ലോകത്ത് ആർത്തവാവധി നൽകുന്ന രാജ്യങ്ങൾ ഇവയാണ്...
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ആർത്തവാവധി സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് ആനുകൂല്യത്തോട് കൂടിയ ആർത്തവാവധി നിർബന്ധമാക്കണമെന്ന ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് ഈ വിഷയം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഇത്തരം നിയമങ്ങൾ നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ ബാധിച്ചേക്കാമെന്നും, തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിച്ചേക്കാമെന്നും നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.
എന്നാൽ, ഇന്ത്യയിൽ ഈ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ തന്നെ ലോകത്തെ പല രാജ്യങ്ങളും വർഷങ്ങൾക്ക് മുമ്പ് തന്നെ ആർത്തവാവധി നിയമപരമായി നടപ്പിലാക്കിയിട്ടുണ്ട്. അവയിൽ ആനുകൂല്യങ്ങളോട് കൂടിയുള്ള അവധിയും ശമ്പളരഹിത അവധിയുമുണ്ട്.
ജപ്പാൻ: ലോകത്ത് ആർത്തവാവധി നടപ്പിലാക്കിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. 1947-ലെ തൊഴിൽ നിയമപ്രകാരം, ആർത്തവസമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് അവധിക്ക് അപേക്ഷിക്കാം. എന്നാൽ, ഈ അവധിക്ക് ശമ്പളം നൽകണമെന്ന് നിയമം നിർബന്ധിക്കുന്നില്ല. പലപ്പോഴും തൊഴിലിടങ്ങളിലെ സാമൂഹിക സമ്മർദം കാരണം പല സ്ത്രീകളും ഈ അവധി ഉപയോഗപ്പെടുത്താറില്ല എന്നതാണ് വസ്തുത.
ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിലെ തൊഴിൽ നിയമമനുസരിച്ച് സ്ത്രീകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധിക്ക് അർഹതയുണ്ട്. അതോടൊപ്പം അവധി നൽകാത്ത കമ്പനികൾക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ഇവിടെയും അവധി ശമ്പളരഹിതമാണെങ്കിലും അവധി എടുക്കാത്ത ജീവനക്കാർക്ക് ചില കമ്പനികൾ അധിക വേതനം നൽകാറുണ്ട്.
ഇന്തോനേഷ്യ: 1948 മുതൽ ഇന്തോനേഷ്യയിൽ ആർത്തവാവധി നിലവിലുണ്ട്. ആർത്തവ ചക്രത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവധി എടുക്കാനാണ് നിയമം അനുവദിക്കുന്നത്. എങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പല സ്ഥാപനങ്ങളും മുന്നോട്ടുവെക്കാറുണ്ട്.
തായ്‌വാൻ: തായ്‌വാനിൽ 'ലിംഗസമത്വ നിയമ'ത്തിന് കീഴിലാണ് ആർത്തവാവധി ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷത്തിൽ മൂന്ന് ദിവസം വരെ സ്ത്രീകൾക്ക് ഇത്തരത്തിൽ അവധി എടുക്കാം. ഈ ദിവസങ്ങളിൽ പകുതി ശമ്പളം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. സാധാരണയുള്ള സിക്ക് അവധി ഉൾപ്പെടുത്താതെയാണ് ഇത് നൽകുന്നത്.
സ്പെയിൻ: 2023-ൽ ആർത്തവാവധി നിയമം പാസാക്കിയ യൂറോപ്പിലെ ആദ്യത്തെ രാജ്യമാണ് സ്പെയിൻ. കഠിനമായ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ അവധി എടുക്കാം. ഈ കാലയളവിലെ ശമ്പളം സർക്കാർ ഇൻഷുറൻസ് സംവിധാനത്തിലൂടെ നൽകും.
ആർത്തവാവധി നൽകുന്ന ഭൂരിഭാഗം രാജ്യങ്ങളിലും അത് ശമ്പളരഹിതമാണ്. എന്നാൽ, സ്ത്രീകളുടെ ആരോഗ്യത്തിനും അവകാശങ്ങൾക്കും മുൻഗണന നൽകുന്ന നീക്കമായാണ് ആഗോളതലത്തിൽ ഇതിനെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

