കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി
text_fieldsകോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതായി പരാതി. കുട്ടിയുടെ ശരീരത്തിൽ കുടുങ്ങിയ സൂചി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പുറത്തെടുത്തു.
കഴിഞ്ഞ വർഷം ജൂണിനാണ് ഏറ്റുമാനൂർ സ്വദേശിനി അഞ്ജു കോട്ടയം മെഡിക്കൽ കോളേജിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അന്ന് മാറ്റിയിരുന്നു. കുഞ്ഞിനെ തിരികെ നൽകിയപ്പോൾ വലതുവശത്തെ വാരിയെല്ലിനോട് ചേർന്ന് ചെറിയൊരു മുഴയുണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇത് ഡോക്ടർമാരെ അന്നുതന്നെ അറിയിച്ചിരുന്നു എന്നും കുടുംബം പറയുന്നു.
ഇത് സാധാരണ തടിപ്പാണെന്ന് പറഞ്ഞ് ഡോക്ടർമാർ അന്ന് കൂടുതൽ പരിശോധന നടത്തിയില്ലെന്നാണ് കുടുംബം ആരോപിച്ചത്. ശേഷം ഒരു വർഷം കഴിഞ്ഞ് കുഞ്ഞിന്റെ വാരിയെല്ലിന്റെ ഭാഗത്തെ തടിപ്പ് കൂടുന്നതായി ശ്രദ്ധയിൽപെട്ട കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അവിടെവെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിൽ സൂചി പുറത്തെടുത്തു.
കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നാണ് സൂചി തറച്ചുകയറിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ആരോഗ്യമന്ത്രിക്കും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും കുടുംബം പരാതി നൽകി. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

