Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഭയം വേണ്ട ജാഗ്രത മതി;...

ഭയം വേണ്ട ജാഗ്രത മതി; കുഷ്ഠരോഗികൾക്കൊപ്പം താമസിച്ചാൽ രോഗം പകരുമോ?

text_fields
bookmark_border
ഭയം വേണ്ട ജാഗ്രത മതി; കുഷ്ഠരോഗികൾക്കൊപ്പം   താമസിച്ചാൽ രോഗം പകരുമോ?
cancel

സമൂഹത്തിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ‘അശ്വമേധം 7.0’ കാമ്പയിൻ എല്ലാ ജില്ലകളിലും ബുധനാഴ്ച തുടക്കമാകും. ജനുവരി 20 വരെ നീണ്ടുനിൽക്കുന്ന ഭവന സന്ദർശന പരിപാടിയിലൂടെ രണ്ടാഴ്ചക്കാലം തീവ്രമായ രോഗനിർണയ പ്രവർത്തനങ്ങളാണ് നടക്കുക. കുട്ടികളിൽ കുഷ്ഠരോഗം വർധിക്കുന്നത് മുതിർന്നവരിൽ രോഗം തിരിച്ചറിയാതെ പോകുന്നതിന്റെ സൂചനയാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നടപ്പ് സാമ്പത്തിക വർഷം (2025 ഏപ്രിൽ മുതൽ) തൃശൂർ ജില്ലയിൽ മാത്രം 21 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേർ കുട്ടികളാണ് എന്നത് ഗൗരവകരമാണ്. ഈ സാഹചര്യത്തിൽ കുഷ്ഠരോഗത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

എന്താണ് കുഷ്ഠരോഗം

കുഷ്ഠരോഗം (Leprosy) അഥവാ ഹാൻസെൻസ് ഡിസീസ് (Hansen's Disease) എന്നത് ബാക്ടീരിയ മൂലമുണ്ടാകുന്ന പടരുന്ന ഒരു രോഗമാണ്. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരാശിയെ വേട്ടയാടുന്ന ഈ രോഗത്തെക്കുറിച്ച് ഇന്നും സമൂഹത്തിൽ പല തെറ്റിദ്ധാരണകളുമുണ്ട്. 'മൈക്കോബാക്ടീരിയം ലെപ്രേ'എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. രോഗബാധിതനായ ഒരാൾ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പുറത്തുവരുന്ന കണങ്ങളിലൂടെ ശ്വസനപ്രക്രിയ വഴി ഇത് മറ്റൊരാളിലേക്ക് പകരാം. എന്നാൽ ഇത് പെട്ടെന്ന് പകരുന്ന ഒരു രോഗമല്ല. രോഗിയുമായി ദീർഘകാലം അടുത്തിടപഴകുന്നവർക്ക് മാത്രമേ രോഗസാധ്യതയുള്ളൂ.

ലക്ഷണങ്ങൾ

  • കുഷ്ഠരോഗം പ്രധാനമായും ചർമത്തെയും നാഡികളെയുമാണ് ബാധിക്കുന്നത്.
  • നിറം മാറ്റം: ചർമത്തിൽ കാണപ്പെടുന്ന വെളുത്തതോ ചുവന്നതോ ആയ പാടുകൾ
  • തരിപ്പ്: ഈ പാടുകളിൽ സ്പർശനമോ, ചൂടോ, വേദനയോ അനുഭവപ്പെടില്ല എന്നതാണ് പ്രധാന ലക്ഷണം
  • നാഡീവീക്കം: കൈകാലുകളിലെ നാഡികൾ തടിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുക
  • ബലക്കുറവ്: കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കൈകാലുകൾക്ക് ബലക്കുറവ് ഉണ്ടാവുകയും അംഗവൈകല്യത്തിന് കാരണമാവുകയും ചെയ്യാം
  • വേദനയില്ലാത്ത വ്രണങ്ങൾ: കൈകാലുകളിൽ വേദനയില്ലാത്ത മുറിവുകൾ ഉണ്ടാവുകയും അവ ഉണങ്ങാൻ താമസമെടുക്കുകയും ചെയ്യുക.
  • കണ്ണിലെ പ്രശ്നങ്ങൾ: കൺപോളകൾ പൂർണ്ണമായി അടക്കാൻ ബുദ്ധിമുട്ട് തോന്നുക

കുഞ്ഞുങ്ങൾക്കും രോഗം വരാം

കുഞ്ഞുങ്ങൾക്കും കുഷ്ഠരോഗം വരാം. വാസ്തവത്തിൽ, മുതിർന്നവരേക്കാൾ വേഗത്തിൽ കുഞ്ഞുങ്ങളിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. കുഷ്ഠരോഗം ബാധിച്ച, എന്നാൽ ചികിത്സ തേടാത്ത ഒരാളുമായി (പ്രത്യേകിച്ച് വീട്ടിലുള്ളവർ) ദീർഘകാലം അടുത്തിടപഴകുന്നതിലൂടെയാണ് കുട്ടികളിലേക്ക് രോഗം പകരുന്നത്. കുട്ടികളുടെ പ്രതിരോധശേഷി മുതിർന്നവരേക്കാൾ കുറവായതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

ചികിത്സിച്ച് മാറ്റാം

കുഷ്ഠരോഗം ഇന്ന് പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്ന ഒരു രോഗമാണ്. വൈദ്യശാസ്ത്രരംഗത്തെ പുരോഗതിയോടെ ഇത് മറ്റ് സാധാരണ രോഗങ്ങളെപ്പോലെ തന്നെ ലളിതമായി ചികിത്സിച്ചു മാറ്റാം.

മൾട്ടി ഡ്രഗ് തെറാപ്പി (MDT)

കുഷ്ഠരോഗത്തിന് നിലവിൽ നൽകി വരുന്ന ഏറ്റവും ഫലപ്രദമായ ചികിത്സയാണിത്. ഒന്നിലധികം മരുന്നുകളുടെ മിശ്രിതമാണ് ഇതിൽ ഉപയോഗിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇന്ത്യയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ മരുന്നുകൾ സൗജന്യമായി ലഭ്യമാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് 6 മാസം മുതൽ 12 മാസം വരെയാണ് മരുന്ന് കഴിക്കേണ്ടി വരിക.

ചികിത്സ എപ്പോൾ തുടങ്ങണം?

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ (നിറം മങ്ങിയ പാടുകൾ, തരിപ്പ്) കണ്ടാലുടൻ ചികിത്സ തുടങ്ങണം. നേരത്തെ ചികിത്സ തുടങ്ങിയാൽ അംഗവൈകല്യങ്ങൾ ഉണ്ടാകുന്നത് പൂർണ്ണമായും തടയാം. ചികിത്സ ആരംഭിച്ച് ആദ്യത്തെ ഡോസ് കഴിക്കുന്നതോടെ തന്നെ രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് ബാക്ടീരിയ പകരുന്നത് നിൽക്കും.

പ്രധാന ഘട്ടങ്ങൾ

ചർമ പരിശോധനയിലൂടെയും ചിലപ്പോൾ ലളിതമായ ലാബ് ടെസ്റ്റിലൂടെയും രോഗം സ്ഥിരീകരിക്കാൻ പറ്റും. ഡോക്ടർ നിർദേശിച്ച കാലാവധി വരെ മരുന്ന് മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമാണ്. പകുതിക്ക് വെച്ച് നിർത്തിയാൽ രോഗം വീണ്ടും വരാൻ സാധ്യതയുണ്ട്. നാഡികൾക്ക് ബലക്കുറവോ മുറിവുകളോ ഉണ്ടെങ്കിൽ പ്രത്യേക ഫിസിയോതെറാപ്പിയും പരിചരണവും നൽകും. വൈകല്യങ്ങൾ സംഭവിച്ചവർക്ക് ശസ്ത്രക്രിയയിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും അവ പരിഹരിക്കാനുള്ള സൗകര്യങ്ങൾ പ്രധാന സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HealthLeprosyBacterial InfectionHealth Alert
News Summary - leprosy is curable‍?
Next Story