ജില്ലയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; ഭീതിവേണ്ടെന്ന് ആരോഗ്യ വകുപ്പ്
text_fieldsആലപ്പുഴ: ജില്ലയിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു. ഈമാസം 11നാണ് രോഗം സ്ഥിരീകരിച്ചത്. മലയോര മേഖലകളിലാണ് സാധാരണ ഈ രോഗം കണ്ടുവരുന്നത്. രോഗത്തെക്കുറിച്ച് ഭീതിവേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മലയോര മേഖല സഞ്ചരിച്ച ആലപ്പുഴ സ്വദേശിക്കാണ് രോഗം പിടിപ്പെട്ടത്. വിനോദസഞ്ചാരമടക്കം മലയോരത്ത് യാത്രചെയ്യുന്നവരിൽനിന്ന് വല്ലപ്പോഴും ചെള്ളുപനി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതിനാൽതന്നെ അതിന്റെ ഉറവിടം കണ്ടെത്തേണ്ട സാഹചര്യമില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിലും റിപ്പോർട്ട് ചെയ്തിരുന്നു. രോഗം പടരാതിരിക്കാൻ മാർഗനിർദേശം നൽകേണ്ട ആരോഗ്യ വകുപ്പ് ഇക്കാര്യം മറച്ചുവെച്ചതായും ആക്ഷേപമുണ്ട്.
സംസ്ഥാന ആരോഗ്യ വകുപ്പ് വിവിധ ജില്ലകളിലെ രോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടപ്പോഴാണ് അധികൃതർ ചെള്ളുപനിയുള്ളതായി തിരിച്ചറിഞ്ഞത്. സാധാരണ നീണ്ട ഇടവേളക്കുശേഷം എത്തുന്ന അപൂർവരോഗത്തിന്റെ രോഗലക്ഷണങ്ങളും സ്വീകരിക്കേണ്ട മുൻകരുതലും ആരോഗ്യ വകുപ്പ് ഇറക്കാറുണ്ട്. ഇക്കാര്യത്തിൽ അതുണ്ടായില്ലെന്നതാണ് പ്രധാന വിമർശനം. മലയോര മേഖലകളിൽ വ്യാപകമായി കാണുന്ന ചെള്ളുപനി ജില്ലയിൽ എത്തിയതിന്റെ കാരണവും കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞവർഷം 400ൽപരം പേർക്കാണ് ചെള്ളുപനി പിടിപെട്ടത്.
ഇതിൽ ആറുപേർ മരിച്ചു. ചെള്ളുകടിയേറ്റാൽ 10 മുതൽ 12 ദിവസം വരെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടിയേറ്റ ഭാഗത്ത് ചുവന്ന പാടുകൾ രൂപപ്പെടും. പിന്നീട് കറുത്ത വ്രണമായി മാറും. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങൾ. വ്യക്തിശുചിത്വവും പരിസര ശുചിത്വവുമാണ് രോഗം വരാതിരിക്കാനുള്ള പോംവഴി. 'ഓറിയന്‍ഷ്യ സുത്സുഗമുഷി' ബാക്ടീരിയമൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് സ്ക്രബ് ടൈഫസ്. എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് കാണപ്പെടുന്നത്.
ഇവയിലെ കുഞ്ഞു ചെള്ളുകളുടെ കടിയേറ്റാല്‍ മനുഷ്യരിലേക്ക് പകരാം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും കര്‍ഷകരാണ്. 80 ശതമാനം കേസും ജൂലൈ മുതല്‍ നവംബര്‍ വരെയാണ് കണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

