പരിമിതികൾ തടസ്സമായില്ല; 75 കാരിയുടെ വയറ്റിലെ 3.5 കി.ഗ്രാം ഭാരമുള്ള മുഴ നീക്കി
text_fieldsപെരിന്തൽമണ്ണ: സർക്കാർ ആശുപത്രികളിലെ പോരായ്മകൾ ഇടക്കിടെ വാർത്തകളിലിടം പിടിക്കുമ്പോൾ പരിമിതമായ സൗകര്യങ്ങളിൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ടായ ശ്രമത്തിൽ 75 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വയറ്റിൽനിന്ന് മൂന്നര കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്തു. ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ ശ്രമഫലമായാണ് സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
വയറ്റിൽ ഗ്യാസിന്റെ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയ 75 കാരിയായ സ്ത്രീക്ക് സ്കാനിങിലൂടെയാണ് 21 സെ.മീ നീളവും 20 സെ.മീ വീതിയുമുള്ള മുഴയുണ്ടെന്ന് കണ്ടുപിടിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു. പ്രഷറും പ്രമേഹവും ശ്വാസം മുട്ടലും ഉള്ള വയോധികക്ക് അനസ്തീഷ്യയും വെല്ലുവിളിയായി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെയും അനസ്തീഷ്യ വിഭാഗത്തിലെയും ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓപറേഷൻ തിയറ്ററിലെ നഴ്സിങ് വിഭാഗത്തിന്റെയും ടെക്നീഷ്യന്മാരുടെയും പിന്തുണയോടെയാണ് സർജറി സാധ്യമാക്കിയത്.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ. റസീന, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. എ.കെ. റഊഫ്, ഡോ. സലീന, ഡോ. രഞ്ജിത എന്നിവരും നഴ്‌സിങ് ഓഫിസർമാരായ സൗമ്യ, ഉമ്മുൽഹൈറ, നാസിഫ് എന്നിവർ നേതൃത്വം നൽകി. രണ്ടു വർഷം മുമ്പ് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഓർത്തോ വിഭാഗം വയോധികക്ക് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

