'കൊതുകുകളോട് കടിക്കരുതെന്ന് പറയാനാകില്ല': ഡെങ്കി വ്യാപനത്തിനിടെ ബംഗാൾ മന്ത്രിയുടെ പരാമർശം വിവാദമാകുന്നു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രാണിജന്യ രോഗങ്ങൾ വ്യാപിക്കുന്നതിനിടെ മന്ത്രി അഗ്നിമിത്ര പോൾ നടത്തിയ പരാമർശം വിവാദമാകുന്നു. "സർക്കാർ മാറിയതുകൊണ്ട് കൊതുകുകളോട് കടിക്കരുതെന്ന് പറയാൻ കഴിയില്ല," എന്നായിരുന്നു മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കൊതുകുകളെ മെരുക്കാൻ കഴിയില്ലെന്നതിനാൽ സാഹചര്യം നേരിടാൻ സർക്കാർ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും നഗരവികസന, മുനിസിപ്പൽ കാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പോൾ പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി വൻതോതിൽ വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ 4000-ത്തിലധികം ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ ആഴ്ചയുടെ തുടക്കത്തിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകളുടെ എണ്ണം പകുതിയാണെന്നും അധികാരി കൂട്ടിച്ചേർത്തു. ഡെങ്കിപ്പനി സീസണിൽ വിദ്യാർത്ഥികൾ കൈകളും കാലുകളും പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ സ്കൂളുകൾ അനുവാദം നൽകണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ശാരദ്വത് മുഖർജി അഭ്യർത്ഥിച്ചു.
അതേസമയം മന്ത്രി അഗ്നിമിത്ര പോളിന്റെ പരാമർശത്തിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. മുൻ രാജ്യസഭാ എം.പി ജവഹർ സർക്കാരും മന്ത്രിയെ രൂക്ഷമായി വിമർശിച്ചു. "പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ ഒറ്റയ്ക്ക് തകർക്കാൻ അവർക്ക് മാത്രമേ കഴിയൂ! ഇതിനുമുമ്പ്, നടപ്പാതയുടെ ഒരു മൂലയിൽ തന്റെ കുഞ്ഞിനായി പാൽ തിളപ്പിച്ചുകൊണ്ടിരുന്ന ഭവനരഹിതയായ ഒരു ദരിദ്ര സ്ത്രീയോട് അവർക്ക് എന്തുകൊണ്ടാണ് വീടില്ലാത്തത് എന്ന് ചോദിച്ചില്ലേ?" - മന്ത്രിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ജവഹർ സർക്കാർ കുറിച്ചു.
കഴിഞ്ഞ ആഴ്ച കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് പ്രദേശത്തെ നടപ്പാതയിൽവെച്ച് കുഞ്ഞിനുവേണ്ടി പാൽ ചൂടാക്കുകയായിരുന്ന ഭവനരഹിതയായ സ്ത്രീയോട് അഗ്നിമിത്ര പോൾ കയർക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. "നടപ്പാതയിൽ കുഞ്ഞിനായി പാൽ ചൂടാക്കുകയാണോ? പാർക്ക് സ്ട്രീറ്റിൽ? ഇവിടെ കുടുംബം തുടങ്ങാൻ നിങ്ങൾക്ക് ആരാണ് അനുമതി നൽകിയത്?" എന്ന് പോൾ ചോദിക്കുന്നത് കേൾക്കാമായിരുന്നു.
തുടർന്ന് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോഡിൽ നിന്ന് സാധനങ്ങൾ മാറ്റാൻ അവർ ആ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതും വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

