കോവിഡ് പേടിപ്പിച്ച ആ നാളുകൾ; ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ പരിചരിച്ച നഴ്സ് പടിയിറങ്ങുന്നു
text_fieldsകൊടുങ്ങല്ലൂർ: ഇന്ത്യയിലെ പ്രഥമ കോവിഡ് ബാധിതയെ ആദ്യമായി അഭിമുഖീകരിച്ച ആരോഗ്യപ്രവർത്തക ഭീതിജനകമായ ഓർമകളുമായി സർവിസിൽനിന്ന് പടിയിറങ്ങുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് ക്വാറന്റീനിൽ കഴിയേണ്ടിവന്ന പബ്ലിക് ഹെൽത്ത് നഴ്‌സ് ലിസി എം. സഗീർ ആണ് തിങ്കളാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പിൽനിന്ന് വിരമിക്കുന്നത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന തൃശൂർ മതിലകം പുന്നക്കബസാർ സ്വദേശിനിയിലാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30നാണ് ഇന്ത്യയാകെ ആശങ്ക വിതച്ച സ്ഥിരീകരണമുണ്ടായത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് രോഗബാധിതയെ നേരിൽ കണ്ട് സംശയം രേഖപ്പെടുത്തി ആരോഗ്യവകുപ്പിന്റെ തുടർനടപടികൾക്ക് റിപ്പോർട്ട് നൽകിയത് മതിലകം പി.എച്ച്.സിയിലെ നഴ്‌സായിരുന്ന ലിസി എം. സഗീർ ആണ്.
ചൈനയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 24ന് വീട്ടിലെത്തിയ പെൺകുട്ടി 25ന് വൈകുന്നേരം മതിലകം പി.എച്ച്.സിയിലെത്തി. ഈ സമയം ആദ്യം പെൺകുട്ടിയെ പരിചരിച്ചത് ലിസി എം. സഗീർ ആയിരുന്നു. രോഗിയുടെ യാത്രാ പശ്ചാത്തലവും രോഗലക്ഷണങ്ങളും പരിഗണിച്ച് കോവിഡ് ബാധയുടെ സാധ്യത സംശയിച്ചു.
അന്ന് നിലവിൽ പ്രത്യേക കോവിഡ് പ്രോട്ടോകോൾ രൂപപ്പെട്ടിരുന്നില്ല. പകരം നിപ പ്രോട്ടോകോൾ പ്രകാരം ഹോം ക്വാറന്റീനിൽ കഴിയാൻ നിർദേശിക്കുകയും മേൽ വിവരം ആരോഗ്യ അധികാരികൾക്ക് അടിയന്തരമായി റിപ്പോർട്ട് നൽകുകയുമുണ്ടായി. പിന്നീട് 27ന് ചെറിയ ലക്ഷണങ്ങൾ പ്രകടമായ പെൺകുട്ടിയെ അടിയന്തരമായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും 30ന് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതോടെ നാടാകെ ഉടലെടുത്ത ഭീതിയുടെ അന്തരീക്ഷം പെൺകുട്ടി ആദ്യമെത്തിയ മതിലകം പി.എച്ച്.സിയെയും ബാധിച്ചു. കൂട്ടത്തിലുള്ള ആശ വർക്കർക്ക് പനി ബാധിച്ചതോടെ പരിഭ്രാന്തി ഇരട്ടിച്ചു. ഇതോടെ ലിസിയെയും ഒപ്പം ഭർത്താവ് സഗീറിനെയും ഹോം ക്വാറന്റീനിലാക്കി. ആശ വർക്കറെയും ഭർത്താവിനെയും മെഡിക്കൽ കോളജിൽ ഐസലോഷനിലാക്കി.
പി.എച്ച്.സിയിലെ മറ്റു മൂന്ന് ജീവനക്കാരും ക്വാറന്റീനിലായി. ഭീതിജനകമായ അവസ്ഥയെയാണ് അന്ന് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ഇവർ ഓർക്കുന്നു. തുടർന്നുണ്ടായ കോവിഡ് വ്യാപനവും വ്യാപകമായ മരണങ്ങളുമെല്ലാം ഇന്ത്യയുടെ കോവിഡ് ചരിത്രം. ഇതിനിടെ രോഗം മാറി പഠനം പൂർത്തിയാക്കിയ മെഡിക്കൽ വിദ്യാർഥിനി കേരളത്തിലെ പ്രമുഖ ആശുപത്രിയിൽ ഡോക്ടറാണിപ്പോൾ. വിവാഹിതയുമാണ്.
31 വർഷത്തെ ആരോഗ്യസേവനത്തിന് ശേഷം മാടവന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ലിസി എം. സഗീർ വിരമിക്കുന്നത്. ആരോഗ്യവകുപ്പിൽ ലേ സെക്രട്ടറിയായി വിരമിച്ച പി.എ. മുഹമ്മദ് സഗീർ ആണ് ഭർത്താവ്. ഏക മകൾ ഡോ. ഹരിത സഗീർ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായി സേവനമനുഷ്ഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

