നിപ ആവർത്തിക്കുന്നു; ഉറവിടം അവ്യക്തമായി തുടരുന്നു
text_fieldsകോഴിക്കട്: സംസ്ഥാനത്ത് നിപ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഉറവിടം കണ്ടെത്താനാവാതെ കുഴങ്ങുന്നു. നിപ ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് എങ്ങിനെ മനുഷ്യനിലേക്ക് പടർന്നു എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ വവ്വാലിലും മനുഷ്യനിലും കണ്ടെത്തിയത് ഒരേ ഇനം വൈറസാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നിപ ബാധയുണ്ടാകുന്നത് വവ്വാലിൽനിന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് എങ്ങിനെ വൈറസ് മനുഷ്യനിലേക്ക് എത്തി എന്ന് കണ്ടെത്താനായില്ല.
വവ്വാലുകൾ ഊമ്പിയ പഴങ്ങളിൽ നിന്നാവാം മനുഷ്യരിലേക്ക് വൈറസ് പകർന്നതെന്നാണ് അനുമാനം. എന്നാൽ 2018 മുതൽ ഓരോ വർഷവും കേരളത്തിൽ നൂറുകണക്കിനു പഴങ്ങൾ പരിശോധിച്ചു. ഇതുവരെ ഒന്നിൽപ്പോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എന്നാൽ കേരളത്തിൽ നിന്ന് ശേഖറിച്ച വവ്വാലുകളിൽ 29 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ റിപ്പോർട്ടുചെയ്ത പ്രദേശങ്ങളിൽനിന്ന് റംബൂട്ടാൻ, സപ്പോട്ട, വാഴപ്പഴം, മാംഗോസ്റ്റിൻ, മാങ്ങ, പേരായ്ക്ക, അടയ്ക്ക തുടങ്ങി പക്ഷിമൃഗാദികൾ കടിച്ചിട്ട പഴങ്ങൾ ശേഖരിച്ചാണ് ഓരോ മാസവും പരിശോധിക്കുന്നത്. ഒരു പഴത്തിൽപ്പോലും വൈറസ് കണ്ടെത്താനാവാത്തതിന് കാരണം നിപ വൈറസ്, ആർ.എൻ.എ. (റൈബോന്യൂക്ലിക് ആസിഡ്) വിഭാഗത്തിൽപ്പെട്ടവ ആയതിനാലാണ്. ഇത്തരം വൈറസുകൾ അല്പസമയം കഴിയുമ്പോഴേക്കും നശിച്ചുപോകും. സൂര്യപ്രകാശം തട്ടിയാലും നശിക്കും. ഇതാണ് ഒരു പഴത്തിൽപ്പോലും വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്തതിന് കാരണമെന്നാണു നിഗമനം.
വൈറസിന്റെ ഈ സ്വഭാവമാണ് ഉറവിടംതേടിയുള്ള അന്വേഷണത്തിന് തടസ്സമാവുന്നതെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. കേരളത്തിൽ 2018 മുതൽ ഏഴ് തവണയാണ് നിപ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ നിപ ബാധിച്ച ഫറോക്ക് രാമനാട്ടുകര സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. നേരത്തെ ബംഗ്ലാദേശിൽ വവ്വാലുകളുടെ സ്രവം കലർന്ന ഡേറ്റ് പാം ഇനത്തിൽപ്പെട്ട പനയിൽ നിന്നെടുക്കുന്ന കള്ളിൽനിന്നാണ് വൈറസ് മനുഷ്യനിലെത്തിയതെന്നു സ്ഥിരീകരിച്ചിരുന്നു.
ശ്രദ്ധിക്കുക
കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്തംബർ വരെ വവ്വാലുകളിൽ നിപ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വവ്വാലുകളോ മറ്റു പക്ഷികളോ കടിച്ചതോ, കൊത്തിയതോ, നിലത്തുവീണുകിടക്കുന്നതോ ആയ പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ 15-20 മിനിറ്റ് വെള്ളത്തിൽ ഇട്ടശേഷം, ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകി ഉപയോഗിക്കുക. പഴങ്ങൾ നന്നായി കഴുകിയ ശേഷം തൊലി നീക്കം ചെയ്ത് കഴിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. റംബൂട്ടാൻ പോലുള്ളവ പഴങ്ങൾ കഴിക്കുമ്പോൾ പല്ലുകൊണ്ട് തൊലി പൊളിക്കുന്നത് ഒഴിവാക്കുക. വൃത്തിയായി കഴുകിയ ശേഷം കൈകൊണ്ട് തൊലി മാറ്റുക. വീട്ടുവളപ്പിലെ മരങ്ങളിൽ പഴുക്കുന്ന പഴങ്ങൾ പറിച്ചെടുത്ത് ഉപയോഗിക്കുക. വവ്വാലുകൾ വരാൻ സാധ്യതയുള്ള മരങ്ങളിലെ പഴങ്ങൾക്ക് വലയിടുന്നത് ഉചിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

