ദേശീയ വിരവിമുക്ത ദിനാചരണം; ജില്ലയിലെ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക നൽകും
text_fieldsകൽപറ്റ: ‘വിരബാധയില്ലാത്ത കുട്ടികൾ, ആരോഗ്യമുള്ള കുട്ടികൾ’ എന്ന സന്ദേശവുമായി സംസ്ഥാനത്ത് ചൊവ്വാഴ്ച ദേശീയ വിരവിമുക്ത ദിനാചരണം നടത്തുന്നു.
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിരവിമുക്ത ഗുളികയായ ആൽബൻഡസോൾ നൽകും.
കുട്ടികളിലെ വിരബാധയില്ലാതാക്കി ശരിയായ പോഷണത്തിലേക്കും ആരോഗ്യത്തിലേക്കും നയിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 2,25,000 കുട്ടികൾക്കാണ് പദ്ധതിയിലൂടെ ഗുളിക നൽകാൻ ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച ഉച്ചഭക്ഷണശേഷം ജില്ലയിലെ അംഗൻവാടികൾ, സ്കൂളുകൾ എന്നിവയിലെ കുട്ടികളെ വിരവിമുക്ത ഗുളിക കഴിപ്പിക്കും. വിട്ടുപോകുന്ന കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകും. വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇതര വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാനന്തവാടി ഗവ. യു.പി സ്കൂളിൽ നടക്കും.
വിരബാധ ഒഴിവാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വിരബാധ കുട്ടികളിൽ പോഷണക്കുറവിനും വിളർച്ചക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ക്ഷീണം, ഉത്സാഹക്കുറവ്, പഠനക്കുറവ്, വളർച്ചാ പ്രശ്നങ്ങൾ എന്നിവ ഇതുമൂലമുണ്ടാകും. വിരബാധ തടയാൻ ചില ആരോഗ്യ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാം.
- ഭക്ഷണത്തിനു മുമ്പും ശുചിമുറിയിൽ പോയശേഷവും കൈകൾ സോപ്പിട്ട് വൃത്തിയായി കഴുക്കുക
- കുടിക്കാൻ ശുദ്ധജലം മാത്രം
- തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം കുടിക്കുക
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം കഴിക്കുക
- മതിയായ പാദരക്ഷകൾ ഉപയോഗിക്കുക
- നഖങ്ങൾ വെട്ടിയും കൈ ശുദ്ധമായും സൂക്ഷിക്കുക
- ശുചിമുറികൾ വൃത്തിയുള്ളതും ശുചിയായും സൂക്ഷിക്കുക
- കുട്ടികൾക്ക് ആറു മാസത്തിലൊരിക്കൽ വിരനശീകരണ ഗുളിക ആൽബൻഡസോൾ നൽകുക. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഇത് സൗജന്യമായി ലഭിക്കും.
- കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശരിയായ ആരോഗ്യ ശീലങ്ങൾ പഠിപ്പിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

