സംസ്ഥാനത്ത് ചിക്കൻ പോക്സ് ബാധിതരുടെ എണ്ണം വർധിക്കുന്നു; കഴിഞ്ഞ ഒന്നര മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 5791 പേർക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ 5791പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പകരാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തി. പ്രതിദിനം സംസ്ഥാനത്ത് നൂറിലധികം പേർക്ക് രോഗം ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്. ജനുവരിയിൽ 4394 പേർക്കും ഫെബ്രുവരിയിൽ 1397 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. തണുപ്പ് കാലത്ത് നിന്ന് ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗം വ്യാപിക്കുന്നത്. കുത്തിവെപ്പ് എടുക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം. വരും ദിവസങ്ങളിൽ രോഗവ്യാപനം ഇനിയും വർധിക്കാനാണ് സാധ്യത. രോഗം ബാധിച്ചാൽ ഉടൻ വൈദ്യ സഹായം തേടുകയും ഡോക്ടർമാരുടെ നിർദേശം സ്വീകരിക്കുകയും വേണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
പകരുന്ന വിധം
ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കം വഴി ചിക്കന്‍ പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും രോഗം പകരാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങുന്നത് വരെ രോഗം പകരാം. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന് ശേഷമുള്ള ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ എടുക്കും.
രോഗലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയൊ പൊറ്റയാവുകയോ ചെയ്യും.
സങ്കീര്‍ണ്ണമായ ചിക്കന്‍ പോക്സിന്റെ ലക്ഷണങ്ങള്‍
നാല് ദിവസത്തില്‍ കൂടുതലുള്ള പനി, കഠിനമായ പനി (102 ഡിഗ്രി ഫാരൻഹീറ്റ്), കുമിളകളില്‍ കഠിനമായ വേദന, പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുള്ള ഛര്‍ദ്ദി, ശ്വാസം മുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തം പൊടിയുക / രക്തസ്രാവം തുടങ്ങിയവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണ്ണ അവസ്ഥകളായ ന്യൂമോണിയ, മസ്തിഷ്കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കേണ്ടവ
- പരിപൂര്‍ണ്ണ വിശ്രമം, വായു സഞ്ചാരമുളള മുറിയില്‍ വിശ്രമിക്കുക
- ധാരാളം വെള്ളം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക
- മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കുക
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ 0.5% ബ്ലീച്ചിങ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വ്യത്തിയാക്കുക.
- കുമിളയില്‍ അബദ്ധത്തില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

