മെഡി. കോളജ് ആശുപത്രിയിലെ കെട്ടിട നിര്‍മാണം അവതാളത്തില്‍
text_fieldsമെഡിക്കല്‍ കോളജില്‍ പുതിയ ഓപറേഷന് ബ്ലോക്ക് നിര്‍മിക്കാനായി പാതി പൊളിച്ചുനിര്ത്തിയ പഴയ കെട്ടിടം. സമീപത്ത് വാഹന പാര്‍ക്കിങ്ങും
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപറേഷന് തിയറ്റര്‍ കെട്ടിട നിര്‍മാണം അവതാളത്തില്‍. ഭാഗികമായി പൊളിച്ചുനിര്ത്തിയിരിക്കുന്ന പഴയ കെട്ടിടം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയാകുന്നതായി പരാതി. പുതിയ ഓപറേഷന് തിയറ്റര്‍ നിര്‍മാണത്തിനായി 16,17,18,19, 24,25 വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഭാഗികമായി പൊളിച്ചത്.
പാതി പൊളിച്ചുനിര്ത്തിയ കെട്ടിടത്തിന് സമീപത്തുകൂടിയാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലേക്കും മോര്‍ച്ചറിയിലേക്കും രോഗികളും കൂട്ടിരിപ്പുകാരും സഞ്ചരിക്കുന്നത്. ഏതുസമയവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് കെട്ടിടം. ദിവസങ്ങള്‍ക്കുമുമ്പ് പെയ്ത മഴയില്‍ കെട്ടിടം പൂര്‍ണമായും കുതിര്ന്നുനില്ക്കുന്നതായി രോഗികളും ബന്ധുക്കളും നാട്ടുകാരും പറയുന്നു. ആശുപത്രിയിലെത്തുന്നവരുടെ നിരവധി വാഹനങ്ങളാണ് കെട്ടിടത്തോട് ചേര്‍ത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത്.
കെട്ടിടത്തിലെ പ്രധാന ഇലക്ട്രിക് കേബിളുകള്‍ മാറ്റാന്‍ കഴിയാത്തതിനാലാണ് പഴയകെട്ടിടം പൊളിച്ചു മാറ്റാന്‍ കഴിയാത്തതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തി 50 ലക്ഷം രൂപക്ക് കരാറെടുക്കുകയായിരുന്നു. കേബിള്‍ മാറ്റിയാല്‍ ഉടന്‍ തന്നെ പണികള്‍ ആരംഭിക്കുമെന്ന് മരാമത്ത് വിഭാഗം പറയുന്നു. കൂടാതെ, കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോമറും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. 80 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എന്നാല്‍, കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സാങ്കേതിക കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതാണ് കെട്ടിട നിര്‍മാണത്തിന് തടസ്സമാകുന്നതെന്നാണ് സൂചന.
പൊളിച്ച കെട്ടിടത്തില്‍ നിന്ന് മാറ്റിയ വാര്‍ഡുകളിലെ രോഗികളെ മറ്റ് വാര്‍ഡുകളിലായി ഞെക്കി ഞെരുക്കിയാണ് കിടത്തിരിക്കുന്നത്. നിലത്തും ഒരു കിടക്കയില്‍ ഒന്നിലധികം രോഗികളുമാണ് ഇപ്പോള്‍ പല വാര്‍ഡുകളിലായി കഴിഞ്ഞുകൂടുന്നത്. ഇത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപവുമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

