ഭക്ഷണം പൊതിയാൻ ഇനി പത്രങ്ങൾ വേണ്ട; നിർദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി
text_fieldsനിങ്ങളുടെ ഭക്ഷണത്തെ സുരക്ഷിതവും മലിനീകരണമുക്തവുമാക്കുന്നത് അതിന്‍റെ പാക്കേജാണ്. ലഘുഭക്ഷണങ്ങളും തെരുവ് ഭക്ഷണങ്ങളും പത്രത്തിൽ പൊതിഞ്ഞ് നൽകുന്നത് ഇന്ത്യയിലുടനീളം സർവ സാധാരണമാണ്. എന്നാൽ ഭക്ഷണങ്ങൾ പാക്ക് ചെയ്യാൻ പത്രങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ.
അച്ചടിച്ച മഷി ഉള്ളതിനാലും വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനാലും പത്രങ്ങൾ ഭക്ഷണം പാക്കേജ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കും. ഭക്ഷണങ്ങൾ പൊതയിയുന്നതിന് പത്രങ്ങളോ സമാനമായ അച്ചടിച്ച വസ്തുക്കളോ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ എഫ്.എസ്.എസ്.എ.ഐ നിർദേശിച്ചു.
ഭക്ഷണ സ്റ്റാളുകൾ, തെരുവ് കച്ചവടക്കാർ, റെസ്റ്റോറന്‍റുകൾ, തുടങ്ങി എല്ലാവർക്കും ഈ ഉത്തരവ് ബാധകമാണെന്നും എഫ്.എസ്.എസ്.എ.ഐ പറഞ്ഞു. പത്ര മഷിയിൽ നിരവധി രാസവസ്തുക്കൾ, പിഗ്മെന്‍റുകൾ, ബൈൻഡറുകൾ, എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണ പൊതിയായി ഉപയോഗിക്കുമ്പോൾ ആഹാരത്തിൽ കലരുകയും ദീർഷകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല, ഇത്തരം പത്രങ്ങൾ അച്ചടി, ഗതാഗതം, വിതരണം എന്നിവക്കിടെ പൊടി, അഴുക്ക്, വൃത്തിഹീനമായ അവസ്ഥകൾ എന്നിവയിലൂടെ കടന്നു പോകുന്നു. ഇത് ദോഷകരമായ രോഗകാരികളുടെ വാഹകരാവുകയും ചെയ്യുന്നു.
2018ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഭക്ഷണം സൂക്ഷിക്കുന്നതിനോ പൊതിയുന്നതിനോ, വിളമ്പുന്നതിനോ പത്രങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചതാണ്. എന്നിട്ടും പലയിടത്തും പത്രങ്ങൾ ഭക്ഷണ സാധനങ്ങൽ പൊതിയുന്നതിനും സൂക്ഷിക്കുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് കർശനമായ ഉത്തരവുമായി എഫ്.എസ്.എസ്.എ.ഐ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പത്രങ്ങളിൽ വിളമ്പുന്ന ഭക്ഷണം വാങ്ങരുതെന്നും എഫ്.എസ്.എസ്.എ.ഐ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

