Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകൽ ഉറക്കം, രാത്രി ജോലി; നൈറ്റ് ഷിഫ്റ്റുകൾ കാൻസറിന് കാരണമായേക്കാം?

text_fields
bookmark_border
പകൽ ഉറക്കം, രാത്രി ജോലി; നൈറ്റ് ഷിഫ്റ്റുകൾ കാൻസറിന് കാരണമായേക്കാം?
cancel

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ഉറക്കത്തെ മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരത്തെയും ബാധിക്കുമെന്ന് വിദഗ്ധർ. ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും ക്രമം നിരന്തരം മാറുന്നത് സ്തനാർബുദം പോലെയുള്ള കാൻസറുകൾക്ക് കരണമാവുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാത്രിയിലെ കൃത്രിമ വെളിച്ചവും ഉറക്കക്രമത്തിലെ മാറ്റങ്ങളും ശരീരത്തിലെ ഹോർമോൺ ഉൽപാദനത്തെയും കോശങ്ങളുടെ പ്രവർത്തനത്തെയും സ്വാധീനിക്കും.

ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2019ൽ നൈറ്റ് ഷിഫ്റ്റ് ജോലിയെ മനുഷ്യരിൽ കാൻസറിന് സാധ്യതയുള്ള ഘടകങ്ങളുടെ ഗ്രൂപ്പ് 2A വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. മനുഷ്യരിൽ സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ-മലാശയ കാൻസറുകൾ എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളും മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ലഭിച്ച തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു ഈ വിലയിരുത്തൽ. എന്നാൽ രാത്രിജോലി ചെയ്യുന്ന എല്ലാവർക്കും കാൻസർ ഉണ്ടാകുമെന്ന് ഇതിനർഥമില്ല.

ശരീരത്തിലെ ഉറക്കം, ഉണർവ്, വിശപ്പ്, ശരീരതാപനില, ഹോർമോൺ ഉൽപാദനം തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന 24 മണിക്കൂർ ജൈവക്രമത്തെയാണ് സർക്കാഡിയൻ റിഥം അഥവാ ജൈവഘടികാരം എന്നു പറയുന്നത്. പകൽ വെളിച്ചവും രാത്രിയിലെ ഇരുട്ടുമാണ് ഈ ക്രമത്തെ പ്രധാനമായും നിയന്ത്രിക്കുന്നത്. രാത്രിയിൽ ജോലി ചെയ്യുകയും പകൽ ഉറങ്ങുകയും ചെയ്യുമ്പോൾ ഈ സ്വാഭാവിക ക്രമത്തിൽ മാറ്റമുണ്ടാകാം. രാത്രിയിലെ വൈകിയുള്ള ഉറക്കം മെലറ്റോണിൻ ഹോർമോൺ ഉൽപ്പാദനം കുറയുന്നതിനും ഉറക്കത്തിന്റെ സ്വാഭാവിക താളം തടസപ്പെടുന്നതിനും കാരണമാവും.

ഉറക്കത്തെ നിയന്ത്രിക്കുന്നതിനു പുറമെ ശരീരത്തിലെ ചില ജൈവപ്രവർത്തനങ്ങളിലും മെലറ്റോണിന് പങ്കുണ്ട്. കോശങ്ങളുടെ വളർച്ചയെയും പ്രതിരോധപ്രവർത്തനങ്ങളെയും സ്വാധീനിക്കുന്ന ഈ ഹോർമോണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടേക്കാമെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്. രാത്രിയിലെ വെളിച്ചവും ഉറക്കക്രമത്തിലെ വ്യതിയാനങ്ങളും കോശങ്ങളുടെ സ്വാഭാവിക നിയന്ത്രണ സംവിധാനങ്ങളെ ബാധിക്കാമെന്ന് മൃഗങ്ങളിലും പരീക്ഷണശാലകളിലും നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

എല്ലാ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരിലും ഒരേ തരത്തിലുള്ള അപകടസാധ്യതയല്ല ഉള്ളത്. തുടർച്ചയായി രാത്രിജോലി ചെയ്യുന്നതും ആഴ്ചയിൽ കൂടുതൽ രാത്രികളിൽ ജോലി ചെയ്യുന്നതും ജൈവഘടികാരത്തെ കൂടുതൽ ബാധിച്ചേക്കാം. അർധരാത്രി മുതൽ പുലർച്ചെ അഞ്ചുമണി വരെയുള്ള സമയത്ത് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നത്, ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രി ഷിഫ്റ്റുകൾ, പത്തുവർഷത്തിലധികം നീളുന്ന രാത്രിജോലി എന്നിവ അപകടസാധ്യതയുമായി ബന്ധപ്പെട്ട ഘടകങ്ങളായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

രാത്രിജോലി പൂർണമായി ഒഴിവാക്കാൻ കഴിയാത്തവർക്ക് ഷിഫ്റ്റുകൾ ക്രമീകരിക്കുന്നതിൽ ചില മുൻകരുതലുകൾ സ്വീകരിക്കാം. തുടർച്ചയായ രാത്രി ഷിഫ്റ്റുകളുടെ എണ്ണം കുറക്കുക, രണ്ട് ഷിഫ്റ്റുകൾക്കിടയിൽ മതിയായ വിശ്രമസമയം ഉറപ്പാക്കുക, പകൽ ഉറങ്ങുമ്പോൾ മുറിയിൽ വെളിച്ചവും ശബ്ദവും നിയന്ത്രിക്കുക, സ്ഥിരമായ ഉറക്കക്രമം പാലിക്കുക എന്നിവ ശ്രദ്ധിക്കാം. രാത്രി ജോലി കഴിഞ്ഞ് ഉറങ്ങുന്നതിന് മുമ്പ് അമിതമായ വെളിച്ചം ഒഴിവാക്കുന്നതും പ്രധാനമാണ്. എന്നാൽ ഇത്തരം മുൻകരുതലുകൾ കാൻസർ സാധ്യത പൂർണമായി ഇല്ലാതാക്കുമെന്ന് ഉറപ്പില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Night shift health risks
Next Story