മെഡിക്കൽ കോളജിൽ രോഗികൾ വാതിൽക്കൽ വരെ
text_fieldsകോഴിക്കോട്: പകർച്ചപ്പനി വർധിച്ചതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതോടെ മെഡിക്കൽ കോളജിലെ വാർഡുകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. രോഗികളുടെ ബാഹുല്യം നിമിത്തം വരാന്തയിൽ പോലും ഇടമില്ലാത്ത അവസ്ഥ.
പനി, വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി പലതരം പനികൾ, ശ്വാസംമുട്ടൽ, ആസ്ത്മ തുടങ്ങിയ രോഗങ്ങളുമായാണ് കൂടുതൽ പേരും എത്തുന്നത്. മെഡിസിൻ വാർഡുകളിൽ സ്ഥലമില്ലാതെ രോഗികൾ തറയിലും വരാന്തയിലും തിങ്ങിനിറഞ്ഞിരിക്കുകയാണ്. ആശുപത്രിയുടെ വരാന്തയിൽ പ്രധാന കവാടത്തിനടുത്തുവരെ രോഗികൾ പായ വിരിച്ചു കിടക്കുകയാണ്.
ഏറ്റവുമധികം വാർഡുകളുള്ള മെഡിസിൻ വിഭാഗത്തിലാണ് രോഗികൾ കിടക്കാൻ സ്ഥലംകിട്ടാതെ ഏറെ ബുദ്ധിമുട്ടുന്നത്. മെഡിസിൻ വിഭാഗത്തിലെ ഏഴാംവാർഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് ഒന്നര മാസത്തോളമായിട്ടും പണിപൂർത്തിയായിട്ടില്ല. വരാന്തയിൽ അടച്ചിട്ട ഏഴാം വാർഡിന് സമീപത്തും രോഗികൾ കിടക്കുന്നുണ്ട്. ഒ.പിയിൽ കൂടുതൽ തിരക്കനുഭവപ്പെടുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് അഡ്മിഷനുകൾ കൂടുതലായി ഉണ്ടാകുന്നത്. വാർഡുകൾ ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ പ്രധാന വരാന്തയിലെ വാർഡുകളിലേക്കാണ് പ്രവേശനം നൽകുന്നത്.
വാർഡുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനുള്ള സൗകര്യം കണ്ടെത്തുന്ന കാര്യത്തിലും പരിമിതികളുണ്ട്. എല്ലുരോഗവിഭാഗം, ശസ്ത്രക്രിയ വിഭാഗം വാർഡുകളിലും രോഗികൾ തറയിൽ കിടക്കുന്നുണ്ട്. അയൽ ജില്ലകളായ മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, അതിർത്തി പ്രദേശങ്ങളായ കുട്ട, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുപോലും രോഗികൾ ചികിത്സതേടി കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്നുണ്ട്.
റഫറൽ ആശുപത്രിയായതിനാൽ ഗുരുതരാവസ്ഥയിലുള്ള മികച്ച ചികിത്സവേണ്ടവർക്കാണ് മെഡിക്കൽ കോളജിന്റെ സേവനം കൂടുതൽ ലഭ്യമാക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. എങ്കിലും ചെറിയ രോഗങ്ങൾക്കുപോലും മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം കൂടിവരുകയാണ്. അതേസമയം, ജോർജ് എം. തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ഏഴാം വാർഡിൽ അറ്റകുറ്റപ്പണി നടത്തുന്നതെന്നും കോവിഡ് ആരംഭഘട്ടത്തിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തി അന്ന് നടത്താൻ സാധിക്കാത്തതിനാലാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നതെന്നും അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

