നിപ വൈറസ്: ഇത്തവണ രോഗലക്ഷണങ്ങളിൽ മാറ്റമെന്ന്, നേരത്തെ തലച്ചോറിലായിരുന്നു...
text_fieldsകോഴിക്കോട്: വീണ്ടും നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ എങ്ങും ജാഗ്രതയോടെ കാര്യങ്ങളെ വിലയിരുത്തുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധിതരെ അപേക്ഷിച്ച് ഇത്തവണ രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടെന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. എ.എസ്. അനൂപ് കുമാര്‍ പറയുന്നു.
2023 മുമ്പ് 2018, 2019, 2021 എന്നീ വര്‍ഷങ്ങളിലും സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങളായിരുന്നു രോഗികളില്‍ കണ്ടിരുന്നത്. എന്നാലിപ്പോള്‍ ശ്വാസ കേശത്തെ ബാധിക്കുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും ഡോക്ടർ പറയുന്നു.
നിപ വന്ന ഭാഗത്തെല്ലാം അത് സ്വയം നിയന്ത്രണ വിധേയമാകുന്നതാണ് കാണാന്‍ കഴിഞ്ഞിരുന്നത്. വൈറസ് ഒരാളില്‍ നിന്ന് അടുത്തയാളിലേക്ക് പടരുമ്പോള്‍ വൈറസിന്‍റെ ശക്തി കുറയുന്നു. അതുകൊണ്ട് തന്നെ വലുതായി വ്യാപനം ഉണ്ടായിട്ടില്ല. കൂടുതല്‍ ആശങ്ക പെടേണ്ട സാഹചര്യം നിലനില്‍കുന്നില്ലെന്നും ആഴ്ചകള്‍കൊണ്ട് തന്നെ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും ഡോക്ടർ പറഞ്ഞു.
ഇതിനിടെ, കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ള കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരാണുള്ളത്. രണ്ടാമത് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 281ഉം ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. അതിനിടെ, സ്വകാര്യ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സ്രവ സാംപിൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. നിപ സ്ഥിരീകരിച്ച സാമ്പിളുകൾ ഉൾപ്പെടെ ഏഴ് സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്.
സർക്കാർ ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ കോൾ സെന്ററുമായി ബന്ധപ്പെടണം. നിപ ബാധിത പ്രദേശങ്ങൾ കനത്ത ജാഗ്രതയിലാണ്. കുറ്റ്യാടിയിലേക്ക് ബസുകൾ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിന് സമീപം പൊലീസ് ചെക്കിങ് നടത്തുന്നുണ്ട്. ഇവിടെ യാത്രക്കാരെ ഇറക്കി വിടുകയാണ്. യാത്രക്കാർ കാൽനടയായാണ് പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോകുന്നത്. തുടർന്ന് ഇതുവഴിയുള്ള ദീർഘദൂര യാത്രക്കാർ പെരുവഴിയിലായി.
നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യപ്രവർത്തകർ പുറത്തുവിട്ടു. ആഗസ്റ്റ് 22നാണ് ഇയാൾക്ക് അസുഖം വന്നത്. 23ാം തീയതി വൈകീട്ട് ഏഴുമണിക്ക് തിരുവള്ളൂർ കുടുംബ പരിപാടിയിൽ പങ്കെടുത്തു. 25ാം തീയതി രാവിലെ 11 മണിയോടെ കാറിൽ മുള്ളൻകുന്ന്ബാങ്കിലെത്തി. അന്ന് ഉച്ചക്ക് കല്ലോട് ജുമാ മസ്ജിദിലും പോയി. 26ാം തീയതി രാവിലെ 11-11.30ന് ഇടയിൽ ഡോ. ആസിഫ് അലി ക്ലിനിക്കിലെത്തി. 28ാം തീയതി രാത്രി ഒമ്പത് മണിയോടെ കാറിൽ തൊട്ടിൽ പാലത്തെ ഇഖ്റ റഹ്മ ആശുപത്രി എത്തി. 29ന് പുലർച്ചെ 12.02ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി. ഇവിടെ വെച്ച് മരിച്ച മുഹമ്മദിനെ 30ന് ഉച്ചക്ക് രണ്ട് മണിയോടെ ആംബുലൻസിൽ വീട്ടിലെത്തിച്ചു.

