വീര്യം കുറഞ്ഞ മദ്യം: കേൾക്കുമ്പോൾ ലാഘവമാണ്, പക്ഷേ നിശബ്ദ കൊലയാളിയാണ്; പുതുതലമുറയുടെ ജീവിതം ചർച്ചചെയ്യൂ...
text_fieldsകോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ വ്യാപനം ഭാവിതലമുറയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം സർക്കാർ ഇതിനെ ഗൗരവത്തോടെ കാണണമെന്നും ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രിക് റീഹാബിലിറ്റേഷൻ ഡയറക്ടർ ഡോ. പി.എൻ. സുരേഷ് കുമാർ. ഈ വിഷയത്തിലുള്ള ചർച്ചകൾ ആ നിലയിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ആരോപണങ്ങളും പോർവിളികളും രൂക്ഷമായിരിക്കുകയാണ്. നിർഭാഗ്യവശാൽ ഈ പദ്ധതി സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ചല്ല, മറിച്ച് മദ്യനിർമ്മാണക്കമ്പനിയുമായി ആദ്യം കരാറുണ്ടാക്കിയത് ആരാണ്..? പദ്ധതി വിഭാവനം ചെയ്തത് ആരാണ്..? അതിനുപിന്നിലെ അഴിമതി തുടങ്ങിയ വിഷയങ്ങളുയർത്തിയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോരടിക്കുന്നത്. ഒരു ഭാഗത്ത് സർക്കാർ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ലഹരിക്കെതിരെ കൊടുങ്കാറ്റ് അഴിച്ചു വിടുമ്പോൾ മറുഭാഗത്ത് ലഹരിയെ പ്രോൽസാഹിപ്പിക്കുന്ന നയങ്ങളും കൊണ്ടുവരുമ്പോൾ പൊതുജനം ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത് എന്നകാര്യത്തിൽ സംശയിച്ചു പോകും എന്നതിൽ തർക്കമില്ല.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പിതൃത്വത്തെ ചെല്ലിയുള്ള ഇത്തരം വാദകോലാഹലങ്ങൾക്കിടയിൽ പൊതുസമൂഹം മറന്നുപോകുന്ന മറ്റു ഗുരുതരമായ ഭീഷണികളുണ്ട്. അത് നമ്മുടെ പുതുതലമുറയുടെയും ഭാവിതലമുറകളുടെയും ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ്.
സത്യത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാറ്റിവെച്ച് വീര്യം കുറഞ്ഞ മദ്യത്തിന്റെ വ്യാപനം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളും വിശകലനങ്ങളുമാണ് നടത്തേണ്ടത്. എന്നാൽ എന്തൊക്കെ പറഞ്ഞാലും പുതിയ നീക്കം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവതലമുറയെ മദ്യപാന ശീലത്തിലേക്ക് കൂടുതൽ ആഴത്തിൽ തള്ളിവിടുമെന്നതാണ് യാഥാർഥ്യം.
ഇതിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
1. ലഹരിയിലേക്കുള്ള പ്രവേശന കവാടം
'ലിക്വർ ഡീഫ്ലൊറേഷൻ' (Liquor Defloration) എന്ന് ഈ രംഗത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്ന ഒന്നാണ് ഇക്കാര്യത്തിൽ ആദ്യത്തെ ഭീഷണി.
ആദ്യമായി ഒരു വ്യക്തി മദ്യം രുചിച്ചുനോക്കുന്നതിനെയാണ് ശാസ്ത്രീയമായി 'ലിക്വർ ഡീഫ്ലൊറേഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. വീര്യം കുറഞ്ഞ മദ്യങ്ങളാവട്ടെ ചവർപ്പും കയ്പും കുറഞ്ഞതും താരതമ്യേന ആസ്വാദ്യകരമായ രുചികളിൽ ലഭ്യമാകുന്നതുമാണ്. അതുകൊണ്ടുതന്നെ കൗമാരക്കാരും വിദ്യാർത്ഥികളും ഇത് വെറുമൊരു സാധാരണ പാനീയമെന്ന നിലയിൽ പരീക്ഷിക്കാൻ സാധ്യതയേറെയാണ്. മദ്യത്തോടുള്ള ഭയവും വിമുഖതയും ഇല്ലാതാക്കാൻ ഇത് ഇടയാക്കുകയും വീര്യം കുറഞ്ഞ മദ്യം ഒരു 'ഗേറ്റ്‌വേ' (Gateway) അഥവാ പ്രവേശന കവാടമായി പ്രവർത്തിക്കുകയും ചെയ്യും.
2. ശരീരത്തിന്‍റെ പ്രതികരണശേഷി ഇല്ലാതാവുന്നു
വീര്യം കുറഞ്ഞ മദ്യം ഒരു തമാശയ്ക്ക് തുടങ്ങുകയും പിന്നീട് തുടർച്ചയായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ശരീരത്തിന് ആ മദ്യത്തിന്‍റെ അളവിനോട് പൊരുത്തപ്പെടാനുള്ള ശേഷി കൈവരുന്നു. ഇതിനെയാണ് 'ആൽക്കഹോൾ ടോളറൻസ്' (Alcohol Tolerance) എന്നു പറയുന്നത്. ഇതിന്‍റെ ഫലമായി കാലക്രമേണ, ആദ്യമുണ്ടായിരുന്ന ലഹരിയോ അനുഭൂതിയോ ലഭിക്കാൻ ആ വ്യക്തി കൂടുതൽ അളവിൽ മദ്യം കഴിക്കേണ്ടി വരുന്നു. ഇതോടെ വീര്യം കുറഞ്ഞ മദ്യത്തിൽ നിന്ന് വ്യക്തികൾ ക്രമേണ വീര്യം കൂടിയ മദ്യങ്ങളിലേക്ക് നയിക്കപ്പെടുന്നു.
3. അടിമത്തത്തിലേക്ക് നയിക്കും
നിരന്തരമായി ഇത്തരം വീര്യം കുറഞ്ഞ മദ്യം കഴിക്കുകവഴി ടോളറൻസ് വർദ്ധിക്കുന്നതോടെ ശരീരം മദ്യത്തിന് പൂർണ്ണമായി അടിമപ്പെടുന്ന അവസ്ഥയുണ്ടാവും. ഇതിനെ 'ആൽക്കഹോൾ ഡിപെൻഡൻസ്'(Alcohol Dependence) എന്ന് പറയുന്നു. ഇത് വ്യക്തിയെ മദ്യമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും. മാനസികവും ശാരീരികവുമായ അവസ്ഥയാണിത്. ഇതോടെ വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യതിയാനങ്ങളുണ്ടാവുകയും മദ്യം ലഭിക്കുന്നതിനായി എന്തും ചെയ്യാൻ മടിക്കാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യും. തുടർന്ന് പണത്തിന് വേണ്ടി മോഷണം, പിടിച്ചുപറി, ഗുണ്ടായിസം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യും. കൗമാരക്കാരായ വിദ്യാർത്ഥികളിൽ ഇത് പഠനത്തെ ബാധിക്കുകയും ഭാവിയെത്തന്നെ ഇരുട്ടിലാക്കുകയും ചെയ്യും.
പ്രത്യാഘാതങ്ങൾ
നമ്മുടെ സംസ്ഥാനത്തിന്‍റെ വ്യത്യസ്ഥമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ മദ്യത്തിന്‍റെ അമിതവും വ്യാപകവുമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസവും താരതമ്യേന മികച്ച ജീവിതനിലവാരവുമുള്ള ജനതയായിട്ടും മദ്യപാനാസക്തി വലിയതോതിൽതന്നെ സംസ്ഥാനത്ത് കാണാനാവും. ഇതാവട്ടെ ഗുരുതരമായ ശാരീരിക-മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
1. ശാരീരിക പ്രശ്നങ്ങൾ
മദ്യത്തിന്‍റെ അമിതമായതും തുടർച്ചയായതുമായ ഉപയോഗം കാരണം കരൾ രോഗങ്ങൾ, പാൻക്രിയാറ്റൈറ്റിസ്, ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവക്ക് സാധ്യതയേറെയാണ്. കൂടാതെ ആമാശയം, തൊണ്ട, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്കും മദ്യപാനം ഒരു പ്രധാന കാരണമാണ്. ഇതിനെല്ലാം പുറമെ മദ്യം ശരീരത്തിലെ അവശ്യ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നു. ഫലത്തിൽ ഒരു മദ്യപാനിയുടെ ശരീരം നിരവധിയായ രോഗങ്ങളുടെ ഒരു കേന്ദ്രമായി മാറുന്നു.
2. മാനസിക പ്രശ്നങ്ങൾ
വിഷാദരോഗം (Depression), കടുത്ത ഉത്കണ്ഠ (Anxiety), മാനസികാവസ്ഥയിൽ പെട്ടെന്നുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ മദ്യാസക്തിയുള്ളവരിൽ വ്യാപകമാണ്. ലഹരി അടിമത്തം ബാധിച്ചവരാവാട്ടെ മദ്യം ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന കൈവിറയൽ, ഉറക്കമില്ലായ്മ, അമിത ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇരയാവുകയും ഇവ വ്യക്തികളെ മാനസികമായി തകർക്കുകയും ചെയ്യുന്നു. മദ്യപാനികളിൽ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയാണ് മറ്റൊരു ഭീഷണി. കേരളത്തിലെ ആത്മഹത്യകളിൽ വലിയൊരു ശതമാനത്തിനും പിന്നിൽ മദ്യാസക്തിയും അത് സൃഷ്ടിക്കുന്ന കുടുംബ തകർച്ചകളുമാണെന്നത് ഒരു സത്യമാണ്.
3. സാമ്പത്തിക പ്രശ്നങ്ങൾ
വരുമാനത്തിന്‍റെ വലിയൊരു പങ്ക് മദ്യത്തിനായി ചെലവഴിക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം, ദൈനംദിന ഭക്ഷണം, വസ്ത്രം, ആരോഗ്യപരിപാലനം എന്നിവയ്ക്കുള്ള പണം ഇല്ലാതാകുന്നു. ഇതിന് പുറമെയാണ് മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി കുടുംബങ്ങൾ കടക്കെണിയിലാവുന്ന അവസ്ഥ. ഇതിനായി പലർക്കും സ്വത്തുക്കൾ വിറ്റഴിക്കേണ്ടി വരുന്നു. മദ്യപാനം മൂലം ജോലിക്ക് ഹാജരാകാതിരിക്കലും ജോലി നഷ്ടവും ശാരീരിക ക്ഷമതക്കുറവും വ്യക്തികളുടെ വരുമാനത്തെയും സംസ്ഥാനത്തിന്‍റെ പൊതുവായ ഉത്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു.
4. സാമൂഹിക പ്രശ്നങ്ങൾ
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ വലിയൊരളവിൽ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടുവരുന്നുണ്ട്. സ്ത്രീപീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന വില്ലനും പലപ്പോഴും മദ്യപാനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങളും സംസ്ഥാനത്ത് വളരെ കൂടുതലാണ്.
വീര്യം കുറഞ്ഞ മദ്യമെന്ന പ്രയോഗം കേൾക്കുമ്പോൾ ലാഘവമുള്ളതായി തോന്നുമെങ്കിലും, അത് യുവതലമുറയെ മദ്യപാനത്തിന്‍റെ മാറാരോഗത്തിലേക്ക് നയിക്കുന്ന ഒരു നിശബ്ദകൊലയാളിയാണ്. വരുമാനത്തേക്കാൾ വലുത് നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ ആരോഗ്യവും ഭാവിയുമാണെന്ന് തിരിച്ചറിഞ്ഞ്, ഇത്തരം നയങ്ങളിൽ നിന്ന് സർക്കാർ നിർബന്ധമായും പിന്മാറേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

