മോഡേൺ മെഡിസിനും വാതവും; മുട്ടുവേദന ഏത് വാതത്തിൽ പെടും?
text_fieldsമോഡേൺ മെഡിസിനിൽ മലയാളീകരിക്കാൻ ഏറ്റവും പ്രയാസമുള്ള രോഗ വിഭാഗമാണ് സന്ധി രോഗങ്ങൾ (ആർത്രൈറ്റിസ്). സന്ധി രോഗങ്ങൾക്ക് കൃത്യമായ നിർവചനങ്ങളുംമെഡിക്കൽ വാക്കുകളും ഉള്ളപ്പോഴും അവയെ മലയാളത്തിലേക്ക് മൊഴി മാറ്റി പറഞ്ഞു കൊടുക്കാൻ പ്രയാസമാണ്.
റ്യൂമാറ്റോയ്ഡ് ആർത്രൈറ്റിസ് (RA)
പ്രധാനമായും ബാധിക്കുന്നത് ചെറിയ സന്ധികളെയാണ്. കൈകാലുകളിലെ ചെറിയ സന്ധികളിൽ (വിരലുകൾ പോലത്തെ) വേദനയും വീക്കവും ഉണ്ടാകുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ നിവർത്താൻ പ്രയാസം അനുഭവപ്പെടുന്നു-(Morning stiffness).
ശരീരത്തിന്‍റെ ഇരുവശത്തുമുള്ള സന്ധികളെ ഒരുപോലെ ബാധിക്കുന്നു (Symmetrical). ക്ഷീണം, ചെറിയ പനി, വിശപ്പില്ലായ്മ തുടങ്ങിയ പൊതുലക്ഷണങ്ങൾ (Systemic symptoms) ഉണ്ടാകാം. ശ്വാസകോശം പോലെയുള്ള മറ്റ് അവയവങ്ങളെയും ബാധിക്കാം.
രോഗം ദീർഘകാലം തുടരുമ്പോൾ സന്ധികളുടെ രൂപവൈകല്യവും ചലനപരിമിതിയും ഉണ്ടാകാം.
രക്തപരിശോധനയിൽ ESR, CRP എന്നിവ കൂടിയതായി കാണും. രക്തത്തിൽ റ്യൂമറ്റോയ്ഡ് ഫാക്ടർ , ആന്‍റി CCP എന്നിവ രോഗനിർണയത്തിന് സഹായകമാവും. ദീർഘകാലം നീണ്ടു നിൽക്കുന്ന രോഗങ്ങളിൽ സന്ധികളുടെ Xray കളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. എപ്പോഴും ഉണ്ടാവണമെന്നില്ല. പലപ്പോഴും RA യെ മലയാളീകരിക്കുമ്പോൾ ആമവാതം, രക്തവാതം സന്ധിവാതം എന്നീ വാക്കുകൾമാറി മാറി ഉപയോഗിക്കാറുണ്ട്.
സെറോനെഗറ്റീവ് ആർത്രൈറ്റിസ്
സന്ധിവേദനയും സന്ധിവീക്കവും ഉണ്ടാകുമ്പോൾ പലരും ആദ്യം ചോദിക്കുന്നത് “റ്യൂമറ്റോയ്ഡ് ഫാക്ടർ പോസിറ്റീവ് ആണോ?” എന്നാണ്. എന്നാൽ ചിലരിൽ സന്ധികളിൽ വ്യക്തമായ വീക്കവും വേദനയും ഉണ്ടായിട്ടും Rheumatoid Factor (RF), Anti-CCP തുടങ്ങിയ പരിശോധനകൾ നെഗറ്റീവ് ആയിരിക്കാം. ഇത്തരം ചില രോഗങ്ങളെ പൊതുവായി സെറോനെഗറ്റീവ് ആർത്രൈറ്റിസ് (രക്ത പരിശോധനകൾ നെഗറ്റീവ് ആയ സന്ധിരോഗങ്ങൾ) എന്ന് വിളിക്കുന്നു. ഇത് ഒരൊറ്റ രോഗത്തിന്റെ പേരല്ല. പ്രധാനമായും സ്പോണ്ടൈലോ ആർത്രൈറ്റിസ് (SpA) വിഭാഗത്തിൽപ്പെടുന്ന ചില സന്ധി രോഗങ്ങളെയാണ് ഈ പദം കൊണ്ട് സൂചിപ്പിക്കുന്നത്.
ഇതിൽ ഉൾപ്പെടുന്ന പ്രധാന രോഗങ്ങൾ:
സോറിയാറ്റിക്:
സോറിയാസിസിനോടൊപ്പം ഉണ്ടാകുന്ന സന്ധിരോഗം. ആൻകൈലോസിങ് സ്പോണ്ടൈലൈറ്റിസ്/ ആക്സിയൽ- പ്രധാനമായും നട്ടെല്ലിനെയും ഇടുപ്പിനെയും (സാക്രോഇലിയാക് സന്ധികളെയും) ബാധിക്കുന്നത്.
റിയാക്റ്റീവ് ആർത്രൈറ്റിസ്: ചില അണുബാധകൾക്ക് ശേഷം ഉണ്ടാകുന്നത്. ഐ.ബി.ഡി (Inflammatory bowel disease-associated arthritis) തുടങ്ങിയ കുടൽരോഗങ്ങളോടൊപ്പം ഉണ്ടാകുന്നത്.
പെരിഫറൽ സ്പോണ്ടിലോർത്രൈറ്റിസ്:
പെരിഫറൽ സ്പോണ്ടിലോർത്രൈറ്റിസ്(Peripheral spondyloarthritis) – കൈകാലുകളിലെ സന്ധികളെയും tendonകളുടെ ചുറ്റുപാടുകളെയും പ്രധാനമായും ബാധിക്കുന്നത്.
രോഗത്തിന്റെ തരമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ദീർഘ കാലം നീണ്ടു നിൽക്കുന്ന സന്ധിവേദനയും വീക്കവും. രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ നിവർത്താനുള്ള പ്രയാസം (morning stiffness). കുതികാൽ, (Achilles tendon) കാലിൻ്റെ പാദം തുടങ്ങിയ ഭാഗങ്ങളിൽ വേദന.
വിരലുകൾ മുഴുവനായി വീർക്കുന്ന സോസേജ് ഡിജിറ്റ് (dactylitis).
നടുവേദന — പ്രത്യേകിച്ച് വിശ്രമിക്കുമ്പോൾ കൂടുകയും ചലിക്കുമ്പോൾ കുറയുകയും ചെയ്യുന്ന വേദന. കണ്ണിൽ പെട്ടെന്ന് ചുവപ്പ്, വേദന, വെളിച്ചം നോക്കാൻ ബുദ്ധിമുട്ട് (uveitis).
ചിലരിൽ സോറിയാസിസിന്റെ ത്വക്ക്/നഖ വ്യതിയാനങ്ങൾ. ചിലരിൽ വയറിളക്കം, വയറുവേദന തുടങ്ങിയ കുടൽരോഗ ലക്ഷണങ്ങൾ.
RA യിൽ നിന്നും SpA യുടെ പ്രധാന വ്യത്യാസം ഇവിടെ നട്ടെല്ല്, ഇടുപ്പ്, മുട്ട് തുടങ്ങിയ വലിയ സന്ധികൾ കൂടുതൽ ആയി ബാധിക്കപ്പെടുന്നു എന്നതാണ്. അതേ പോലെ ശരീരത്തിൻ്റെ ഇരു വശങ്ങളും ഒരേ പോലെ ബാധിക്കപ്പെടണമെന്നില്ല (Asymmetric).
ഏറ്റവും പ്രധാനപ്പെട്ട കാര്യം ടെസ്റ്റുകൾ രോഗ നിർണയത്തിൽ കാര്യമായി സഹായിക്കണമെന്നില്ല എന്നതാണ്. നേരത്തെ പറഞ്ഞ
RF, Anti-CCP എന്നിവ നെഗറ്റീവ് ആയിരിക്കും. അതുകൊണ്ട് മാത്രം ആർത്രൈറ്റിസ് ഇല്ലെന്ന് പറയാനാവില്ല. ESR CRP ഇവിടെയും കൂടാൻ ആണ് സാധ്യത.
രോഗനിർണയം ചെയ്യുന്നത് പ്രധാനമായും രോഗിയുടെ ലക്ഷണങ്ങൾ വെച്ചാണ്. സന്ധികളുടെ പരിശോധന, രക്തപരിശോധനകൾ, എക്സ്റേ (X-ray) /സ്കാൻ (MRI/ultrasound ) തുടങ്ങിയവ സഹായകമാകാം. SpA യെയും മലയാളത്തിൽ ആമവാതം, സന്ധിവാതം എന്നൊക്കെ വിളിക്കാറുണ്ട്
ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis – OA)
നമ്മുടെ സമൂഹത്തിൽ വളരെ സാധാരണയായി കാണപ്പെടുന്ന സന്ധിരോഗമാണ് ഇത് . പ്രായം കൂടുന്നതിനനുസരിച്ച് ഇതിന്റെ സാധ്യത വർധിക്കുന്നു.
പ്രധാനമായും മുട്ട്, ഇടുപ്പ്, നട്ടെല്ല്, കൈവിരലുകൾ തുടങ്ങിയ സന്ധികളെയാണ് ഇത് ബാധിക്കുന്നത്. സന്ധിക്കുള്ളിലെ എല്ലുകളുടെ അറ്റങ്ങളെ മൂടി സംരക്ഷിക്കുന്ന cartilage ക്രമേണ കേടാകുന്നതും അതോടൊപ്പം സന്ധിയിലെ മറ്റ് ഘടനകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നതുമാണ് OA-യുടെ പ്രധാന പ്രത്യേകത.
പ്രധാന ലക്ഷണങ്ങൾ
* ചലിക്കുമ്പോൾ കൂടുന്ന സന്ധിവേദന
* സന്ധി പൂർണ്ണമായി വളയ്ക്കാനോ നിവർത്താനോ ബുദ്ധിമുട്ട്
* നടക്കുമ്പോൾ മുട്ടിൽ നിന്ന് “ശബ്ദം” (crepitus) ഉണ്ടാകുക
* രോഗം പുരോഗമിക്കുമ്പോൾ സന്ധിയുടെ ചലനശേഷി കുറയുക
* ചിലരിൽ സന്ധിയിൽ ചെറിയ വീക്കം ഉണ്ടാകാം
Rheumatoid arthritis പോലുള്ള inflammatory arthritis-ൽ കാണുന്നതുപോലെ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന morning stiffness സാധാരണയായി OA-യിൽ ഉണ്ടാകാറില്ല. നേരെ മറിച്ച് വിശ്രമിക്കുമ്പോൾ വേദന കുറയുകയും ചലിക്കുമ്പോൾ കൂടുകയും ചെയ്യുന്നു.
പ്രായം കൂടിയവർ, അമിതഭാരമുള്ളവർ, മുൻപ് സന്ധിക്ക് പരിക്കേറ്റിട്ടുള്ളവർ
സന്ധിക്ക് അമിതമായ സമ്മർദ്ദം ആവർത്തിച്ച് ഉണ്ടാകുന്ന ജോലികളിലുള്ളവർ എന്നിവർക്ക് സാധ്യത കൂടുതലാണ്. മലയാളത്തിൽ തേയ്മാനം എന്നാണ് സാധാരണ വിളിക്കാറുള്ളത്.
ഇവയൊക്കെ കൂടാതെ യൂറിക് ആസിഡ് കൂടിയിട്ടുള്ള ഗൗട്ട്, പല തരം അണുബാധകൾ എന്നിങ്ങനെ വലിയൊരു ലിസ്റ്റ് തന്നെ സന്ധി വേദനകൾ ഉണ്ടാക്കാം.
മുട്ടുവേദന ഏത് വാതത്തിൽ പെടും?
സന്ധി രോഗങ്ങൾ മൊത്തത്തിൽ എടുത്താൽ ഏറ്റവും സർവ്വ സാധാരണമായ ഒന്നായിരിക്കും മുട്ടു വേദന. അതുകൊണ്ട് തന്നെ മുട്ടു വേദന ആമവാതവുമാവാം തേയ്മാനവുമാവാം. ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന തേയ്മാനത്തിൻ്റേയും റ്യുമറ്റോയിഡ് ആർത്രൈറ്റിസ് അല്ലെങ്കിൽ സീറോ നെഗറ്റീവ് സ്പോണ്ടൈലോ ആർത്രൈറ്റിസ് എന്ന ആമ വാതത്തിൻ്റേയും പൊതു ലക്ഷണമാണ് മുട്ടു വേദന. അതുകൊണ്ട് മുട്ടിൻ്റെ കൂടെ വേദനയുള്ള മറ്റു സന്ധികൾ, വേദന കൂടുന്ന സമയം, വിശ്രമിക്കുമ്പോൾ ഉള്ള സ്റ്റിഫ്നസ്, ബാക്കി ലക്ഷണങ്ങൾ എല്ലാം കൂടി കണക്കിലെടുത്തേ കൃത്യമായ രോഗ നിർണയത്തിലേക്ക് എത്താൻ കഴിയൂ.
ഇങ്ങനെ വളരെ സങ്കീർണ്ണമായ പേരുകളും തരം തിരിക്കലുമൊക്കെ എന്തിനാണെന്ന് സ്വാഭാവികമായും സംശയം വരാം. മുകളിൽ പറഞ്ഞ ഓരോ രോഗത്തിൻ്റേയും ചികിത്സ ഓരോ തരത്തിലാണ്. നേരത്തേ രോഗനിർണ്ണയം നടത്തലും ചികിത്സ ആരംഭിക്കലും വളരെ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

