മരുന്നുകമ്പനികളിൽനിന്ന് 1,000 കോടി സൗജന്യം; ഡോക്ടർമാരുടെ വിവരം തേടി ദേശീയ മെഡിക്കൽ കമീഷൻ
text_fieldsന്യൂഡൽഹി: മരുന്നുകൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കും പ്രചാരം നൽകുന്നതിനായി മരുന്നുകമ്പനികളിൽനിന്ന് 1,000 കോടി രൂപയോളം സൗജന്യം കൈപ്പറ്റിയ ഡോക്ടർമാരുടെ വിവരം തേടി ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) ആദായ നികുതി നികുതി വകുപ്പിന്റെ ഭരണവിഭാഗമായ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് (സി.ബി.ഡി.ടി) കത്തയച്ചു.
സൗജന്യം കൈപ്പറ്റിയ ഡോക്ടർമാരുടെ പേരും വിലാസവും രജിസ്ട്രേഷൻ നമ്പറും നൽകണമെന്ന് സി.ബി.ഡി.ടി ചെയർപേഴ്സൻ നിതിൻ ഗുപ്തക്ക് അയച്ച കത്തിൽ എൻ.എം.സി എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് അംഗം ഡോ. യോഗീന്ദർ മാലിക് ആവശ്യപ്പെട്ടു. സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് കൈമാറി ആവശ്യമായ നടപടി സ്വീകരിക്കാനാണിതെന്നും എൻ.എം.സി വ്യക്തമാക്കി. ഡോളോ 650 നിർമാതാക്കളായ ബംഗളൂരുവിലെ മൈക്രോ ലാബ്സ് അടക്കം ആറു മരുന്നുകമ്പനികൾ ഡോക്ടർമാർക്ക് 1,000 കോടി രൂപയോളം സൗജന്യം നൽകിയതായി ജൂലൈയിലാണ് സി.ബി.ഡി.ടി വ്യക്തമാക്കിയത്.
പിന്നാലെ മൈക്രോ ലാബ്സിന്റെ 36 കേന്ദ്രങ്ങളിൽ വരുമാന നികുതി വിഭാഗം പരിശോധന നടത്തുകയും ചെയ്തിരുന്നു. മരുന്നുകൾക്ക് പ്രചാരം നൽകുന്നതിനായി സൗജന്യങ്ങൾ നൽകുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം കുറ്റകരമാണ്.