നിപ മരുന്ന് വിവാദം; കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും, ആശങ്കയിൽ രോഗികളും ബന്ധുക്കളും
text_fieldsകോഴിക്കോട്: നിപ മരുന്ന് വിവാദത്തിൽ കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും മുന്നേറുമ്പോൾ മരുന്ന് സ്വീകരിച്ച രോഗികളും ബന്ധുക്കളും ആശങ്കയിൽ. കാലാവധി തീർന്നതാണെന്നും നിർമാണ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നുമുള്ള ആരോപണം ഉയർന്ന മരുന്ന് ആരോഗ്യ പ്രവർത്തകരടക്കം സ്വീകരിച്ചിട്ടുണ്ടെന്നതാണ് ആശങ്കക്കിടയാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയലിനുള്ള മരുന്നാണെന്നും മാനുഫാക്ചറിങ് ഡേറ്റ് ഇല്ലാത്തതാണെന്നും മന്ത്രി കെ. മുരളീധരൻ തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുന്നു. ആരോപണത്തിൽ ഒരുപടി കൂടി മുന്നോട്ടുവെക്കുന്നതായിരുന്നു മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന. മരുന്നിന്‍റെ ഫലപ്രാപ്തിയിൽ വിശ്വാസക്കുറവില്ലെന്നും അതിന്‍റെ കാലാവധി കഴിഞ്ഞത് മാത്രമാണ് പ്രശ്നമെന്നും ഈ വർഷം ബഹ്റൈനിൽ നിന്ന് ഇതേ മരുന്ന് എത്തിച്ച് രോഗിക്ക് നൽകിയെന്നും അദ്ദേഹം പറയുന്നു.
ലക്ഷക്കണക്കിന് രൂപ വിലയുള്ള വിദേശനിർമിത എസ്.എം.എ മരുന്നിന് പകരം ഇന്ത്യൻ നിർമിതമായ വിലകുറഞ്ഞ ജനറിക് മരുന്ന് വിതരണം ചെയ്തതിനെതിരെ പ്രതിപക്ഷം രംഗത്തുവന്ന് നാളുകൾക്കുശേഷമാണ് ആരോഗ്യമന്ത്രി സഭയിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എം.എസ്.സി.എൽ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നും തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് താൻ കാര്യങ്ങൾ പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർക്കുമ്പോൾ വരും ദിവസങ്ങളിലും മരുന്ന് വിവാദം കത്തിനിൽക്കുമെന്ന് സൂചനയാണ് നടക്കുന്നത്.
2023 മുതൽ നിപ രോഗികൾക്ക് നൽകിയ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നും ഇക്കാലയളവിലെ നിപ മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനായി മെഡിക്കൽ ബോർഡിനെ നിയമിച്ചതായും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്. ക്ലിനിക്കൽ ട്രയലിന് മരുന്ന് നൽകിയെന്നതിന്റെ തെളിവുകളും ഇതിന് പിന്നാലെ പുറത്തുവന്നു. 'ക്ലിനിക്കൽ ട്രയൽ ഒൺലി' എന്ന് രേഖപ്പെടുത്തിയ അമേരിക്കൻ നിർമിത മരുന്ന് മാനുഫാക്ചറിങ് തീയതിയില്ലാതെ രോഗികൾക്ക് നൽകിയെന്ന് വ്യക്തമാക്കിയ മന്ത്രി കെ. മുരളീധരൻ, എസ്.എം.എ മരുന്ന് വിതരണത്തിൽ തനിക്കെതിരെ രംഗത്തെത്തിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും ചോദിക്കുന്നു.
ഒരു വർഷമായി മാർക്കറ്റിലുള്ള എസ്.എം.എ മരുന്ന്, രോഗി കാത്തിരിക്കേണ്ടതില്ല എന്ന സദുദ്ദേശത്തോടെ വിതരണം ചെയ്തിരുന്നതാണെന്നും മന്ത്രി പറയുന്നു.
പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വിലകുറഞ്ഞ മരുന്ന് കൊടുക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ എന്നും ക്ലിനിക്കൽ ട്രയലിനെ കുറിച്ചുള്ള പരാമർശമൊന്നും കത്തിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനർഥം വിദേശ കമ്പനികളുമായി കുറച്ചധികം ഇടപാടുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിട്ടുണ്ട് എന്നാണ്. അത് പറയാൻ തനിക്ക് യാതൊരു സംശയവുമില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായിട്ടായിരുന്നു കൂടുതൽ ഇടപാടുകൾ നടന്നതെന്നും മന്ത്രി പറഞ്ഞു. ഏത് ഏജന്റാണ് ഇതിന് ഇടനിലക്കാരനായി നിന്നത് എന്നതടക്കം പുറത്തുവരാനുണ്ട്. അത് അന്വേഷിക്കും. ആധികാരികമായി റിപ്പോർട്ട് വന്നതിനു ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
എന്നാൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കെ. മുരളീധരന്‍റെ ആരോപണം തെറ്റാണെന്നും നിയമസഭയിൽ നടത്തിയ പ്രസ്താവന തിരുത്തി മന്ത്രി മാപ്പ് പറയണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. നേരത്തെ എസ്.എം.എ രോഗികൾക്ക് ജനറിക് മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട് വീണാ ജോർജ് അടക്കം ഇടതുപക്ഷത്തെ മൂന്ന് മുൻ ആരോഗ്യമന്ത്രിമാർ സംയുക്തമായി മന്ത്രി കെ. മുരളീധരനെതിരെ വാർത്താസമ്മേളനം നടത്തിയിരുന്നു. ആറര ലക്ഷത്തോളം വിലയുള്ള അമേരിക്കൻ മരുന്നിന് പകരം ഇന്ത്യൻ നിർമിത ജനറിക് മരുന്ന് വിതരണം ചെയ്യുന്നത് നിക്ഷിപ്ത താല്പര്യത്തോടെയാണെന്നും ഇടതുപക്ഷം അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയിൽ നിന്ന് സംഭാവന സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാഷ്ട്രീയ വിവാദം മുറുകുമ്പോൾ ചികിത്സയ്ക്കെത്തുന്ന രോഗികളുടെയും ബന്ധുക്കളുടെയും ആശങ്കയും വർധിക്കുകയാണ്.

