Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരളേ! കരളിന്‍റെ കരളേ! കരൾദാനം: തെറ്റിദ്ധാരണയും സംശയങ്ങളും

text_fields
bookmark_border
ദാതാവിന് പിന്നീട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ? മുറിച്ചുമാറ്റിയ ഭാഗം വീണ്ടും വളരുമോ? ദാതാവിന്‍റെ ജീവിതം പഴയതുപോലെ മുന്നോട്ടുപോകുമോ?
കരളേ! കരളിന്‍റെ കരളേ! കരൾദാനം: തെറ്റിദ്ധാരണയും സംശയങ്ങളും
cancel

"എന്‍റെ കരളിന്‍റെ ഒരു ഭാഗം കൊടുത്താൽ എനിക്ക് പിന്നീട് ജീവിക്കാൻ കഴിയുമോ?" ‘‘ഞാൻ കരൾ കൊടുത്താൽ അയാൾ രക്ഷപ്പെടുമോ’’? പ്രിയപ്പെട്ട ഒരാൾ കരൾരോഗം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ നിൽക്കുമ്പോൾ കുടുംബാംഗങ്ങളുടെ മനസ്സിൽ ഉയരാവുന്ന ചോദ്യങ്ങളാണിത്. സ്വന്തം കരളിന്‍റെ ഒരു ഭാഗം നൽകി ആ ജീവൻ രക്ഷിക്കാനാകുമെങ്കിൽ അതിന് തയ്യാറായി മുന്നോട്ടുവരിക എന്നത്​ മഹത്തായ ഒരു മാതൃകയാണ്​. എന്നാൽ അത്തരമൊരു തീരുമാനത്തിലേക്ക് കടക്കുമ്പോൾ ഭയവും സംശയങ്ങളും സ്വാഭാവികമാണ്.കരളിന്‍റെ ഒരു ഭാഗം ദാനം ചെയ്താൽ ദാതാവിന് പിന്നീട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ? മുറിച്ചുമാറ്റിയ ഭാഗം വീണ്ടും വളരുമോ? ശസ്ത്രക്രിയ എത്രത്തോളം അപകടസാധ്യതയുള്ളതാണ്? ദാതാവിന്‍റെ ജീവിതം പഴയതുപോലെ മുന്നോട്ടുപോകുമോ?

കരൾ ദാനത്തെക്കുറിച്ച് കേട്ടിട്ടുള്ള പല കാര്യങ്ങളിലും സത്യമെന്താണ്? പ്രധാനപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും ലളിതമായി മനസ്സിലാക്കാം.

1. കരളിന്‍റെ ഒരു ഭാഗം കൊടുത്താൽ ദാതാവിന്‍റെ ആയുസ്സ് കുറയുമോ?

കരൾ ദാനത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആശങ്കകളിലൊന്നാണിത്. എന്നാൽ ആവശ്യമായ പരിശോധനകൾക്കുശേഷം ആരോഗ്യവാനാണെന്ന് കണ്ടെത്തുന്ന ഒരാൾക്ക് കരളിന്‍റെ ഒരു ഭാഗം ദാനം ചെയ്യാനും പിന്നീട് സാധാരണ ജീവിതം നയിക്കാനും കഴിയും എന്നതാണ്​ യാഥാർഥ്യം.എന്നാൽ ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവം, അണുബാധ, പിത്തരസച്ചോർച്ച, രക്തം കട്ടപിടിക്കൽ തുടങ്ങിയ സങ്കീർണതകൾ വളരെ അപൂർവമായി ഉണ്ടാകാം.അതുകൊണ്ടുതന്നെ ദാതാവിന്‍റെ ആരോഗ്യത്തിനാണ് ആദ്യ പരിഗണന നൽകുന്നത്. ദാനം സ്വീകരിക്കുന്നയാളുടെ ആവശ്യത്തേക്കാൾ ദാതാവിന്‍റെ സുരക്ഷക്ക്​ പ്രാധാന്യം നൽകിയാണ് അന്തിമ തീരുമാനമെടുക്കുന്നത്.

2. കരളിന്‍റെ ഒരു ഭാഗം കൊടുത്താൽ വീണ്ടും വളരുമോ?

അതെ. മനുഷ്യശരീരത്തിലെ പുനർവളർച്ചാശേഷിയുള്ള അവയവങ്ങളിൽ ഒന്നാണ് കരൾ. ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താൽ ശേഷിക്കുന്ന ഭാഗം വളർന്ന് ആവശ്യമായ വലിപ്പവും പ്രവർത്തനശേഷിയും വീണ്ടെടുക്കും.

ദാതാവിന്‍റെ ശരീരത്തിൽ ശേഷിക്കുന്ന കരളിനും സ്വീകരിക്കുന്നയാളിലേക്ക് മാറ്റിവെച്ച കരൾഭാഗത്തിനും ഈ വളർച്ചാശേഷിയുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽത്തന്നെ ഗണ്യമായ വളർച്ച സംഭവിക്കും. തുടർന്നുള്ള മാസങ്ങളിലും ഈ പ്രക്രിയ നടക്കും.എന്നാൽ മുറിച്ചുമാറ്റിയ അതേ ഭാഗം പഴയ രൂപത്തിൽ വീണ്ടും ഉണ്ടാകുന്നു എന്നല്ല ഇതിനർഥം. ശേഷിക്കുന്ന കരൾഭാഗം വലുതായി വളർന്ന് ആവശ്യമായ പ്രവർത്തനശേഷി വീണ്ടെടുക്കുകയാണ് ചെയ്യുന്നത്.

3. കരൾ ദാനം ചെയ്യാൻ ആർക്കും കഴിയുമോ?

ഇല്ല. കരൾ ദാനം ചെയ്യാൻ താൽപര്യമുണ്ടെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ദാതാവാകാൻ കഴിയില്ല. പ്രായം, ശാരീരിക ആരോഗ്യം, കരളിന്‍റെ വലിപ്പം, രക്തഗ്രൂപ്പ്, കരളിലെ കൊഴുപ്പിന്‍റെ അളവ്, രക്തക്കുഴലുകളുടെയും പിത്തനാളികളുടെയും ഘടന തുടങ്ങി പല കാര്യങ്ങളും പരിശോധിക്കും.

രക്തപരിശോധനകൾ, സ്കാനുകൾ, ഹൃദയപരിശോധനകൾ തുടങ്ങി വിശദമായ പരിശോധനകൾ നടത്തും. ദാതാവിന്‍റെ ശരീരത്തിൽ ആവശ്യത്തിന് കരൾഭാഗം ശേഷിക്കുന്നുണ്ടെന്നും സ്വീകരിക്കുന്നയാൾക്ക് ആവശ്യമായ അളവിൽ കരൾ ലഭിക്കുമെന്നും ഉറപ്പുവരുത്തണം.മാത്രമല്ല, കരൾദാനം പൂർണമായും ദാതാവിന്‍റെ സ്വന്തം താൽപര്യപ്രകാരമായിരിക്കണം. കുടുംബാംഗങ്ങളുടെയോ മറ്റുള്ളവരുടെയോ സമ്മർദം മൂലം ഒരാൾ ഈ തീരുമാനമെടുക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.

4. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ എളുപ്പമാണോ?

ഒരിക്കലുമല്ല. വളരെ സങ്കീർണവും സൂക്ഷ്മവുമായ ശസ്ത്രക്രിയയാണിത്. കരളിലേക്കുള്ള രക്തക്കുഴലുകൾ, പിത്തനാളികൾ എന്നിവയെല്ലാം കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.ജീവനുള്ള ഒരാൾ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിനും സ്വീകരിക്കുന്നയാൾക്കും പ്രത്യേകം ശസ്ത്രക്രിയകൾ നടത്തുന്നു. ദാതാവിന്റെ കരളിൽനിന്ന് അനുയോജ്യമായ ഭാഗം നീക്കംചെയ്യുന്നു. സ്വീകരിക്കുന്നയാളുടെ രോഗബാധിതമായ കരൾ നീക്കംചെയ്തശേഷം ദാതാവിൽനിന്ന് ലഭിച്ച കരൾഭാഗം ശരീരത്തിൽ ഘടിപ്പിക്കുന്നു.

രക്തക്കുഴലുകളും പിത്തനാളിയും കൃത്യമായി ബന്ധിപ്പിക്കേണ്ടതിനാൽ മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയയാണിത്. അതിനാൽ വിദഗ്ധരായ ട്രാൻസ്പ്ലാന്‍റ്​ സർജന്മാരും അനുബന്ധ മെഡിക്കൽ സംഘവും ആവശ്യമായ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് ഇതിനാവശ്യം.

5. ശസ്ത്രക്രിയ കഴിഞ്ഞാൽ ദാതാവിന് എത്ര ദിവസം വിശ്രമിക്കണം?

ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ആരോഗ്യനില തൃപ്തികരമാണെങ്കിൽ പിന്നീട് വീട്ടിലേക്ക് മടങ്ങാം. എന്നാൽ അവിടെനിന്ന് പൂർണമായി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കുറച്ചുകൂടി സമയം ആവശ്യമാണ്.

പലർക്കും ആറുമുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ജോലിയുൾപ്പെടെ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ സാധിക്കും. എന്നാൽ ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നവർക്ക് കൂടുതൽ സമയം വേണ്ടിവന്നേക്കാം.കൃത്യമായ വിശ്രമം, പോഷകസമൃദ്ധമായ ഭക്ഷണം, ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കൽ, തുടർപരിശോധനകൾ എന്നിവ പ്രധാനമാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെന്ന കാരണത്താൽ തുടർപരിശോധനകൾ ഒഴിവാക്കാനും പാടില്ല.

6. മരിച്ച വ്യക്തിയുടെ കരളും മറ്റൊരാൾക്ക് നൽകാനാകുമോ?

തീർച്ചയായും. ജീവനുള്ളവരിൽനിന്നുള്ള ദാനത്തിനു പുറമേ മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽനിന്നും കരൾ സ്വീകരിച്ച് മറ്റൊരാളിൽ മാറ്റിവെക്കാം.മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും തിരിച്ചുവരാനാകാത്ത വിധം നിലച്ചതായിരിക്കും. വെന്‍റിലേറ്റർ സഹായത്തോടെ ഹൃദയമിടിപ്പും രക്തചംക്രമണവും കുറച്ചുകാലം നിലനിർത്താൻ സാധിക്കും. ആവശ്യമായ നിയമപരവും വൈദ്യശാസ്ത്രപരവുമായ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന്‍റെ സമ്മതത്തോടെ അവയവദാനം നടത്താം.

ഇത്തരം സാഹചര്യങ്ങളിൽ കരൾ മുഴുവനായോ അനുയോജ്യമായ സാഹചര്യങ്ങളിൽ വിഭജിച്ചോ ഒന്നിലധികം സ്വീകർത്താക്കൾക്ക് ഉപയോഗിക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ ഹൃദയമിടിപ്പ് നിലച്ചതിനെത്തുടർന്ന് മരണം സ്ഥിരീകരിച്ച വ്യക്തികളിൽനിന്നും കരൾ സ്വീകരിക്കാറുണ്ട്.

7. എത്ര ഭാഗമാണ് ദാനം ചെയ്യുന്നത്?

ഇത് എല്ലാവരിലും ഒരുപോലെയല്ല. സ്വീകരിക്കുന്നയാളുടെ ശരീരവലിപ്പം, ആവശ്യമായ കരളിന്‍റെ അളവ്, ദാതാവിന്‍റെ കരൾ ഘടന എന്നിവ പരിഗണിച്ചാണ് തീരുമാനിക്കുന്നത്.ദാതാവിന്റെ ശരീരത്തിൽ ആവശ്യത്തിന് കരൾഭാഗം ശേഷിക്കണമെന്നും അത് ശരിയായി പ്രവർത്തിക്കാൻ കഴിയണമെന്നും ഉറപ്പുവരുത്തണം. സ്വീകരിക്കുന്നയാൾക്ക് ആവശ്യമായ അളവിൽ കരൾ ലഭിക്കുന്നതിനൊപ്പം ദാതാവിന്റെ സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

കരൾ അപകടത്തിലാണോ? ശരീരം കാണിക്കുന്ന ആദ്യ സൂചനകൾ

കരളിന് തകരാർ സംഭവിച്ചുതുടങ്ങുമ്പോൾ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ ഒന്നും പ്രകടമാകണമെന്നില്ല. അതുകൊണ്ടുതന്നെ പലരും രോഗാവസ്ഥ തിരിച്ചറിയാൻ വൈകാറുണ്ട്. എന്നാൽ ചില ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതമായ ക്ഷീണം: ആവശ്യത്തിന് വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.

വിശപ്പില്ലായ്മ: ഭക്ഷണം കഴിക്കാൻ താൽപര്യം കുറയുക, ഓക്കാനം, ഛർദി എന്നിവ ഉണ്ടാകാം.

വയറുവേദനയും വീക്കവും: പ്രത്യേകിച്ച് വലതുവശത്തെ മുകൾവയറിൽ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം. വയറ്റിൽ വെള്ളം കെട്ടുന്നതുമൂലം വയർ വീർക്കാനും സാധ്യതയുണ്ട്.

കണ്ണിലും ചർമത്തിലും മഞ്ഞനിറം: രക്തത്തിൽ ബിലിറൂബിൻ വർധിക്കുന്നതിനെത്തുടർന്ന് കണ്ണിന്റെ വെള്ളഭാഗത്തും ചർമത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം.

മൂത്രത്തിന് കടുംനിറം: മൂത്രത്തിന് സാധാരണയേക്കാൾ കടുത്ത മഞ്ഞയോ തവിട്ടുനിറമോ ഉണ്ടാകാം.

കാലുകളിൽ നീര്: കാലുകളിലും കണങ്കാലുകളിലും നീര് പ്രത്യക്ഷപ്പെടാം.

ചൊറിച്ചിൽ: വ്യക്തമായ കാരണമില്ലാതെ ശരീരത്തിൽ തുടർച്ചയായ ചൊറിച്ചിൽ അനുഭവപ്പെടാം.

ഇത്തരം ലക്ഷണങ്ങൾ കണ്ടാലും കരൾരോഗമാണെന്ന് സ്വയം തീരുമാനിക്കരുത്. മറ്റ് പല രോഗാവസ്ഥകളിലും ഇവ പ്രത്യക്ഷപ്പെടാം. എന്നാൽ ലക്ഷണങ്ങൾ തുടർന്നുനിൽക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തണം.

കരളിന് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴെല്ലാം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമില്ല. കരളിന്റെ പ്രവർത്തനം ഗുരുതരമായി തകരാറിലാകുകയും മരുന്നുകളും മറ്റ് ചികിത്സകളുംകൊണ്ട് രോഗാവസ്ഥ നിയന്ത്രിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് കരൾ മാറ്റിവെക്കൽ പരിഗണിക്കുന്നത്.

കരൾ മാറ്റിവെക്കൽ ആവശ്യമായേക്കാവുന്ന സാഹചര്യങ്ങൾ

അവസാനഘട്ട കരൾരോഗം: ദീർഘകാലമായി കരളിൽ ഉണ്ടാകുന്ന തകരാറുകൾ കരളിന്റെ പ്രവർത്തനശേഷി ഗുരുതരമായി കുറയ്ക്കുന്ന അവസ്ഥ.

ലിവർ സിറോസിസ്: കരളിലെ ആരോഗ്യകരമായ കോശങ്ങൾക്ക് പകരം മുറിവുപോലുള്ള കലകൾ രൂപപ്പെടുകയും കരളിന്റെ പ്രവർത്തനം തകരാറിലാകുകയും ചെയ്യുന്ന രോഗാവസ്ഥ. വൈറൽ ഹെപ്പറ്റൈറ്റിസ്, അമിത മദ്യപാനം, ഫാറ്റി ലിവർ രോഗം തുടങ്ങിയവ ഇതിന് കാരണമാകാം.

അക്യൂട്ട് ലിവർ ഫെയിലിയർ: നേരത്തേ കരൾരോഗമില്ലാത്ത ഒരാൾക്ക് പോലും പെട്ടെന്ന് ഗുരുതരമായ കരൾപ്രവർത്തന തകരാർ സംഭവിക്കാം. ചില മരുന്നുകളുടെ അമിത ഉപയോഗം, വിഷബാധ, വൈറൽ അണുബാധ തുടങ്ങിയവ കാരണമാകാം.

കരളിലെ ചില അർബുദങ്ങൾ: കരളിൽ അർബുദം ബാധിച്ച ചില രോഗികൾക്ക്, രോഗത്തിന്റെ വ്യാപ്തിയും മറ്റ് ആരോഗ്യഘടകങ്ങളും പരിഗണിച്ച് കരൾ മാറ്റിവെക്കാറുണ്ട്​.

കരൾ മാറ്റിവെക്കൽ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത് രോഗിയുടെ കരളിന്‍റെ പ്രവർത്തനം, രോഗതീവ്രത, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ്.

കരൾ ദാനം ചെയ്യുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ

  • ദാതാവിന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന. സ്വീകരിക്കുന്നയാൾക്ക് കരൾ ലഭിക്കണമെന്നതുകൊണ്ട് ദാതാവിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുത്.
  • ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും കൃത്യമായ പരിശോധനകൾ ആവശ്യമാണ്.
  • ശസ്ത്രക്രിയ കഴിഞ്ഞാലും ഡോക്ടറുടെ തുടർനിരീക്ഷണം പ്രധാനമാണ്.
  • ശാരീരികമായ വീണ്ടെടുക്കലിനൊപ്പം മാനസികമായ പിന്തുണയും ദാതാവിന് ആവശ്യമാണ്.
  • മറ്റൊരു ജീവിതത്തിന് തുടർച്ച നൽകൽ

കരൾ ദാനം എന്നത് കേൾക്കുമ്പോൾ വലിയൊരു ശസ്ത്രക്രിയയെക്കുറിച്ചുള്ള ചിന്തയും ഭയവുമൊക്കെ മനസ്സിലുണ്ടാകാം. എന്നാൽ അതിനപ്പുറം മറ്റൊരു മനുഷ്യന്റെ ജീവിതത്തിന് പ്രതീക്ഷ നൽകുന്ന വലിയൊരു സാധ്യത കൂടിയാണത്.

സ്വന്തം കരളിന്റെ ഒരു ഭാഗം നൽകി പ്രിയപ്പെട്ട ഒരാൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവസരം നൽകുക എന്നത് ചെറിയൊരു കാര്യമല്ല. അതേസമയം, സ്നേഹത്തിന്റെ പേരിൽ സ്വന്തം ആരോഗ്യവും സുരക്ഷയും അവഗണിക്കേണ്ടതുമില്ല.ആവശ്യമായ വൈദ്യപരിശോധനകൾക്കുശേഷവും ദാതാവിന്റെ പൂർണ സമ്മതത്തോടെ എടുക്കുന്ന തീരുമാനമായിരിക്കണം അത്.

disclaimer: ഈ ലേഖനം പൊതുവായ ആരോഗ്യാവബോധത്തിനുള്ളതാണ്. കരൾ ദാനത്തിനുള്ള യോഗ്യത, ശസ്ത്രക്രിയയുടെ അപകടസാധ്യതകൾ, വീണ്ടെടുക്കൽ സമയം എന്നിവ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. തീരുമാനങ്ങൾക്കായി കരൾ മാറ്റിവെക്കൽ വിദഗ്ധരുടെ നിർദേശം തേടുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story