'കോവിഡ് മഹാമാരിയെ ഒറ്റക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ല'; വാക്സിൻ അസമത്വത്തിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന
text_fieldsപൗരന്മാർക്ക് അധിക കോവിഡ് ഡോസുകൾ നൽകാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തെ അപലപിച്ച് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനം. ഇത്തരം നടപടികൾ വാക്സിൻ അസമത്വം വർധിപ്പിക്കുകയാണ് ചെയ്യുകയെന്നും മഹാമാരിയെ ഒറ്റക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകളും അധിക ഡോസുകളും നൽകുന്ന സാഹചര്യത്തിലാണ് വിമർശനം.
രണ്ട് ഡോസ് സ്വീകരിച്ചവർക്ക് അധിക ഡോസ് നൽകുന്നതിന് പകരം, ദരിദ്ര രാഷ്ട്രങ്ങളിലെ രോഗസാധ്യതയുള്ള ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധാരാളം വാക്സിൻ വാങ്ങിക്കൂട്ടിയ സമ്പന്ന രാജ്യങ്ങൾ തന്നെ വീണ്ടും വാക്സിൻ വാങ്ങുകയും ദരിദ്ര രാഷ്ട്രങ്ങൾക്ക് കിട്ടാതാവുകയും ചെയ്യുമ്പോൾ മഹാമാരി ലോകത്ത് കൂടുതൽ കാലം നീണ്ടുനിൽക്കുന്ന സാഹചര്യമാണ് വരിക. ഇത് വൈറസിന് വ്യാപിക്കാനും ജനിതകമാറ്റം വരുത്താനും ആവശ്യമായ സമയം നൽകലാണ് -ടെഡ്രോസ് അഥാനം പറഞ്ഞു.
ബൂസ്റ്റർ ഡോസ് വാക്സിൻ നൽകൽ സമ്പന്നരാജ്യങ്ങൾ നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെയും ആവശ്യപ്പെട്ടിരുന്നു. സമ്പന്നരാജ്യങ്ങളിലെ 67 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭ്യമായതായാണ് കണക്ക്. എന്നാൽ, ദരിദ്രരാജ്യങ്ങളിൽ 10 ശതമാനത്തിലും താഴെ മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നാലിൽ മൂന്ന് ആരോഗ്യപ്രവർത്തകരും വാക്സിൻ ലഭിക്കാതെയാണ് കോവിഡിനെതിരെ പോരാടുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാനും ആരംഭിച്ചിട്ടുണ്ട്. ഇസ്രായേലിൽ നാലാം ഡോസ് വാക്സിൻ നൽകാനൊരുങ്ങുകയാണ്. നാലാം ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാണ് ഇസ്രായേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

