷി വർധിപ്പിക്കുന്നതിനായി നിയമനവും അവരെ നിലനിർത്തുന്നതിനുമായി ആസൂത്രിതവുമായ ഒരു നയവും ആരോഗ്യ സംവിധാനത്തിൽ ഉൾപ്പെടുത്തണം.

വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾ ഏകീകരിക്കുക

അംഗീകൃത കലാലയങ്ങളിൽ നിന്ന് നേടിയ യോഗ്യത ഉള്ളവർക്ക് മാത്രം നിയമനം നൽകുക. ചികിത്സാരീതികളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് നഴ്സുമാരുടെ അറിവും യോഗ്യതയും വികസിപ്പിക്കുന്നതിന് ആവശ്യമായ തുടർവിദ്യാഭ്യാസ പരിപാടികൾക്കും അവർക്ക് അവസരം നൽകണം

വിദ്യാഭ്യാസ സേവന വിടവ് നികത്തുക

പഠനകാലയളവിൽ പഠിപ്പിക്കുന്നതും അവ പ്രവൃത്തിയിൽ വരുത്തുന്നതിലുമുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിൽ ശ്രദ്ധിക്കണം.

ജോലി ഭാരം കുറക്കണം

ഓരോരുത്തർക്കും അവരുടേതായ ജോലികൾ തുല്യമായി വീതം വെക്കണം. ജോലിഭാരം സന്തുലിതമാക്കാൻ ശ്രമിക്കണം.

സ്വതന്ത്ര സേവനം

വിദേശ രാജ്യങ്ങളിലേതുപോലെ നഴ്സുമാർക്ക് സ്വതന്ത്രമായി സേവനം ചെയ്യാനുള്ള സാഹചര്യം ഇന്ത്യയിലും ഒരുക്കണം. നിശ്ചിത പ്രദേശങ്ങളിൽ (വാർഡ്/ മഹല്ല്/ ഇടവക) നഴ്സ് പ്രാക്ടീഷണർ, പാരിഷ് നഴ്സ് പോലുള്ള സ്വതന്ത്ര സേവനം നൽകാൻ പര്യാപ്തരായ യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കുകയും ആ പ്രദേശങ്ങളുടെ ആരോഗ്യ സംരക്ഷണ ചുമതല അവരെ ഏൽപ്പിക്കുകയും ചെയ്താൽ വലിയൊരളവോളം നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനാവും.

ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക

നഴ്സുമാർക്ക് അവരുടെ ജോലിക്കും യോഗ്യതക്കും അനുസൃതമായ വിധത്തിൽ അംഗീകാരവും ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്.

മികച്ച വേതന വ്യവസ്ഥയിലൂടെ അവർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള സാഹചര്യമുണ്ടാകണം. യോഗ്യതാ മാനദണ്ഡങ്ങൾ, ജോലി സമയം, നഴ്സ്-രോഗി അനുപാതം, ആതുരാലയങ്ങളിലെ താമസസൗകര്യങ്ങൾ തുടങ്ങിയവ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശപ്രകാരമുള്ളതാക്കാൻ അധികൃതർ ശ്രദ്ധിക്കണം.

ആരോഗ്യ വിതരണ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാക്കേണ്ടതിന് നഴ്സിങ് മേഖലയിൽ സമൂലമായ പുരോഗമനാത്മകമായ മാറ്റങ്ങൾ അനിവാര്യമാണ്. അഭിമാനബോധമുള്ള ഊർജ്ജസ്വലരായ നഴ്സുമാരെ സമൂഹത്തിന് സംഭാവന ചെയ്യാനും, മിടുക്കരായ യുവതലമുറയെ ആതുരശുശ്രൂഷാ മേഖലയിലേക്ക് ആകർഷിക്കാനും ഇത് കാരണമാകും.അതുവഴി പൊതുജനാരോഗ്യം അഭിവൃദ്ധിപ്പെടുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurses DayInternational Nurses Day 2021
News Summary - Nurses Day Article,
Next Story