Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightന്യൂയോർക്കിൽ ഭീതി...

ന്യൂയോർക്കിൽ ഭീതി വിതച്ച് ലിജിയോണെയർസ് രോഗബാധ: 4 മരണം, രോഗബാധിതർ 76 കടന്നു

text_fields
bookmark_border
ന്യൂയോർക്കിൽ ഭീതി വിതച്ച് ലിജിയോണെയർസ് രോഗബാധ: 4 മരണം, രോഗബാധിതർ 76 കടന്നു
cancel

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ ലിജിയോണെയർസ് രോഗബാധ പടർന്നുപിടിക്കുന്നത് ആശങ്ക പടർത്തുന്നു. നിലവിൽ 76 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 4 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡ് പ്രദേശങ്ങളായ കാർനെഗി ഹിൽ, യോർക്ക്വില്ല് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച് രോഗബാധിതരായ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവർ ചികിത്സക്ക് ശേഷം രോഗമുക്തി നേടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുതിയ രോഗികളാരും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവന് തന്നെ ഈ ശ്വാസകോശ രോഗം ഭീഷണിയാകും.

പ്രദേശത്തെ കെട്ടിടങ്ങളിലെ കൂളിങ് ടവറുകൾ, വലിയ എയർ കണ്ടീഷനിങ് സിസ്റ്റങ്ങൾ, മറ്റ് ജലവിതരണ ശൃംഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുന്നത്. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.

ലിജിയോണെയർസ് രോഗം

'ലിജിയോനെല്ല' (Legionella) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ലിജിയോണെയർസ് രോഗം. സാധാരണ ജലദോഷത്തിനോ പനിക്കോ കാരണമാകുന്ന വൈറസുകളിൽ നിന്ന് വ്യത്യസ്തമായി, ചെറുചൂടുള്ള വെള്ളത്തിൽ തഴച്ചുവളരുന്ന ബാക്ടീരിയകളാണ് ഈ രോഗത്തിന് കാരണം.

തടാകങ്ങളിലും പുഴകളിലും ഇവ സ്വാഭാവികമായി കാണപ്പെടാറുണ്ടെങ്കിലും, മനുഷ്യനിർമിതമായ ജലവിതരണ ശൃംഖലകളിൽ ഇവ പെരുകുമ്പോഴാണ് ആരോഗ്യഭീഷണിയാകുന്നത്. വലിയ കെട്ടിടങ്ങളിലെ കൂളിങ് ടവറുകൾ, സെൻട്രലൈസ്ഡ് എയർ കണ്ടീഷനിങ് യൂണിറ്റുകൾ, ഹോട്ട് ടബ്ബുകൾ, സ്പാകൾ, അലങ്കാര വാട്ടർ ഫൗണ്ടനുകൾ എന്നിവയിലൊക്കെ ഈ ബാക്ടീരിയകൾ വേഗത്തിൽ വളരുന്നു:

രോഗം പകരുന്നത് എങ്ങനെ?

ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാൽ, ലിജിയോനെല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്ന ജലബാഷ്പമോ ചെറിയ ജലകണികകളോ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് രോഗബാധയുണ്ടാകുന്നത്. രോഗബാധിത പ്രദേശങ്ങളിൽ കുടിവെള്ളത്തിലൂടെയോ കുളിക്കുന്നതിലൂടെയോ രോഗം പകരില്ലെന്നും പൈപ്പ് വെള്ളവും വീടുകളിലെ സാധാരണ എയർ കണ്ടീഷണറുകളും ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന ലക്ഷണങ്ങൾ

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 14 ദിവസത്തിനകം (ചിലപ്പോൾ അതിൽ കൂടുതൽ) ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, ശരീരം വിറയൽ, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ശക്തമായ പേശീവേദനയും ശരീരവേദനയും,കഠിനമായ തലവേദന, അമിതമായ തളർച്ച, ഛർദ്ദി, വയറിളക്കം, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ ന്യൂമോണിയ അല്ലെങ്കിൽ ഫ്ലൂ ലക്ഷണങ്ങളുമായി ഇതിന് വലിയ സാദൃശ്യമുള്ളതിനാൽ, കടുത്ത പനിക്കൊപ്പം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

അപകടസാധ്യത കൂടുതൽ ആർക്ക്?

ആരോഗ്യമുള്ള ഏത് വ്യക്തിയെയും രോഗം ബാധിക്കാമെങ്കിലും, ചില വിഭാഗങ്ങളിൽപ്പെട്ടവർക്ക് അണുബാധ തീവ്രമാകാനുള്ള സാധ്യത കൂടുതലാണ്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പുകവലിക്കുന്നവരും പുകവലി ഉപേക്ഷിച്ചവരും, സി.ഒ.പി.ഡി (COPD) പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ രോഗമുള്ളവർ, കാൻസർ ചികിത്സയിലുള്ളവർ, അവയവം മാറ്റിവെച്ചവർ, എച്ച്.ഐ.വി ബാധിതർ, പ്രമേഹം, വൃക്കരോഗം, കരൾ രോഗം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് അപകടസാധ്യത കൂടുതലാണ്.

രോഗം ഗുരുതരമായാൽ

തുടക്കത്തിൽ തന്നെ ചികിത്സ ലഭിച്ചില്ലെങ്കിൽ ലിജിയോണെയർസ് രോഗം അതീവ ഗുരുതരമായേക്കാം. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലക്കുക, സെപ്റ്റിക് ഷോക്ക്, വൃക്കകളുടെ പ്രവർത്തനം തകരാറിലാകുക, അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുക എന്നിവക്ക് ഇത് കാരണമാകാം. എന്നാൽ, ആദ്യഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തി കൃത്യമായ ആന്റിബയോട്ടിക് ചികിത്സ നൽകിയാൽ രോഗിയെ പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കും.

പ്രതിരോധ മാർഗ്ഗങ്ങൾ

നിലവിൽ ലിജിയോണെയർസ് രോഗത്തിനെതിരെ വാക്സിനുകൾ ലഭ്യമല്ല. അതിനാൽ മുൻകരുതലുകളാണ് പ്രധാനം. കൂളിങ് ടവറുകൾ, വലിയ പ്ലംബിംഗ് സിസ്റ്റങ്ങൾ, ഹോട്ട് ടബ്ബുകൾ, ഷവറുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. കെട്ടിടങ്ങളിലെ ജലസംഭരണികളിൽ വെള്ളം ദീർഘകാലം കെട്ടിനിൽക്കാതെ നോക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health AlertLung diseasebacterial pneumoniaHealth Newsrespiratory infection
News Summary - Legionnaires' Outbreak Strikes New York City
Next Story