മഞ്ഞപ്പിത്ത പ്രതിരോധം പരിശോധന കർശനമായി തുടരും; നിലമ്പൂർ നഗരസഭയിൽ അടിയന്തര യോഗം ചേർന്നു
text_fieldsനിലമ്പൂർ: നഗരസഭയിലെ സമീപപ്രദേശങ്ങളിലും മറ്റും മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമായി നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും വിൽപന നടത്തുന്നതിലും ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനും തുടർ ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരാൻ തീരുമാനിച്ചു.
മഞ്ഞപ്പിത്തം തടയുന്നതിന് പൊതുജനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കൂട്ടായ സഹകരണം വേണമെന്നും കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തുന്നതോടൊപ്പം നഗരസഭയും ആരോഗ്യവകുപ്പും നടത്തുന്ന പരിശോധനകളോടും പ്രതിരോധ പ്രവർത്തനങ്ങളോടും എല്ലാവരും സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിനായി നഗരസഭ സ്വീകരിച്ചുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ, ഭക്ഷ്യവിൽപന സ്ഥാപനങ്ങളിൽ നടത്തിവരുന്ന പരിശോധനകൾ, ശുചിത്വ പരിശോധനകൾ, തുടർനടപടികൾ എന്നിവ വിലയിരുത്തി. നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ഷൗക്കത്തലി കുമഞ്ചേരി, സ്ഥിര സമിതി അധ്യക്ഷരായ മേരിസ് ഷിബു, മുസ്തഫകളത്തും പടിക്കൽ, മുംതാസ് ബാബു, നഗരസഭ സൂപ്രണ്ട് എ. സഹറുദ്ദീൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സലീം, മൻസൂർ കാരാട്ട്ചാലി, വ്യാപാരി പ്രതിനിധികളായ വിനോദ് പി. മേനോൻ, യു. നരേന്ദ്രൻ, കൗൺസിലർമാരായ ഫ്രാൻസിസ് അമ്പലത്തിങ്ങൽ, ഇസ്ഹാക്ക് അടുക്കത്ത്, ഷെഫീഖ് മണലോടി, പി.ടി. കുഞ്ഞിമുഹമ്മദ്, റജീന നൗഷാദലി, കെ. പ്രഭ, ഹോട്ടൽ പ്രതിനിധി സ്കറിയ കിനാം തോപ്പിൽ, സുലാജ് നിലമ്പൂർ വഴിയോര കച്ചവട യൂനിയൻ പ്രതിനിധി ഷഫീഖ് എന്നിവർ സംസാരിച്ചു.

