നിപ മരുന്ന്: ആരോഗ്യമന്ത്രി കെ. മുരളീധരന് ഡോ. അനൂപിന്‍റെ തിരുത്ത്; '2023 മുതലുള്ള ആറ് മരണങ്ങളിലും റെംഡെസിവര്‍ നൽകിയിട്ടില്ല'
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ 2023 മുതൽ നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണെന്നും ഇക്കാലളവിലെ മരണങ്ങൾ അന്വേഷിക്കുമെന്നും നിയമസഭയിൽ പറഞ്ഞ ആരോഗ്യമന്ത്രി കെ. മുരളീധരന് തിരുത്തുമായി കേരളത്തിൽ ആദ്യം നിപ രോഗം തിരിച്ചറിഞ്ഞ ഡോ. എ.എസ് അനൂപ് കുമാർ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവര്‍ (Remdesivir) മരുന്ന് കാലാവധി കഴിഞ്ഞതാണെന്നും ഇക്കാലയളവിലെ മരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്.
എന്നാൽ 2023 മുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറു നിപ മരണങ്ങളിലും കെ.എം.എസ്.സി.എൽ (KMSCL) വിതരണം ചെയ്ത റെംഡെസിവര്‍ രോഗികൾക്ക് നൽകിയിരുന്നില്ലെന്ന് ഡോ. അനൂപ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി. തന്‍റെ അറിവ് പ്രകാരം അവസാനമായി 2022ലാണ് ഇന്ത്യയിൽ മരുന്ന് ഉൽപ്പാദിപ്പിച്ചത്. രണ്ടു വർഷമാണ് മരുന്നിന്‍റെ കാലാവധി. അത് 2024ൽ അവസാനിക്കും. അതിന് ശേഷം വന്ന രോഗികൾ ഏത് മരുന്നാണ് ഉപയോഗിച്ചത് എന്ന് തനിക്ക് അറിയില്ല. ഏതായാലും കെ.എം.എസ്.സി.എൽ വിതരണം ചെയ്ത റെംഡെസിവര്‍ മരുന്നും പ്രതിപാദിക്കപ്പെട്ട കാലയളവിലെ നിപ മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
2018 മുതൽ നിപ മരുന്നായി റെംഡെസിവര്‍ ഉപയോഗിക്കുന്നുണ്ട്. അതിനൊപ്പം മോണോക്ലോണൽ ആന്‍റിബോഡിയും (Monoclonal Antibody) ഉപയോഗിച്ചിട്ടുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാണ് എന്നതിന് ഇപ്പോഴും കൃത്യമായ തെളിവുകളില്ല. എബോളക്ക് (Ebola) നൽകുന്നത് പോലെ തന്നെ നിപക്കും മരുന്ന് നൽകുന്നത്.
2023ൽ കോഴിക്കോട് മരുതോങ്കരയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് മിംസ് (MIMS) ആശുപത്രിയിലായിരുന്നു. ആ വർഷം ആറു പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. രണ്ടു പേർ മരിച്ചു. വടകരയിൽ നിന്ന് മിംസ് ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ഉടൻ തന്നെ ഹൃദയസ്തംഭനം അനുഭവപ്പെടുകയും ചില ലക്ഷണങ്ങളുടെ പേരിൽ നിപ പരിശോധന നടത്തുകയുമായിരുന്നു. മൃതദേഹത്തിൽ നിന്ന് സാമ്പിളെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പിന്നീട് നേരത്തെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ മരിച്ച ഇവരുടെ ബന്ധുവിന്‍റെ സാമ്പിളുകളും പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതാണ് കേരളത്തിൽ ആദ്യമായി ഇൻഡക്സ് കേസിൽ (Index Case) രോഗം സ്ഥിരീകരിക്കപ്പെട്ടത്. അതിനാൽ ഇരുവർക്കും നിപ മരുന്ന് നൽകിയിരുന്നില്ല. രണ്ടു രോഗികൾ മിംസ് ആശുപത്രിയിലെ ചികിത്സയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും മറ്റൊരാൾ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗമുക്തി നേടി.
2024ൽ പെരിന്തൽമണ്ണ പാണ്ടിക്കാടുള്ള കുട്ടി സ്വകാര്യ ആശുപത്രിയിൽ നിന്ന് മിംസ് ആശുപത്രിയിലെത്തുകയും നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. രാത്രി മെഡിക്കൽ കോളജിൽ എത്തിയ കുട്ടി രാവിലെയോടെ മരിച്ചു. അന്നും റെംഡെസിവർ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരണപ്പെടുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മരണത്തിന് ശേഷമായിരുന്നു ഈ കേസിൽ രോഗം സ്ഥിരീകരിച്ചത്. അതിനാൽ 2024ലും മരിച്ച രണ്ടു രോഗികൾക്കും മരുന്ന് നൽകിയിരുന്നില്ല.
പിന്നീട് 2025ൽ രണ്ടു രോഗികൾ മരിച്ചു. അതിൽ ഒരു രോഗി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. രോഗനിർണയം നടന്നിരുന്നില്ല. പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഫോറൻസിക് സർജന് തോന്നിയ സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിപ പരിശോധന നടത്തിയത്. അന്നും മരുന്ന് കൊടുത്തിട്ടില്ല. മറ്റൊരു രോഗി പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു മരിച്ചത്. അതിനാൽ തന്നെ കെ.എം.എസ്.സി.എൽ വിതരണം ചെയ്ത മരുന്ന് ആ രോഗിയിലും ഉപയോഗിക്കാൻ സാധ്യതയില്ല. മറ്റ് രണ്ടു രോഗികൾ രക്ഷപ്പെട്ടു. ഒന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു. മറ്റൊരാൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും രോഗമുക്തി നേടി. ഇവർക്കാണ് മരുന്ന് ഉപയോഗിച്ചിട്ടുണ്ടാവുക. ഇവർ രണ്ടു പേരും രക്ഷപ്പെട്ടു.
2026ൽ രാമനാട്ടുകരയിലുള്ള രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗി രക്ഷപ്പെട്ടു. അവസാനമായി 2022ലാണ് മരുന്ന് ഉൽപ്പാദിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. രണ്ടു വർഷമാണ് മരുന്നിന്‍റെ കാലാവധി. 2024 വരെയാണ് കാലാവധി. അതിന് ശേഷം വന്ന രോഗികൾ ഏത് ടൈപ്പ് മരുന്നാണ് ഉപയോഗിച്ചത് എന്ന് അറിയില്ല. ഏതായാലും മരുന്നും നിപ രോഗികളുടെ മരണവും തമ്മിൽ യാതൊരു ബന്ധവുമില്ല - ഡോ. അനൂപ് പറഞ്ഞു.
ഇന്നലെ മാത്യു കുഴൽനാടന്‍റെ സബ്മിഷനുള്ള മറുപടിയിലായിരുന്നു മന്ത്രി നിപ മരുന്ന് നൽകിയതിനെക്കുറിച്ച് സംശയം ഉന്നയിച്ചത്. മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസ് (Infectious Disease) മേധാവി ഡോ. അരവിന്ദിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനാണ് അന്വേഷണ ചുമതല.
നിപ, കോവിഡ് പോലെയുള്ള അസുഖങ്ങൾക്ക് നൽകി വരുന്ന ആന്റിവൈറൽ മരുന്നാണ് ‘റെംഡെസിവർ’. അവസാനമായി 2021 ജൂൺ മൂന്നിന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കാരുണ്യ വഴിയാണ് മരുന്ന് വാങ്ങിയത്. വിതരണം ചെയ്ത മരുന്നിന്റെ എക്സ്പയറി ഡേറ്റ് 2023 മേയ് 30 ആയിരുന്നു. അതിന് ശേഷവും അതേ വർഷം മരുന്ന് നൽകിയെന്നാണ് മന്ത്രി പറയുന്നത്. ഇപ്രാവശ്യം 2026 ജൂൺ 12ന് ബഹ്റൈനിൽ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നൽകിയത്. അങ്ങനെയാണെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2023, 2024, 2025 വർഷങ്ങളിൽ രോഗികൾക്ക് നൽകിയ ‘റെംഡെസിവർ’ മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം.

