ആദ്യ കരൾമാറ്റ ശസ്ത്രക്രിയക്ക് തയാറായി മെഡിക്കൽ കോളജ്
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ തിങ്കളാഴ്ച നടക്കും. മൂന്നുതവണ മാറ്റിവെച്ച ശസ്ത്രക്രിയയാണ് ഇപ്പോൾ നടത്താൻ തീരുമാനിച്ചത്. തൃശൂർ സ്വദേശി യുവാവിനാണ് കരൾ മാറ്റിവെക്കുന്നത്. ഭാര്യയാണ് ദാതാവ്. ജനുവരിയിൽ നടത്താനുള്ള ക്രമീകരണം പൂർത്തിയായപ്പോൾ ഔദ്യോഗിക തടസ്സങ്ങൾ നേരിട്ടു. അത് പരിഹരിച്ച് മറ്റൊരു ദിവസം നടത്താൻ ശ്രമിച്ചപ്പോൾ, രോഗിക്കും ദാതാവിനും കോവിഡ്.
ഇരുവരും കോവിഡ് മുക്തരായപ്പോൾ, ദാതാവിന് ശാരീരിക അസ്വസ്ഥത നേരിട്ടതിനാൽ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ശനിയാഴ്ച ശസ്ത്രക്രിയക്ക് മുന്നോടിയായി ഇരുവരുടെയും കോവിഡ് പരിശോധന നടത്തി. വൈകീട്ടോടെ കോവിഡ് നെഗറ്റിവ് ഫലം ലഭിച്ചു. അതിനാൽ തിങ്കളാഴ്ചതന്നെ ശസ്ത്രക്രിയ ചെയ്യുമെന്ന് ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. സിന്ധു പറഞ്ഞു.
കേരളത്തിൽ സർക്കാർ മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരുതവണ മാത്രമേ കരൾമാറ്റ ശസ്ത്രക്രിയ നടന്നിട്ടുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.